കാൻബറ: ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോൺ (52) അന്തരിച്ചു. തായ്ലൻഡിലെ വീട്ടിൽവച്ചായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിവരം. വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ രണ്ടാമത്തെ താരമാണ്.

തായ്ലൻഡിൽ വച്ചാണ് വോണിന്റെ മരണമെന്ന് രാജ്യാന്തര മാധ്യമമായ ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു. വോണിന്റെ മരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതേയുള്ളൂ. ഓസ്ട്രേലിയക്കായി 1992-2007 കാലഘട്ടത്തിൽ 145 ടെസ്റ്റും 194 ഏകദിനങ്ങളും ഷെയ്ൻ വോൺ കളിച്ചിട്ടുണ്ട്. ലെഗ് സ്പിൻ കൊണ്ട് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച താരമായിരുന്നു ഷെയ്ൻ വോൺ. ടെസ്റ്റ് വിക്കറ്റ് നേട്ടത്തിൽ മുത്തയ്യ മുരളീധരന് പിന്നിൽ രണ്ടാം സ്ഥാനത്താണ് വോൺ

തായ്ലൻഡിലെ കോ സാമുയിയിലെ വീട്ടിൽ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് വോണിന്റെ മാനേജ്മെന്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഉടൻ തന്നെ മെഡിക്കൽ സംഘം വിദഗ്ധ ചികിത്സ നൽകിയെങ്കിലും ഫലമുണ്ടായില്ലെന്നും പ്രസ്താവനയിൽ പറയുന്നു.

എക്കാലത്തെയും മികച്ച സ്പിന്നർമാരിൽ ഒരാളായാണ് ഷെയ്ൻ വോൺ വിലയിരുത്തപ്പെടുന്നത്. വോൺ-സച്ചിൻ, വോൺ-ലാറ പോരാട്ടം അക്കാലത്ത് വിഖ്യാതമായിരുന്നു. ടെസ്റ്റിൽ 145 മത്സരങ്ങളിൽ 2.65 ഇക്കോണമിയിൽ 708 വിക്കറ്റും 194 ഏകദിനങ്ങളിൽ 4.25 ഇക്കോണമിയിൽ 293 വിക്കറ്റും വോണിന്റെ പേരിലുണ്ട്. ടെസ്റ്റിൽ 37 തവണ അഞ്ച് വിക്കറ്റ് നേട്ടവും 10 തവണ രണ്ടിങ്സിലുമായി 10 വിക്കറ്റ് നേട്ടവും വോൺ പേരിലാക്കി.

ഏകദിനത്തിൽ ഒരു തവണയാണ് അഞ്ച് വിക്കറ്റ് പിഴുതത്. ടെസ്റ്റിൽ 3154 റൺസും ഏകദിനത്തിൽ 1018 റൺസും നേടി. ട്വന്റി-20യിൽ 73 മത്സരങ്ങളിൽ നിന്ന് 70 വിക്കറ്റും നേടി. 15 വർഷത്തോളം അന്താരാഷ്ട്ര ക്രിക്കറ്റിൽ തിളങ്ങിനിന്ന താരമായിരുന്നു വോൺ. മത്സരങ്ങളിൽനിന്ന് വിരമിച്ച ശേഷം കമന്ററേറ്ററായും ക്രിക്കറ്റ് ലോകത്ത് സജീവമായി.

ഇന്ത്യയിലും വലിയ ആരാധകവ്യൂഹം വോണിനുണ്ടായിരുന്നു. ഐപിഎല്ലിൽ 55 മത്സരങ്ങളിൽ 57 വിക്കറ്റ് വീഴ്‌ത്തി. ഐപിഎല്ലിന്റെ പ്രഥമ സീസണിൽ രാജസ്ഥാൻ റോയൽസിനെ അപ്രതീക്ഷിത കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റനായിരുന്നു ഷെയ്ൻ വോൺ. പിന്നീട് ടീമിന്റെ ഉപദേശക സ്ഥാനവും വഹിച്ചു ഇതിഹാസ താരം.