- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ റഷ്യൻ കൾച്ചറൽ സെന്ററിന് മുന്നിൽ യുദ്ധവിരുദ്ധ സംഗമം നടത്തി
തിരുവനന്തപുരം: 'റഷ്യയുടെ ഉക്രൈൻ അധിനിവേശം അവസാനിപ്പിക്കുക' എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി തിരുവനന്തപുരം റഷ്യൻ കൾച്ചറൽ സെന്ററിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. റഷ്യൻ കൾച്ചറൽ സെന്ററിന് മുന്നിൽ പൊലീസ് മാർച്ച് തടഞ്ഞു. യുദ്ധവിരുദ്ധ സംഗമം എന്ന പേരിൽ നടന്ന പ്രതിഷേധ പരിപാടി വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ. എ ഷെഫീഖ് ഉദ്ഘാടനം ചെയ്തു. സൈനിക ശക്തിയിൽ മറ്റ് രാജ്യങ്ങളുടെ മുന്നേറ്റം അനുവദിക്കില്ലെന്ന ഏകപക്ഷീയമായ തീരുമാനത്തിന്റെ ഭാഗമായാണ് റഷ്യ അക്രമം അഴിച്ചു വിടുന്നതെന്ന് കെ. എ ഷെഫീഖ് പറഞ്ഞു.
യുദ്ധം പോലുള്ള മഹാ വിനാശകരമായ സംഭവങ്ങളോട് എന്നും ശക്തമായി നിലകൊണ്ടു സംസ്ഥാനമാണ് കേരളം. എന്നാൽ ഇപ്പോൾ നടക്കുന്ന സംഭവങ്ങളോട് തികഞ്ഞ നിസ്സംഗത പുലർത്തുകയാണ് കേരളത്തിലെ വ്യത്യസ്ത സാമൂഹിക - രാഷ്ട്രീയ സംഘടനകൾ ചെയ്യുന്നത്. ആർജ്ജവത്തോടെ നിലപാട് വ്യക്തമാക്കാനും യുദ്ധവിരുദ്ധ ചേരിയിൽ നിലകൊള്ളാനും സംഘടനകൾക്ക് കഴിയണം.
ലോകാടിസ്ഥാനത്തിൽ തന്നെ വലിയ നഷ്ടങ്ങൾ സംഭവിക്കുന്ന ദുരന്തത്തിലേക്കാണ് റഷ്യ - യുക്രൈൻ യുദ്ധം എത്തിനിൽക്കുന്നത്. പത്തുലക്ഷത്തിലേറെ ജനങ്ങളുടെ പലായനത്തിന് ഈ യുദ്ധം കാരണമായിട്ടുണ്ട്. ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി പ്രതിസന്ധിയിലാക്കുകയും ലോകജനതയ്ക്ക് തന്നെ സമാനതകളില്ലാത്ത ദാരിദ്ര്യം സമ്മാനിക്കുകയുമാണ് അധിനിവേശം നടക്കുന്നത്. റഷ്യയുടെ അധിനിവേശ ശ്രമങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുകയാണ്.
റഷ്യയുടെ ഏകപക്ഷീയമായ അധിനിവേശത്തിനെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നു വരണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡണ്ട് എൻ.എം അൻസാരി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മെഹബൂബ് പൂവാർ, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി ആദിൽ അബ്ദുൽ റഹിം തുടങ്ങിയവർ സംസാരിച്ചു. കോർപ്പറേഷൻ സെക്രട്ടറി സൈഫുദ്ദീൻ പരുത്തിക്കുഴി സ്വാഗതവും ഷാജി അട്ടക്കുളങ്ങര നന്ദിയും പറഞ്ഞു.