മനാമ: എടിഎം മെഷീന് തീയിട്ട കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ നാലു പേർക്ക് ബഹ്റൈൻ മേജർ കോടതി തടവുശിക്ഷ വിധിച്ചു. ഭീകരപ്രവർത്തന കുറ്റം ചുമത്തിയാണ് ഇവർക്ക് ശിക്ഷ വിധിച്ചത്. കേസിലെ മുഖ്യപ്രതിക്ക് 15 വർഷം തടവുശിക്ഷയാണ് വിധിച്ചിരിക്കുന്നത്. കൂടാതെ 100,000 ബഹ്റൈൻ ദിനാർ പിഴയും അടയ്ക്കണമെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗൾഫ് ന്യൂസ്' റിപ്പോർട്ട് ചെയ്തു.

കൂട്ടുപ്രതികളായ മൂന്നു പേർക്ക് 10 വർഷം തടവുശിക്ഷയാണ് വിധിച്ചത്. ഇവർ യഥാക്രമം മൂന്നു വർഷവും ആറുമാസവും ശിക്ഷ അനുഭവിക്കണം. കഴിഞ്ഞ സെപ്റ്റംബറിലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. പ്രതികൾ എടിഎം മെഷീന് മുമ്പിൽ കാറിന്റെ ടയറുകൾ വെച്ച ശേഷം പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. അൽ ദൈർ ഏരിയയിലാണ് സംഭവം ഉണ്ടായത്. തുടർന്ന് പ്രതികൾ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.

മുഖ്യപ്രതിയുടെ നേതൃത്വത്തിൽ മറ്റ് കൂട്ടാളികളും ചേർന്ന് മനഃപൂർവ്വം നടത്തിയ കൃത്യമാണിതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. മുഖ്യപ്രതിക്ക് ബഹ്റൈന് പുറത്ത് ഭീകരരുമായി ബന്ധമുള്ളതായും രാജ്യത്തെ ആക്രമണണങ്ങൾക്കും മറ്റ് കുറ്റകൃത്യങ്ങൾക്കുമായി സാമ്പത്തിക സഹായം വാങ്ങിയിരുന്നതായും കണ്ടെത്തി. അറസ്റ്റിലായ മുഖ്യപ്രതി കുറ്റം സമ്മതിച്ചിരുന്നു. ഭീകരരുമായുള്ള ബന്ധവും ഇവരിൽ നിന്ന് പണം വാങ്ങിയതും ഇയാൾ സമ്മതിച്ചു.