സിഡ്നി: ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോണിന്റെ മരണത്തിന് പിന്നിലെ ദുരൂഹത നീക്കാൻ അന്വേഷണം തുടരുന്നു. റിസോട്ടുകൾക്കും ബംഗ്ലാവുകൾക്കും പേരുകേട്ട ദ്വീപായ തായ്ലൻഡിലെ കോ സമുയിലെ തന്റെ സ്വന്തം വില്ലയിലായിരുന്നു വോണിന്റെ മരണം. തന്റെ നാല് സുഹൃത്തുക്കൾക്കൊപ്പം അവധിക്കാലം ചിലവഴിക്കാനാണ് വോൺ കാ സമുയിയിലെത്തിയതെന്നാണ് തായ് പൊലീസ് വ്യക്തമാക്കുന്നത്.

എന്നാൽ ശരീരഭാരം കുറയ്ക്കാനുള്ള ചികിത്സക്കാണ് വോൺ കോ സമുയയിലെത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അഞ്ചു ദിവസം മുമ്പ് ഇതുസംബന്ധിച്ച ഒരു ചിത്രം തന്റെ ഇൻസ്റ്റഗ്രാം പേജിൽ ഓസീസ് താരം പങ്കുവെച്ചിരുന്നു. തന്റെ പഴയകാല ചിത്രം പങ്കുവെച്ച് 'വീണ്ടും ഇതു പോലെയാകണം' എന്നാണ് വോൺ കുറിച്ചത്.

'ഓപ്പറേഷൻ ഷ്രെഡ് ആരംഭിച്ചുകഴിഞ്ഞു. ജൂലൈ മാസത്തോടെ തന്റെ പഴയകാല രൂപത്തിലേക്ക് തിരിച്ചുവരികയാണ് ലക്ഷ്യം.' മാർച്ച് ഒന്നിന് വോൺ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. താരത്തിന്റെ അവസാന ഇൻസ്റ്റാ പോസ്റ്റും ഇതു തന്നെയാണ്.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കോവിഡ് ബാധിതനായിരുന്ന വോണിന് അതിന്റെ സങ്കീർണതകളുമുണ്ടായിരുന്നെന്ന് റിപ്പോർട്ടിൽ പറയുന്നു. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച ശേഷമാണ് ഓസീസ് താരത്തിന് കോവിഡ് ബാധിച്ചത്. കടുത്ത തലവേദനയും പനിയും സഹിക്കാൻ കഴിഞ്ഞില്ലെന്ന് വോൺ പിന്നീട് വ്യക്തമാക്കിയിരുന്നു. വേദന സഹിക്കാനാകാതെ നാല് ദിവസത്തോളം വെന്റിലേറ്ററിലും കഴിഞ്ഞിരുന്നു. ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ അലട്ടിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

അതിനിടെ ആഷസ് പരമ്പരയ്ക്കുശേഷം ഔദ്യോഗിക തിരക്കുകൾ മാറ്റിവച്ചാണ് മൂന്നു മാസം വിശ്രമിക്കാനുള്ള തീരുമാനത്തിൽ എത്തിയത്. അവധിക്കാലം ചെലവിടാനാണ് ഷെയ്ൻ വോൺ തായ്ലൻഡിലെത്തിയതെന്ന് അദ്ദേഹത്തിന്റെ മാനേജർ ജയിംസ് എർസ്‌കിൻ വെളിപ്പെടുത്തി. നാലു സുഹൃത്തുക്കൾക്കൊപ്പമായിരുന്നു വോണിന്റെ തായ്ലൻഡ് സന്ദർശനം. തായ്‌ലൻഡിലെത്തി ഒരു ദിവസം പിന്നിടും മുൻപേ വോൺ മരണത്തിനു കീഴടങ്ങിയെന്നാണ് ജയിംസ് എർസ്‌കിൻ പറയുന്നത്.

മരിക്കുന്നതിന്റെ തൊട്ടു തലേന്നാണ് വോണും സംഘവും തായ്‌ലൻഡിലെത്തിയതെന്ന് എർസ്‌കിൻ വ്യക്തമാക്കി. പിറ്റേന്ന് അഞ്ച് മണിക്കു പുറത്തുപോകാമെന്ന് സുഹൃത്തുക്കളോട് പറഞ്ഞശേഷമാണ് വോൺ സ്വന്തം റൂമിലേക്കു പോയത്. എന്നാൽ, 5.15 ആയിട്ടും പുറത്തു കാണാത്തതിനെ തുടർന്ന് അന്വേഷിച്ചു ചെന്നുവെന്ന് എർസ്‌കിൻ പറഞ്ഞു.

'വേഗം വരൂ, സമയം വൈകി' എന്ന് പറഞ്ഞ് സുഹൃത്തുക്കളിലൊരാൾ വോണിന്റെ മുറിയുടെ വാതിലിൽ മുട്ടി. എന്നിട്ടും തുറക്കാതെ വന്നതോടെ അരുതാത്തതെന്തോ സംഭവിച്ചുവെന്ന് തോന്നി. വാതിൽ തള്ളിത്തുറന്ന് അകത്തു ചെന്നപ്പോൾ ബോധമില്ലാതെ നിലത്തു കിടക്കുകയായിരുന്നു വോൺ. ഉടൻ തന്നെ സിപിആർ കൊടുത്തെങ്കിലും ഫലമുണ്ടായില്ല' എർസ്‌കിൻ വിശദീകരിക്കുന്നു.

ഹൃദയാഘാതത്തെ തുടർന്നുള്ള മരണമെന്നാണ് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നത്. ജെയിംസ് എർസ്‌കൈനും ആൻഡ്രൂ നിയോഫിറ്റോയും ഷെയ്ൻ വോണിനെ ഹോട്ടൽ മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ നിമിഷം പൊലീസിനോട് വെളിപ്പെടുത്തി.

'അബോധാവസ്ഥയിൽ കണ്ടെത്തിയ അവനെ മറിച്ചിട്ട് സിപിആറും കൃത്രിമശ്വാസവും കൊടുത്തു, അത് ഏകദേശം 20 മിനിറ്റ് നീണ്ടുനിന്നു, തുടർന്ന് ആംബുലൻസ് വന്നു. അവനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി, അത് ഏകദേശം 20 മിനിറ്റ് ഡ്രൈവ് ഉള്ളതായിരുന്നു. അവൻ മരിച്ചുവെന്ന് അറിയിച്ചു.' എർസ്‌കിൻ പറയുന്നു.

മരണത്തിൽ സംശയാസ്പദമായ സാഹചര്യങ്ങളൊന്നും ഉള്ളതായി കണ്ടെത്തിയിട്ടില്ലെന്നാണ് തായ് പൊലീസ് പറയുന്നത്. ക്രിക്കറ്റ് ഇതിഹാസത്തിന്റെ മൃതദേഹം മെൽബണിലേക്ക് തിരികെ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾക്കായി ഓസ്ട്രേലിയൻ കോൺസുലേറ്റ് ഉദ്യോഗസ്ഥർ കോ സാമുയിയിൽ പൂർത്തീകരിച്ച് വരികയാണ്.

വോണിന്റെ വെബ്സൈറ്റ് നടത്തുന്ന ഗാരെത് എഡ്വേർഡ്സ്, വില്ലാസിന്റെ ജനറൽ മാനേജരായ വോണിന്റെ സുഹൃത്ത് ജോൺ ഡോപെർ എന്നിവർക്കൊപ്പമാണ് വോൺ അവിടെ എത്തിയത്.