കീവ്: വെടിനിർത്തൽ പ്രഖ്യാപനം ലംഘിച്ച് യുക്രൈൻ നഗരമായ മരിയുപോളിൽ റഷ്യ രൂക്ഷ ഷെല്ലാക്രമണം തുടരുന്നുവെന്ന് യുക്രൈൻ അധികൃതർ. ജനങ്ങളെ കൂട്ടത്തോടെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള ശ്രമം തടസ്സപ്പെട്ടെന്ന് യുക്രൈൻ ഡപ്യൂട്ടി മേയർ ആരോപിച്ചു. ആളുകളെ ഒഴിപ്പിക്കുന്നതിനായി ഒരു ഇടനാഴി നിലവിൽ ഇല്ലെന്നാണ് ആരോപിക്കുന്നത്. തുടർച്ചയായ ബോംബാക്രമണം കാരണം ഒഴിപ്പിക്കൽ നടപടി നിർത്തിവെച്ചതായി അധികൃതർ അറിയിച്ചു.

ഒഴിപ്പിക്കൽ പാതയിൽ ഷെല്ലാക്രമണം ശക്തമെന്നാണ് ഡെപ്യൂട്ടി മേയർ ആരോപിക്കുന്നത്. അധിനിവേശത്തിന്റെ ഭാഗമായി മരിയുപോളിൽ വൈദ്യുതി, ഭക്ഷണം, വെള്ളം, ഗതാഗതം എന്നിവയെല്ലാം വിലക്കിയിരിക്കുകയാണ്. റഷ്യൻ സൈന്യം ആക്രമണം തുടരുന്നതിനാലാണ് തീരുമാനം.

ഷെല്ലിങ് നിർത്താത്ത ഇടത്ത് എങ്ങനെ ആളുകൾ പുറത്തിറങ്ങുമെന്ന് മരിയുപോൾ മേയർ ചോദിച്ചു. എന്നാൽ മാനുഷിക ഇടനാഴി സുരക്ഷിതമാണെന്നും ഒഴിപ്പിക്കൽ മനപ്പൂർവം തടസ്സപ്പെടുത്തുകയാണ് യുക്രൈനെന്നും റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലവ്‌റോവ് കുറ്റപ്പെടുത്തി.



അസോവ കടൽ തീരത്തെ മരിയോപോളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാനാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. എന്നാൽ മാനുഷിക ഇടനാഴിയിൽ റഷ്യ ആക്രമണം തുടരുന്നതിനാൽ ഒഴിപ്പിക്കൽ യുക്രൈൻ നിർത്തിവെച്ചു. മനപ്പൂർവം ഒഴിപ്പിക്കൽ വൈകിപ്പിക്കുകയാണ് യുക്രൈനെന്നാണ് റഷ്യൻ ആരോപണം.

ക്രിമിയക്കും വിമത മേഖലയായ ഡോൺബാസിനുമിടയിൽ അസോവ കടൽ തീരത്ത് റഷ്യക്ക് തടസ്സം മരിയുപോൾ നഗരമാണ്. അത് മുഴുവനായി പിടിച്ചെടുക്കാനാണ് ആക്രമണം ശക്തമാക്കി റഷ്യൻ മുന്നേറ്റം. നാലര ലക്ഷത്തോളം പേർ താമസിക്കുന്ന മരിയുപോളിൽ നിന്നും ഡോൺബാസിനോട് ചേർന്ന വോൾനോവാഖയിൽ നിന്നും ആളുകളെ ഒഴിപ്പിക്കാനാണ് പ്രാദേശിക സമയം രാവിലെ പത്ത് മണിക്ക് താത്കാലിക വെടിനിർത്തൽ റഷ്യ പ്രഖ്യാപിച്ചത്. ആറ് മണിക്കൂർ നേരത്തേക്കാണ് വെടിനിർത്തൽ. മാനുഷിക ഇടനാഴിയിലൂടെ പരമാവധിപേരെ ഒഴിപ്പിക്കാമെന്നും നിർദ്ദേശം വന്നു.

എന്നാൽ റഷ്യ വാക്കുപാലിച്ചില്ലെന്നാണ് യുക്രൈൻ വാദം. മരിയുപോളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കേണ്ട സാപ്രോഷ്യ നഗരത്തിനിടയിൽ പലയിടത്തും റഷ്യൻ ആക്രമണം തുടരുകയാണ്. ഷെല്ലിങ് നിർത്താത്ത ഇടത്ത് എങ്ങനെ ആളുകൾ പുറത്തിറങ്ങുമെന്ന് മരിയുപോൾ മേയർ ചോദിച്ചു. എന്നാൽ മാനുഷിക ഇടനാഴി സുരക്ഷിതമാണെന്നും ഒഴിപ്പിക്കൽ മനപ്പൂർവം തടസ്സപ്പെടുത്തുകയാണ് യുക്രൈനെന്നും റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലവ്‌റോവ് കുറ്റപ്പെടുത്തി.

മരിയുപോളിലും വോൾനോവഹയിലും യുക്രൈൻ അധികൃതർ ആളുകളെ ഒഴിഞ്ഞുപോകാൻ അനുവദിക്കാതെ തടഞ്ഞുനിർത്തിയിരിക്കുന്നു എന്നാണ് റഷ്യൻ വിദേശകാര്യ മന്ത്രാലയം പറയുന്നത്.

കാർകീവിൽ വിദേശ വിദ്യാർത്ഥികളെയും യുക്രൈൻ സൈന്യം മനുഷ്യകവചമായി നിർത്തിയിരിക്കുകയാണെന്ന് റഷ്യൻ വിദേശകാര്യമന്ത്രി ആരോപിച്ചു. ഇവിടെ 1500 ഓളം ഇന്ത്യൻ വിദ്യാർത്ഥകളടക്കം 1755 വിദേശികളെ യുക്രൈൻ തടഞ്ഞുവെച്ചിരിക്കുകയാണെന്നാണ് റഷ്യൻ പ്രതിരോധ മന്ത്രാലയം പറയുന്നത്. സുമിയിൽ നിന്ന് 20 പാക്കിസ്ഥാനി വിദ്യാർത്ഥികൾ റഷ്യൻ അതിർത്തിയിലേക്ക് പോകാൻ ശ്രമിച്ചപ്പോൾ യുക്രൈൻ സൈന്യം അവരെ മർദിച്ചതായും റഷ്യ ആരോപിച്ചു.



റഷ്യൻ ആക്രമണത്തിൽ യുക്രൈൻ വിടുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്. യുക്രൈനിൽ നിന്നുള്ള അഭയാർഥികളുടെ എണ്ണം ക്രമാതീതമാകുന്നെന്ന് പോളണ്ട് ആശങ്ക അറിയിച്ചു. അതേ സമയം ജീവനും കൈയിൽ പിടിച്ച് അതിർത്തി കടന്ന് എത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ ഇന്ത്യൻ എബംസി ഉദ്യോഗസ്ഥർ സ്വീകരിക്കുന്നത് യുക്രെയ്ൻ -പോളണ്ട് അതിർത്തി നഗരമായ ജെഷോയിൽ ആണ്. അതിർത്തി കടന്ന് എത്തുന്ന വിദ്യാർത്ഥികളെ ബസുകളിലും മറ്റും പ്രസിഡൻക്യ എന്ന ഹോട്ടലിൽ പാർപ്പിക്കും ചില വിദ്യാർത്ഥികൾ സ്വന്തം നിലയിലും ഇവിടേക്ക് എത്തുന്നു. ഇവിടെ ഒന്നോ രണ്ടോ ദിവസം തങ്ങിയ ശേഷമാണ് വിദ്യാർത്ഥികൾ ഓപ്പറേഷൻ ഗംഗയുടെ ഭാഗമായുള്ള വിമാനങ്ങളിൽ ഇന്ത്യയിലേക്ക് മടങ്ങുന്നത്.

സുരക്ഷിതസ്ഥാനത്തേക്ക് എത്തുന്നതിന്റെ ആശ്വാസം വിദ്യാർത്ഥികൾക്കുണ്ടെങ്കിലും അതിർത്തിക്ക് അപ്പുറം കുടുങ്ങിയവരെക്കുറിച്ചുള്ള കൂട്ടുകാരെപ്പറ്റി എല്ലാവർക്കും ആശങ്കയുണ്ട്. വളരെ കഷ്ടപ്പാടുകളും അപകടങ്ങളും താണ്ടിയാണ് വിദ്യാർത്ഥികൾ പലരും ഹോളണ്ടിലേക്ക് എത്തുന്നത്. വെടിവെപ്പിനും ബോംബിംഗിനും ഷെല്ലാക്രമണത്തിനും ഇടയിലൂടെ ജീവനും പിടിച്ചുള്ള യാത്രയുടെ ആഘാതം പല വിദ്യാർത്ഥികളേയും തളർത്തി.

ഭക്ഷണവും വെള്ളവും ഇല്ലാതെ വലിയ കഷ്ടപ്പെട്ടും കടുത്ത തണുപ്പിനെ അതിജീവിച്ചുമാണ് പലരും അതിർത്തിക്ക് ഇപ്പുറം എത്തിയത്. അതിർത്തി കടക്കാൻ എംബസിയിൽ നിന്നും യാതൊരു സഹായവും ലഭിച്ചില്ലെന്ന് പലരും പരാതിപ്പെട്ടു. ഖർഖീവിലെ റെയിൽവേ സ്റ്റേഷനിൽ വച്ച് ഇന്ത്യൻ വിദ്യാർത്ഥികളോട് യുക്രൈൻ പൗരന്മാർ പലരും മോശമായി പെരുമാറിയെന്നും ട്രെയിൻ കയറാൻ അനുവദിച്ചില്ലെന്നും വിദ്യാർത്ഥികൾ പറഞ്ഞു. യുദ്ധത്തിൽ ഇന്ത്യ യുക്രൈനെ പിന്തുണച്ചില്ലെന്നതിന്റെ പേരിലും പല വിദ്യാർത്ഥികൾക്കും മോശം യുക്രൈൻ പൗരന്മാരിൽ നിന്നും മോശം പെരുമാറ്റം നേരിടേണ്ടി വന്നു. കുടിവെള്ളവിതരണവും വൈദ്യുതി വിതരണവും പലയിടത്തും മുടങ്ങിയിരുന്നുവെന്നും മഞ്ഞു വെള്ളമാക്കിയാണ് ദാഹം മാറ്റിയതെന്നും ചില വിദ്യാർത്ഥികൾ പറഞ്ഞു.

യുക്രൈനിലെ താൽകാലിക വെടിനിർത്തൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ ഒഴിപ്പിക്കലിൽ ഫലപ്രദമാകില്ലെന്ന് വിദേശകാര്യമന്ത്രാലയം. കിഴക്കന്മേഖലകളിൽ വെടിനിർത്തലിനുള്ള ശ്രമം തുടരുകയാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. റോമേനിയിലെ ഒരു വിമാനത്താവളത്തിൽ നിന്നു കൂടി ഒഴിപ്പിക്കൽ നടപടികൾ തുടങ്ങാൻ ധാരണയായിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

സുമിയിലും കാർകീവിലും ചെർണിഹീവിലുമെല്ലാം ആക്രമണം തുടരുകയാണ്. റഷ്യൻ നിയന്ത്രണത്തിലായ കേഴ്‌സനിലും മെലിറ്റോപോളിലും സൈന്യത്തിനെതിരെ യുക്രൈൻ ജനത തെരുവിലിറങ്ങി. യുദ്ധത്തിന്റെ പത്താംനാൾ കീവ് - കർകീവ് കേന്ദ്രീകരിച്ചായിരുന്നു റഷ്യൻ ആക്രമണം. കീവിൽ വ്യോമാക്രമണം നടന്നതായി കീവ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. യുക്രൈൻ വിട്ടോടിയവരുടെ സംഖ്യ പത്ത് ലക്ഷം കടന്നിട്ടുണ്ട്. നാട് വിട്ട് പലായനം ചെയ്യേണ്ടി വന്നവർക്ക് വൈകാതെ തിരിച്ചുവരാനാകുമെന്നാണ് പ്രസിഡന്റ് സെലൻസ്‌കിയുടെ ശുഭാപ്തി വിശ്വാസം.

റഷ്യക്കെതിരെ നാറ്റോ രാജ്യങ്ങൾ നോ ഫ്‌ളൈ സോൺ ഏർപ്പെടുത്തണമെന്ന യുക്രൈൻ ആവശ്യം ഇന്നലെ അംഗരാജ്യങ്ങൾ തള്ളിയിരുന്നു. യുക്രൈനിൽ ഇനിയുണ്ടാകുന്നു എല്ലാ മരണങ്ങൾക്കും ഉത്തരവാദി നാറ്റോ ആയിരിക്കുമെന്നും സെലൻസ്‌കി പറഞ്ഞു. നാറ്റോ റഷ്യ ഏറ്റുമുട്ടലാണ് സെലൻസ്‌കിയുടെ ആഗ്രഹമെന്നാണ് റഷ്യൻ മറുപടി.

റഷ്യയുടെ ആക്രമണം യൂറോപ്പിന്റെ സുരക്ഷയ്ക്കുമേലുള്ള ആക്രമണമാണെന്ന് യുഎസ് പ്രതികരിച്ചു. ബിബിസി, സിഎൻഎൻ, ബ്ലൂംബെർഗ് എന്നീ വാർത്താ ചാനലുകളുടെ റഷ്യയിലെ പ്രവർത്തനം നിർത്തി.

അതിനിടെ, വ്യോമനിരോധന മേഖല പ്രഖ്യാപിക്കാത്ത നാറ്റോ സഖ്യത്തിനെതിരെ യുക്രൈൻ രംഗത്തെത്തി. റഷ്യയുടെ വ്യോമാക്രമണത്തിന് നാറ്റോ പച്ചക്കൊടി കാണിക്കുന്നുവെന്ന് പ്രസിഡന്റ് വൊളോഡിമർ സെലെൻസ്‌കി ആരോപിച്ചു. യുക്രൈനിൽ ആളുകൾ കൊല്ലപ്പെടാനുള്ള കാരണം നാറ്റോ രാജ്യങ്ങളുടെ ഏകോപനമില്ലായ്മയാണെന്നും സെലെൻസ്‌കി പറഞ്ഞു.