ന്യൂഡൽഹി: മോദി സർക്കാരിന്റെ തിരഞ്ഞെടുപ്പ് ഓഫർ അവസാനിക്കാൻ പോകുകയാണെന്നും ഉടൻ തന്നെ വാഹനങ്ങളിൽ ഇന്ധനം ഫുൾ ടാങ്ക് അടിക്കണമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് അവസാനിക്കുന്നതോടെ രാജ്യത്ത് ഇന്ധന വില വർധിപ്പിക്കുമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് രാഹുലിന്റെ പരിഹാസം.

'പെട്രോൾ ടാങ്ക് ഉടൻ നിറയ്ക്കുക, മോദി സർക്കാരിന്റെ തിരഞ്ഞെടുപ്പ് ഓഫർ അവസാനിക്കാൻ പോകുന്നു' രാഹുൽ ട്വീറ്റ് ചെയ്തു.

റഷ്യയുടെ യുക്രൈൻ അധിനിവേശത്തിന് പിന്നാലെ ആഗോള തലത്തിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നിരുന്നു. എന്നാൽ ഇന്ധന വിലക്കയറ്റം ഇന്ത്യൻ വിപണിയിൽ നിലവിൽ ബാധിച്ചിരുന്നില്ല. തിരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് ഇന്ധന വില ഉയരാത്തതെന്നാണ് വിലയിരുത്തപ്പെടുന്നത്.

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് മാർച്ച് ഏഴോടെ അവസാനിക്കും. മാർച്ച് പത്തിനാണ് ഫലം പുറത്ത് വരിക. മാർച്ച് ഏഴിന് ശേഷം രാജ്യത്ത് ഇന്ധന വില വർധനവുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്.

രാജ്യത്ത് എണ്ണ വില റെക്കോർഡ് ഉയരത്തിലെത്തിയതിന് ശേഷം സർക്കാർ വാറ്റ് വെട്ടികുറച്ചിരുന്നു. ശേഷം നാല് മാസത്തോളമായി രാജ്യത്തെ എണ്ണ വില മാറ്റമില്ലാതെ തുടരുകയാണ്.