അസംഗഢ്: ഉത്തർപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട പോളിങ്ങിന് തൊട്ടുമുമ്പ് ബിജെപിക്ക് തിരിച്ചടി. ബിജെപി എംപി റിത ബഹുഗുണ ജോഷിയുടെ മകൻ മായങ്ക് ജോഷി സമാജ് വാദി പാർട്ടിയിൽ ചേർന്നു. എസ്‌പി അധ്യക്ഷൻ അഖിലേഷ് യാദവാണ് അസംഗഢിലെ റാലിക്കിടെ ഇക്കാര്യം വ്യക്തമാക്കിയത്.

'ബിജെപി എംപി റിത ബഹുഗുണ ജോഷിയുടെ മകൻ മായങ്ക് ജോഷി ഇന്ന് സമാജ്വാദി പാർട്ടിയിൽ ചേർന്നെന്ന് അഖിലേഷ് വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പിൽ മകന് ലഖ്‌നൗ കന്റോൺമെന്റ് സീറ്റിൽ നിന്ന് മത്സരിക്കാൻ സീറ്റ് നൽകണമെന്ന് റിത ബഹുഗുണ ജോഷി നേൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. മകന് ടിക്കറ്റ് ലഭിച്ചില്ലെങ്കിൽ എംപി സ്ഥാനം രാജിവെക്കുമെന്നും അവർ മുന്നറിയിപ്പ് നൽകിയിരുന്നു.

എന്നാൽ, മകന് ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്ന് പാർട്ടി തീരുമാനത്തെ മാനിക്കുന്നുവെന്നും അവർ പറഞ്ഞു. 2017 ലെ തിരഞ്ഞെടുപ്പിൽ റിത ബഹുഗുണ ജോഷി ലഖ്‌നൗ കന്റോൺമെന്റ് സീറ്റിൽ നിന്ന് എസ്‌പി സ്ഥാനാർത്ഥി അപർണ യാദവിനെ പരാജയപ്പെടുത്തിയിരുന്നു. ഏഴിനാണ് യുപി തെരഞ്ഞെടുപ്പ് അവസാനഘട്ട പോളിങ്. 10നാണ് ഫലപ്രഖ്യാപനം.