കുവൈത്ത് സിറ്റി: ദേശീയ പതാകയെ അപമാനിച്ച കുറ്റത്തിന് കുവൈത്തിൽ യുവതി അറസ്റ്റിലായി ഇക്കഴിഞ്ഞ ദേശീയ ദിനാഘോഷങ്ങൾക്കിടെ മൃഗത്തിന്റെ ശരീരത്തിൽ ദേശീയ പതാക പുതപ്പിച്ചതിനാണ് നടപടിയെന്ന് ഗൾഫ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പതാകയെ അപമാനിച്ച വനിതയ്‌ക്കെതിരെ നടപടിയെടുത്തതായി അധികൃതർ അറിയിച്ചു.

ദേശീയ ദിനാഘോഷങ്ങളുടെ പേരിൽ നടക്കുന്ന അതിരുവിട്ട പ്രവൃത്തികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നേരത്തെ തന്നെ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.

കുവൈത്തിന്റെയോ സുഹൃദ് രാജ്യങ്ങളുടെയോ ദേശീയ പതാകകളെ അപമാനിക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്നത് രാജ്യത്ത് ജയിൽ ശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. 250 ദിനാർ വരെ (അറുപതിനായിരത്തിലധികം ഇന്ത്യൻ രൂപ) ഇങ്ങനെ പിഴ ലഭിക്കും. ഇത്തരം പ്രവൃത്തികൾ നിയമ നടപടികളിലേക്ക് വഴിതെളിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.