- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതുമോടിയിൽ പയ്യാമ്പലം അണിഞ്ഞൊരുങ്ങി; സീപാത്ത് വേയും സീവ്യൂപാർക്കും തുറക്കുന്നു

കണ്ണൂർ: കടലിന്റെ ഇരമ്പവും മൂളിയെത്തുന്ന കാറ്റിന്റെ തണുപ്പും രാത്രിയിൽ മിഴി തുറക്കുന്ന ആകാശം തൊടുന്ന ലൈറ്റ് ഹൗസിന്റെ ദീപപ്രകാശം മേഘങ്ങൾക്കിടയിൽ കണ്ടു കൺമിഴിക്കാനും ഇനി പയ്യാമ്പലം സീവ്യൂപാർക്കിലേക്ക് വരാം. പുതുമോടിയോടെ വിനോദസഞ്ചാരികളെ വരവേൽക്കാൻ ഒരുങ്ങുകയാണ് പയ്യാമ്പലം ഗസ്റ്റ് ഹൗസിന് സമീപത്തെ സീപാത്ത് വേയും സീവ്യൂ പാർക്കും.
കോവിഡ് മഹാമാരിയെ തുടർന്ന് കഴിഞ്ഞ രണ്ടുവർഷമായി പാർക്ക് അടഞ്ഞു കിടക്കുകയായിരുന്നു. അടുത്ത കാലത്താണ് ഇതിന്റെ നവീകരണമാരംഭിച്ചത്. അഞ്ചുലക്ഷം രൂപയാണ് സംസ്ഥാന ടൂറിസം വകുപ്പ് ഇതിനായി തുക വകയിരുത്തിയത്. ഇതോടെ ജില്ലാടൂറിസം പ്രമോഷൻ കൗൺസിൽ ഈ സീസണിൽ തന്നെ സീവ്യു പാർക്കും പാത്ത്വേയും തുറന്നുകൊടുക്കാനുള്ള അറ്റക്കുറ്റപണികൾ തുടങ്ങി.
നവീകരണത്തിന്റെ ഭാഗമായി അതിമനോഹരമാക്കിയിട്ടുണ്ട് സീവ്യൂ പാർക്ക്. പുതിയ ടിക്കറ്റ് കൗണ്ടർ, ടോയ്ലറ്റ് ബ്ലോക്ക്, കിയോസ്‌ക്, സ്‌കൾപ്ച്ചർ , ചെസ് ബോർഡ്, ലൈറ്റിങ് സിറ്റിംങ്, വാർളി പെയിന്റിങിസ്, ടോയ്ലെറ്റ് ഡസ്റ്റ് ബിൻ സൗകര്യങ്ങളാണ് ഇപ്പോൾ ഒരുക്കിയിട്ടുള്ളത്. കുട്ടികൾക്കും മുതിർന്നവർക്കും കളിക്കാനും വിനോദങ്ങളിൽ ഏർപ്പെടാനും പ്രത്യേക കളിയുപകരണങ്ങൾ, വിവിധ ജന്തുജാലങ്ങളുടെ പ്രതിമകൾ, പാർക്ക് ബെഞ്ചിൽ കൂട്ടിരിപ്പിനായി സ്ത്രീ-പുരുഷ പ്രതിമകൾ, പൂന്തോട്ടങ്ങൾ എന്നിവ പാർക്കിന്റെ പ്രത്യേകതകളാണ്.

രാവിലെ എട്ടുമണി മുതൽ രാത്രി എട്ടുമണി വരെയാണ് ഇവിടെ പ്രവേശനം. മുതിർന്നവർക്ക് 20 രൂപയും 12 വയസിനു മുകളിലുള്ള കുട്ടികൾക്ക് 10 രൂപയുമാണ് പ്രവേശനഫീസ്. 12 വയസിനു താഴെയുള്ള കുട്ടികൾക്ക് പ്രവേശനം തികച്ചും സൗജന്യമാണ്. പയ്യാമ്പലത്തെ വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കുമെന്ന് രാമചന്ദ്രൻ കടന്നപ്പള്ളിഎംഎൽഎ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പയ്യാമ്പലം തീരത്ത് ഇപ്പോൾ തന്നെ ധാരാളം വിനോദസഞ്ചാരികൾ വരുന്നുണ്ട്. സീവ്യൂ പാർക്ക് തുറയ്ക്കുന്നതോടെ കൂടുതലാളുകൾ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതു പോലെ പയ്യാമ്പലത്തെ പാർക്കും നവീകരണത്തിന്റെ പാതയിലാണ്. ബീച്ചിലും പ്രവൃത്തികൾ ഏതാണ്ട് പൂർത്തിയായിട്ടുണ്ടെന്നും എംഎൽഎ അറിയിച്ചു.

പയ്യാമ്പലം സീപാത്ത് വേ, സീവ്യൂ പാർക്ക് നവീകരിച്ചതിന്റെ ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് ഞായറാഴ്‌ച്ച വൈകുന്നേരം ആറുമണിക്ക് ഉദ്ഘാടനം ചെയ്യും.രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ മുഖ്യാതിഥിയാകും. എംപി മാരായ കെ.സുധാകരൻ, ഡോ.വി.ശിവദാസൻ, കലക്ടർ എസ്. ചന്ദ്രശേഖർ എന്നിവർ പങ്കെടുക്കും.


