ലണ്ടൻ: യുക്രൈൻ- റഷ്യൻ യുദ്ധം പതിനൊന്നാം ദിവസവും തുടരുന്നതിനിടെ റഷ്യ ലക്ഷ്യമിടുന്നത് യുക്രൈനിലെ ജനവാസ മേഖലകളെയെന്ന് ബ്രിട്ടീഷ് മിലിട്ടറി ഇന്റലിജൻസിന്റെ മുന്നറിയിപ്പ്. കാർകിവ്, ചെർനിഹിവ്, മരിയുപോൾ എന്നിവയുൾപ്പെടെ ഒന്നിലധികം സ്ഥലങ്ങളിലെ ജനവാസ മേഖലകളെ ലക്ഷ്യമിട്ടാണ് റഷ്യയുടെ ആക്രമണ പദ്ധതിയെന്ന് ഇന്റലിജൻസ് ആരോപിക്കുന്നു.

യുക്രൈനിൽ റഷ്യ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. ഇതുവരെ 351 സിവിലിയന്മാർ കൊല്ലപ്പെട്ടതായാണ് ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള മനുഷ്യാവകാശ കമ്മീഷണർ അറിയിച്ചത്. റഷ്യൻ തലസ്ഥാനമായ കീവിന് തൊട്ടരികിൽ റഷ്യൻ സൈന്യം എത്തിയതായാണ് റിപ്പോർട്ടുകൾ. ചെർണീവ് അടക്കം വിവിധ പ്രദേശങ്ങളിൽ റഷ്യയുടെ ഷെല്ലാക്രമണം തുടരുകയാണ്.

എന്നാൽ യുക്രൈൻ സൈന്യം തീർക്കുന്ന പ്രതിരോധത്തിന്റെ ശക്തി റഷ്യൻ സൈന്യത്തിന്റെ മുന്നേറ്റത്തെ മന്ദഗതിയിലാക്കുകയാണെന്നും അവർ അവകാശപ്പെടുന്നു. 'യുക്രൈനിയൻ പ്രതിരോധത്തിന്റെ അളവും ശക്തിയും റഷ്യയെ അത്ഭുതപ്പെടുത്തുന്നത് തുടരുകയാണ്' ബ്രിട്ടീഷ് മിലിട്ടറി ഇന്റലിജൻസ് ഒരു പ്രസ്താവനയിൽ പറഞ്ഞു.

മുമ്പ് 1999-ൽ ചെച്‌നിയയിലും 2016-ൽ സിറിയയിലും റഷ്യ സമാനമായ ആക്രമണ തന്ത്രങ്ങൾ പ്രയോഗിച്ചിട്ടുണ്ട്. വലിയ നാശനഷ്ടം വിതയ്ക്കാവുന്ന തരത്തിലുള്ള ആയുധങ്ങളാണ് റഷ്യ ജനവാസമേഖലകളിൽ പ്രയോഗിക്കുന്നതെന്നും അവർ ആരോപിച്ചു.

ഇസ്ലാമിക വിഘടനവാദികൾക്കെതിരായ യുദ്ധത്തിന്റെ ഭാഗമായി ചെചെൻ തലസ്ഥാനമായ ഗ്രോസ്നിയിൽ ബോംബാക്രമണം നടത്തി നഗരത്തിന്റെ ഭൂരിഭാഗവും നശിപ്പിച്ചതായിരുന്നു പ്രസിഡന്റ് എന്ന നിലയിൽ പുതിന്റെ ആദ്യ പ്രവൃത്തികളിൽ ഒന്ന്. ആക്രമണത്തിൽ 8,000 സാധാരണക്കാരാണ് അന്ന് കൊല്ലപ്പെട്ടത്.

എന്നാൽ ഇത്തരം ആരോപണങ്ങളെ എല്ലാം റഷ്യ തള്ളി. ജലവാസമേഖലകൾ ലക്ഷ്യമിടുന്നുവെന്ന വാദം റഷ്യ ആവർത്തിച്ച് നിഷേധിക്കുകയാണ്. എന്നാൽ രൂക്ഷമായ ആക്രമണമാണ് റഷ്യയുടെ ഭാഗത്ത് നിന്നുമുണ്ടാകുന്നതെന്നാണ് യുദ്ധഭൂമിയിൽ നിന്ന് പുറത്തുവരുന്ന ചിത്രങ്ങൾ സൂചിപ്പിക്കുന്നത്. റഷ്യ ആക്രമണം കടുപ്പിക്കുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ കൂടുതൽ വഷളാകുമെന്നാണ് വിലയിരുത്തൽ.

അതേ സമയം റഷ്യയിലുള്ള പൗരന്മാർ ഉടൻ രാജ്യം വിടണമെന്ന മുന്നറിയിപ്പുമായി അമേരിക്കയും കാനഡയും രംഗത്തെത്തി. റഷ്യയിലേക്കു പോകാനും പുറത്തേക്കു കടക്കാനും കുറച്ചു വിമാനങ്ങൾ മാത്രമാണുള്ളത്. റഷ്യയിലെ യുഎസ് പൗരന്മാരെ സഹായിക്കുന്നതിന് എംബസിക്കു പരിമിതികളുണ്ട്. യുഎസ് പൗരന്മാർ എത്രയും പെട്ടെന്ന് റഷ്യ വിടണം റഷ്യയിലെ യുഎസ് എംബസി ട്വിറ്ററിൽ കുറിച്ചു.

ഉടൻ തന്നെ രാജ്യം വിടാനാണ് പൗരന്മാർക്ക് അമേരിക്ക നിർദ്ദേശം നൽകിയത്. നേരത്തെ കാനഡയും സമാനമായ നിർദ്ദേശം മുന്നോട്ടുവെച്ചിരുന്നു. അനുകൂലമായ സാഹചര്യം പ്രയോജനപ്പെടുത്തി ഉടൻ തന്നെ രാജ്യം വിടാനാണ് നിർദ്ദേശം. നിലവിൽ റഷ്യയിൽ നിൽക്കുന്നതിൽ ഭീഷണി നിലനിൽക്കുന്നില്ല. എന്നാൽ സാഹചര്യം എപ്പോൾ വേണമെങ്കിലും വഷളാവാം എന്ന് സൂചന നൽകുന്നതാണ് അമേരിക്കയുടെയും കാനഡയുടെയും മുന്നറിയിപ്പ് വ്യക്തമാക്കുന്നത്.