ദുബായ്; രാജ്യാന്തര ബോട്ട് ഷോയ്ക്ക് ബുധനാഴ്ച തുടക്കമാകും. 54ലേറെ രാജ്യങ്ങളിൽ നിന്നുള്ള ജലയാന നിർമ്മാതാക്കൾ, കപ്പലുടമകൾ, സാങ്കേതിക വിദഗ്ദ്ധർ എന്നിവരും ആയിരക്കണക്കിന് സന്ദർശകരും മേളക്കെത്തും.

പായ് വഞ്ചികൾ മുതൽ ആഡംബര യോട്ടുകൾ വരെ അണിനിരക്കുന്ന ലോകത്തിലെ വമ്പൻ ബോട്ട് ഷോയ്ക്കാണ് ദുബായ് ഒരുങ്ങുന്നത്. ഈ മാസം 13 വരെയാണ് മേള.കോവിഡ് നിയന്ത്രണം നീങ്ങിയതോടെ ഇത്തവണ പങ്കെടുക്കുന്നവരുടെ എണ്ണവും കൂടുതലാണ്.

ദുബായ് വേൾഡ് ട്രേഡ് സെന്ററിന്റെ ആഭിമുഖ്യത്തിൽ പുതിയ വേദിയായ ദുബായ് ഹാർബറിലാണ് ഇത്തവണത്തെ ബോട്ട് ഷോ. 400ൽ ഏറെ ബോട്ടുകൾ, യോട്ടുകൾ, പായ് വഞ്ചികൾ തുടങ്ങിയവ പങ്കെടുക്കും.പ്രമുഖ കമ്പനികളുടെ ഏറ്റവും പുതിയ മോഡലുകൾ കാണാനും അവസരമുണ്ട്.

യുഎഇയിൽ ജലഗതാഗത മേഖലയ്ക്ക് പ്രാധാന്യം കൂടുന്നതിനാൽ ബോട്ട് ഷോയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. ജലപാതകളുടെ സാധ്യതകൾ വർധിച്ചതോടെ കൂടുതൽ ചരക്ക് സംഭരണകേന്ദ്രങ്ങളും അടിസ്ഥാന സൗകര്യങ്ങളുമൊരുക്കാൻ ദുബായ് മാരിടൈം സിറ്റി കഴിഞ്ഞദിവസം 14 കോടി ദിർഹത്തിന്റെ പദ്ധതിക്ക് രൂപം നൽകിയിരുന്നു. പത്തേമാരികൾ, വഞ്ചികൾ എന്നിവയടക്കമുള്ള പരമ്പരാഗത ജലയാനങ്ങൾ കൂടുതൽ ഉപയോഗപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.