കീവ്: യുക്രൈനിൽ സൈനിക നടപടി ആരംഭിച്ച് പതിനൊന്ന് ദിവസം പിന്നിടുമ്പോഴും ശക്തമായ ചെറുത്ത് നിൽപ്പാണ് യുക്രൈനിലെ സൈ്‌ന്യവും സന്നദ്ധ ഭടന്മാരും നടത്തുന്നത്. നഗര പ്രദേശങ്ങൾ കേന്ദ്രീകരിച്ച് റഷ്യൻ സേന ആക്രമണം തുടരുമ്പോൾ പ്രദേശവാസികൾ കൈയിൽ കിട്ടിയ ആയുധങ്ങളുമായി ചെറുത്തുനിൽക്കുന്ന കാഴ്ചയാണ് കാണുന്നത്. രാജ്യത്തെ രക്ഷിക്കാൻ സന്നദ്ധ ഭടന്മാരാകാൻ യുക്രൈനിൽ തയാറായത് ലക്ഷത്തിലധികം പേരെന്നാണ് റിപ്പോർട്ടുകൾ.

ഇവർക്ക് തോക്ക് കൈകാര്യം ചെയ്യാൻ പരിശീലനം നൽകിയിരുന്നു. റഷ്യ ആക്രമണം അഴിച്ചുവിടുന്നതിന് മുമ്പ് സമാധാന വാദിയായിരുന്നു ആൻഡ്രി സെൻകിവ് ആണ് ഇവർക്ക് ആയുധ പരിശീലനം നൽകിയത്. കായിക മേഖലയെക്കുറിച്ച് ബ്ലോഗ് എഴുതലായിരുന്നു അതിന് മുമ്പ് അദ്ദേഹത്തിന്റെ ജോലി. ജീവിതത്തിൽ ഒരിക്കൽപോലും ഈ 27കാരൻ തോക്ക് കൈവശം വെച്ചിട്ടില്ല.

എന്നാൽ, 11 ദിവസങ്ങൾക്ക് ശേഷം പടിഞ്ഞാറൻ നഗരമായ ലിവിവിൽ മറ്റ് 30 പേരുമെത്ത് തോക്കുകൾ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് പഠിക്കുകയാണ് അദ്ദേഹം. കൂടെ സെയിൽസ്മാൻ, ഐ.ടി വിദഗ്ദ്ധർ, ഷെഫ്, ഫുട്ബാൾ താരങ്ങൾ എന്നിവരെല്ലാമുണ്ട്.

സോവിയറ്റ് യൂനിയൻ കാലഘട്ടത്തിൽ അവരുടെ പ്രചാരണ സിനിമകൾ പ്രദർശിപ്പിക്കുന്ന മുൻ റഷ്യൻ സാംസ്‌കാരിക കേന്ദ്രത്തിലാണ് ഇവർ പരിശീലനം നടത്തുന്നത്. ഈ കെട്ടിടം ഇപ്പോൾ വാരിയേഴ്‌സ് ഹൗസ് എന്നാണ് അറിയപ്പെടുന്നത്.

ഇതിന്റെ ചുവരുകളിൽ 2014ൽ കിഴക്കൻ ഡോൺബാസ് മേഖലയിൽ റഷ്യൻ പിന്തുണയുള്ള വിഘടനവാദികളോട് പോരാടിയ യുക്രേനിയൻ സൈനികരുടെ ഛായാചിത്രങ്ങളുണ്ട്. അഗ്‌നിശമന സേനാംഗമായ ഡെന്നിസ് കോഹട്ട് ആണ് സന്നദ്ധ പോരാളികളുടെ പരിശീലകൻ. ഇദ്ദേഹം നേരത്തെ ഡോൺബാസിൽ രാജ്യത്തിന് വേണ്ടി ആയുധമേന്തിയ വ്യക്തിയാണ്.

വളരെക്കാലം മുമ്പ് ഇല്ലാതാകേണ്ട കഴിവുകൾ 21-ാം നൂറ്റാണ്ടിൽ വീണ്ടും ഉയർന്ന ഡിമാൻഡിൽ വരുന്നത് ഭയാനകമാണെന്ന് സെൻകിവ് പറയുന്നു. റഷ്യൻ സൈനികരെ യുദ്ധം ചെയ്തുകൊല്ലാൻ തയാറാണോ എന്ന ചോദ്യത്തിന്, 'ഞാൻ തയാറല്ല, പക്ഷേ വേണ്ടി വന്നാൽ അത് ചെയ്യുമെന്നും' അദ്ദേഹം വ്യക്തമാക്കുന്നു. ഓരോ യുക്രെയ്ൻ പൗരന്റെയും മാനസികാവസ്ഥയാണ് സെൻകിവിന്റെ വാക്കുകളിലൂടെ പുറത്തുവരുന്നത്.

മൂന്ന് ആക്രമണ റൈഫിളുകൾ മേശപ്പുറത്ത് വെയ്ക്കുകയും അവ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് വിശദീകരിക്കുകയും ചെയ്തുകൊണ്ടാണ് അദ്ദേഹം പരിശീലനം ആരംഭിച്ചത്. ആഴ്ചകൾ നീളേണ്ട പരിശീലനം ദിവസങ്ങൾക്കുള്ളിലാണ് അവസാനിപ്പിക്കുന്നത്. 'ഈ മുറിയിലുള്ള 10 പേർ പോലും തോക്കെടുത്ത് റഷ്യൻ സൈനികരെ വെടിവച്ചാൽ പരിശീലനം വിലമതിക്കും' -ഡെന്നിസ് കോഹട്ട് പറഞ്ഞു.

തന്റെ റൈഫിൾ ഉയർത്തി എങ്ങനെ ശരിയായി നിൽക്കണമെന്ന് കോഹട്ട് സന്നദ്ധപ്രവർത്തകർക്ക് കാണിച്ചുകൊടുത്തു. 'നിങ്ങളുടെ ഉപകരണങ്ങൾ ശരിക്കും ഭാരമുള്ളതാണ്, ഷൂട്ടിങ് ചെയ്യുമ്പോൾ നിങ്ങൾ മറിഞ്ഞുവീണേക്കാം' -അദ്ദേഹം പറഞ്ഞു. സ്വയം വെടിയേൽക്കാതിരിക്കാനും കൂട്ടത്തിലുള്ളവരെ വെടിവെക്കാതിരിക്കാനും ഇദ്ദേഹം പരിശീലനം നൽകുന്നുണ്ട്. ബോംബാക്രമണ സമയത്ത് എങ്ങനെ അതിൽനിന്ന് രക്ഷപ്പെടാം എന്നതും പരിശീലനത്തിന്റെ ഭാഗമാണ്. നാഷനൽ ഗാർഡ് ഓഫ് യുക്രെയ്നിന്റെ കണക്കനുസരിച്ച് ഒരു ലക്ഷത്തിലധികം യുക്രേനിയൻ പുരുഷന്മാർ പോരാട്ടത്തിന് സന്നദ്ധരായി മുന്നോട്ടുവന്നിട്ടുണ്ട്.

അതേ സമയം ശക്തമായ ആക്രമണമാണ് പടിഞ്ഞാറൻ യുക്രൈനിൽ റഷ്യ നടത്തുന്നത്. സ്റ്റാറോകോസ്റ്റിയാന്റിനിവ് മിലിട്ടറി എയർ ബേസ് മിസൈലാക്രമണത്തിലൂടെ തകർത്തുവെന്നാണ് റഷ്യൻ അവകാശവാദം. കീവിനോട് ചേർന്നുള്ള ഇർപ്പിൻ പട്ടണത്തിൽ ശക്തമായ വ്യോമാക്രമണമുണ്ടായി. ചെർണിവിഹിലെ ജനവാസ കേന്ദ്രങ്ങളിലും ബോംബാക്രമണമുണ്ടായി. ഇർപ്പിൻ പട്ടണത്തിൽ സാധാരണക്കാർക്ക് നേരെ റഷ്യൻ പട്ടാളം വെടിയുതിർത്തുവെന്ന് യുക്രൈൻ ആരോപിക്കുന്നു.

ഈ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടുവെന്നാണ് യുക്രൈൻ പറയുന്നത്. തുറമുഖ നഗരമായ ഒഡേസയാണ് റഷ്യയുടെ അടുത്ത ലക്ഷ്യമെന്നും ഇവിടെ ഉടൻ ബോംബാക്രമണം നടക്കുമെന്നാണ് യുക്രൈൻ പ്രസിഡന്റ് പറയുന്നത്. കീവ് നഗരത്തിന്റെ വടക്ക് പടിഞ്ഞാറ് മേഖലയിൽ ഇപ്പോഴും കനത്ത ഷെല്ലിങ് നടക്കുന്നുണ്ടെന്നും യുക്രൈൻ വ്യക്തമാക്കുന്നു.