കീവ്: യുക്രൈനിൽ നിന്നും അതിർത്തി കടന്ന് അയൽരാജ്യങ്ങളിൽ എത്തിയ 1,500ലധികം ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ എട്ട് വിമാനങ്ങൾ തിങ്കളാഴ്ച ഇന്ത്യയിലേക്ക് സർവീസ് നടത്തുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച 1,500-ലധികം ഇന്ത്യക്കാരെ നാട്ടിലേക്ക് കൊണ്ടുവരും. ബുഡാപെസ്റ്റ് (അഞ്ച്), സുസെവ (രണ്ട്), ബുക്കാറെസ്റ്റ് (ഒന്ന്) എന്നിവിടങ്ങളിൽ നിന്നായി എട്ട് പ്രത്യേക വിമാനങ്ങൾ സർവ്വീസ് നടത്തും.

ഇന്ത്യൻ പൗരന്മാരെ രക്ഷിക്കാനുള്ള 'ഓപ്പറേഷൻ ഗംഗ'യുടെ കീഴിൽ, യുക്രെയ്നിന്റെ അയൽരാജ്യങ്ങളിൽ നിന്നുള്ള 11 പ്രത്യേക സിവിലിയൻ വിമാനങ്ങളിൽ 2,135 ഇന്ത്യക്കാരെ ഞായറാഴ്‌ച്ച തിരികെ കൊണ്ടുവന്നതായി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

'ഓപ്പറേഷൻ ഗംഗ'യുടെ ഭാഗമായി 26 ടൺ ദുരിതാശ്വാസ സാമഗ്രികൾ ഈ രാജ്യങ്ങളിലേക്ക് എത്തിച്ചു. സി-17 മിലിട്ടറി ട്രാൻസ്പോർട്ട് വിമാനങ്ങൾ ഉപയോഗിച്ചാണ് ഇന്ത്യൻ വ്യോമസേന രക്ഷാപ്രവർത്തനം നടത്തുന്നത്. ഇൻഡിഗോ, എയർ ഇന്ത്യ, വിസ്താര, സ്പൈസ് ജെറ്റ് തുടങ്ങിയ ഇന്ത്യൻ വിമാനക്കമ്പനികളാണ് സിവിലിയൻ വിമാനം നടത്തുന്നത്.