ബോളിവുഡ് താരങ്ങളായ സൽമാൻഖാനും സൊനാക്ഷി സിൻഹയും വിവാഹിതരായി എന്നു വ്യാജപ്രചാരണം. തമിഴ് ചലച്ചിത്ര താരങ്ങളായ ആര്യയുടെയും സയ്യേഷയുടെയും വിവാഹ ചിത്രം മോർഫ് ചെയ്താണ് സൽമാനും സോനാക്ഷിയും വിവാഹിതരായി എന്ന് പ്രചരണം നടത്തിയത്. യഥാർഥ ചിത്രമാണെന്നു കരുതി പലരും പങ്കുവച്ചതോടെ ഈ വ്യാജൻ സമൂഹമാധ്യമങ്ങളിൽ വൈറലായി. ലൈക്കും ഷെയറും കമന്റുമായി ചിത്രം സോഷ്യൽ മീഡിയയിൽ പറന്നു നടന്നു.

വളരെ അടത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ചടങ്ങിൽവച്ച് ബോളിവുഡ് താരങ്ങളായ സൽമാൻ ഖാനും സൊനാക്ഷി സിൻഹയും വിവാഹിതരായി എന്നായിരുന്നു പ്രചാരണം. സൽമാൻ വിവാഹവേദിയിൽവച്ച് സൊനാക്ഷിയെ മോതിരം അണിയിക്കുന്ന രീതിയിൽ എഡിറ്റ് ചെയ്ത ചിത്രമാണ് ഇതോടൊപ്പം പ്രചരിപ്പിച്ചത്.

ഒടുവിൽ ഇത്തരത്തിലുള്ള ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിന് മറുപടിയുമായി സൊനാക്ഷി രംഗത്തെത്തി. ''ഒരു യഥാർഥ ചിത്രവും എഡിറ്റ് ചെയ്ത ചിത്രവും തമ്മിലുള്ള വ്യത്യാസം പോലും മനസ്സിലാക്കാൻ പറ്റാത്ത അത്രയും വിഡ്ഢിയാണോ നിങ്ങൾ'' ചിരിക്കുന്ന സ്‌മൈലികൾക്കൊപ്പം സൊനാക്ഷി കമന്റ് ചെയ്തു.