മുംബൈ: മൂന്നുവയസുകാരനായ മകനുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. മൂന്ന് വയസുകാരന് ദാരണാന്ത്യം. ഗുരുതരമായി പരിക്കേറ്റ 30 വയസുകാരൻ ആശുപത്രിയിൽ ചികിത്സയിലാണ്. മുംബൈയിലെ നലോസപാരയിലാണ് സംഭവം.

രാജു വഗേല എന്നയാളാണ് മുന്നുവയസുകാരനുമായി ട്രെയിനിന് മുന്നിൽ ചാടിയത്. ഇയാൾ നേരത്തെ തന്നെ നലസോപാര റെയിൽവെസ്റ്റേഷനിൽ എത്തിയിരുന്നു. ചർച്ച്‌ഗേറ്റിലേക്ക് പോകുന്ന ട്രെയിനിന് മുന്നിലേക്ക് ചാടുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ, വഗേല കുറച്ച് ദൂരത്തേക്ക് തെറിച്ചുവീണു, മകൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ട്രെയിൻ ഡ്രൈവറാണ് സംഭവം പൊലീസിൽ അറിയിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ രാജു തൊഴിൽ രഹിതനാണെന്നും ഒരു വർഷത്തിലേറെയായി ഭാര്യയുമായി പിരിഞ്ഞു താമസിക്കുകയാണെന്നും കണ്ടെത്തി.

തൊഴിലില്ലായ്മ കാരണം തന്റെ കുട്ടിക്ക് ആവശ്യമായ കാര്യങ്ങൾ ചെയ്യാൻ കഴിയില്ലെന്ന തോന്നലിന്റെ അടിസ്ഥാനത്തിലാണ് ആത്മഹത്യ ചെയ്യാൻ ഇദ്ദേഹത്തിന് പ്രേരണയായതെന്നാണ് പൊലീസ് സംശയിക്കുന്നത്.