- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
വനിതാ ദിനത്തിൽ അതുല്യ നേട്ടവുമായി അതുല്യാ ദിനേശ്, റോപ്പ് ആക്‌സസ് മേഖലയിൽ അന്താരാഷ്ട്ര അംഗീകാരം നേടുന്ന ആദ്യ ഇന്ത്യൻ വനിത
ഷാർജ: ഈ വർഷത്തെ വനിതാദിനത്തിന് ഒരു കൃത്യമായ സന്ദേശമുണ്ട്. യുണൈറ്റഡ് നേഷൻസ് മുന്നോട്ടുവച്ച 'സുസ്ഥിരമായ ഭാവിക്കായി പക്ഷപാതമില്ലാതെ ലിംഗ സമത്വം ഉറപ്പാക്കാം ' എന്ന തീം ആണത്. എന്നാൽ ശാരീരികാധ്വാനം ഏറ്റവും കൂടുതൽ ആവശ്യമായ ജോലികളിൽ നിന്ന് വനിതകളെ ഒഴിവാക്കുക എന്നത് ഇപ്പോഴും ഒരു അലിഖിത നിയമമായി പല മേഖലകളും പിന്തുടരുന്നു . ഈ അവസ്ഥയാണ് ഈ വനിതാദിനത്തിൽ മാറുന്നത്. ഇതുവരെ ആഗോളതലത്തിൽത്തന്നെ പൂർണ്ണമായും പുരുഷകേന്ദ്രീകൃതമായിരുന്ന 'റോപ്പ് ആക്‌സസ് സർവ്വീസ് ' മേഖലയിൽ ജോലി ചെയ്യുവാനുള്ള അന്താരാഷ്ട്ര അംഗീകാരമാണ് പത്തൊൻപത് വയസ്സ് മാത്രം പ്രായമുള്ള ഈ പെൺകുട്ടി കരസ്ഥമാക്കിയിരിക്കുന്നത്. കോട്ടയം തലയോലപ്പറമ്പ് സ്വദേശിനിയാണ് അതുല്യയ്ക്ക് 'ഏരിസ് റോപ്പ് ആക്‌സസ് ടീമിന്റെ ' ഭാഗമായി ഇനിമുതൽ വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യാനാകും.
ഏറ്റവും ഉയരത്തിലുള്ള സ്ഥലങ്ങളിൽ ചെന്നെത്തി ശാരീരികാധ്വാനം ഉപയോഗിക്കേണ്ടിവരുന്ന പ്രത്യേക സാഹചര്യങ്ങളിൽ പ്രസ്തുത ഉത്തരവാദിത്വം കൃത്യമായി നിർവഹിക്കുക എന്നതാണ് റോപ്പ് ആക്‌സിസ് ടീം ചെയ്യുന്നത്. ഏത് ഉയരത്തിലും റോപ്പ്, അനുബന്ധ ഉപകരണങ്ങൾ എന്നിവയുടെ സഹായത്തോടെ ഏറ്റവും സുരക്ഷിതമായും സമയബന്ധിതമായും പൂർത്തിയാക്കേണ്ടത് റോപ്പ് അക്‌സസ് ടീമിന്റെ ബാധ്യതയാണ്. ഓയിൽ ആൻഡ് ഗ്യാസ്, സിവിൽ കൺസ്ട്രക്ഷൻ, മാനുഫാക്ചറിങ്, പെട്രോകെമിക്കൽ തുടങ്ങിയ മേഖലകളിലെ പ്രത്യേക ജോലികൾക്കാണ് റോപ്പ് ആക്‌സിസ് ടീമിന്റെ പിന്തുണ വേണ്ടിവരിക. സുരക്ഷയുടെ കാര്യത്തിൽ ഒരു ചെറിയ പിഴവു പോലും ഉണ്ടാകാത്ത വിധം ജോലികൾ പൂർത്തിയാക്കേണ്ടതുണ്ട്. അതുകൊണ്ടു തന്നെ വളരെയധികം ശാരീരികക്ഷമത ആവശ്യമുള്ള ജോലി എന്ന നിലയിൽ പുരുഷന്മാരെ മാത്രമാണ് ഇതിലേയ്ക്ക് ഇതുവരെ പരിഗണിച്ചിരുന്നത്.
ആ മേഖലയിലേക്ക് ഒരു സ്ത്രീക്ക് അവസരം നൽകുക എന്നത് വിപ്ലവകരമായ ഒരു തീരുമാനമാണെന്ന് 'ഏരിസ് റോപ്പ് ആക്‌സസ് ' ട്രെയിനിങ് വിഭാഗം മേധാവിയും ഷാർജ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പിന്റെ ഡയറക്ടറുമായ ഷിജു ബാബു പറയുന്നു.
'അതുല്യ ദിനേശ് പൂർത്തീകരിച്ചത് 'ഐ.ആർഎ.ടി.എ ലെവൽ വൺ സർട്ടിഫിക്കേഷൻ ' ആണ്. ഒരു ട്വിൻ റോപ്പിലൂടെ കയറാനും ഇറങ്ങാനും ഉള്ള പരിശീലനം, റിഗ്ഗിങ്ങിലുള്ള സാങ്കേതിക പരിശീലനം, അപകട സാഹചര്യങ്ങളിൽ കയർ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം തുടങ്ങിയവയെല്ലാം ഈ പരിശീലനത്തിന്റെ ഭാഗമാണ്. കായികക്ഷമത അങ്ങേയറ്റം ആവശ്യമുള്ള മേഖലയായതിനാൽ പുരുഷന്മാർ മാത്രമാണ് ഈ വിഭാഗത്തിൽ ജോലി ചെയ്തിരുന്നത്. എന്നാൽ സാധ്യമായ മേഖലകളിലെല്ലാം ലിംഗസമത്വം സാധ്യമാക്കുക എന്നത് ഏരിസ് ഗ്രൂപ്പിന്റെ സ്ഥാപക ചെയർമാനായ ഡോ സോഹൻ റോയിയുടെ പ്രത്യേക താൽപര്യവും നിലപാടുമാണ്. സാഹസികത ഏറെ ഇഷ്ടപ്പെടുന്ന അതുല്യ ഈ ജോലിക്ക് സ്വയം തയ്യാറായി മുന്നോട്ടു വന്നപ്പോൾ പരിശീലനം നൽകാൻ ഞങ്ങൾ തീരുമാനിക്കുകയായിരുന്നു.
ഏരിസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ പ്രഭിരാജ് നടരാജനും ഈ നടപടിക്ക് എല്ലാ പിന്തുണയും നൽകി. ഞങ്ങളെയെല്ലാം അമ്പരപ്പിച്ച് വളരെ ഉന്നത നിലവാരത്തോടെയാണ് പരിശീലനം പൂർത്തിയാക്കി അതിന്റെ അന്താരാഷ്ട്ര സാക്ഷ്യപത്രം അതുല്യ കരസ്ഥമാക്കിയത്. ഇതോടുകൂടി ലോകത്ത് എവിടെയും അവർക്ക് ജോലി ചെയ്യാൻ സാധിക്കും. ഇനിമുതൽ ഏരിസ് റോപ്പ് ആകസസ് ടീമിൽ അതുല്യയും ഉണ്ടാവും. ഈ വനിതാദിനം ഞങ്ങളെ സംബന്ധിച്ച് ഇത്തരത്തിൽ അങ്ങേയറ്റം സാർത്ഥകമാക്കാൻ സാധിച്ചതിൽ ഒരുപാട് ചാരിതാർത്ഥ്യമുണ്ട്. ഇനിയും കൂടുതൽ പെൺകുട്ടികളെ ഈ രംഗത്തേയ്ക്ക് കൊണ്ടുവരുവാനാണ് ഞങ്ങളുടെ തീരുമാനം ' ഷിജു ബാബു പറഞ്ഞു.
സ്ത്രീ ശാക്തീകരണത്തിന്റെ പാതയിലേക്ക് ഒരു ഗ്രാമത്തെ തന്നെ ഉയർത്തിക്കൊണ്ടുവന്ന് കോർപ്പറേറ്റ് രംഗത്ത് മാതൃകയാവുകയാണ് ഏരിസ് ഗ്രൂപ്പ്. പുനലൂർ ഗ്രാമത്തിൽ ഗ്രൂപ്പിന്റെ പുതിയ ഓഫീസിൽ തൊണ്ണൂറ്റിഒൻപത് ശതമാനം ജീവനക്കാരും സ്ത്രീകളാണ്. അതിൽ ഭൂരിഭാഗവും വീട്ടമ്മമാരും. ഏരീസ് ഗ്രൂപ്പിന്റെ പതിനാറ് രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന അറുപതോളം സ്ഥാപനങ്ങളിലേയ്ക്ക് വേണ്ട 'ഡോക്യുമെന്റെഷൻ സപ്പോർട്ട് ' ഫലപ്രദമായി നിർവഹിക്കാനുള്ള പരിശീലനം ഇവർക്ക് നൽകിയിട്ടുണ്ട്. സാമുദ്രിക രംഗത്ത് ലോകമെമ്പാടും പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളും ഇവരുടെ സഹായം ആവശ്യപ്പെടുന്നുണ്ട്. ഗ്രൂപ്പിലെ ഏറ്റവും കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഓഫീസ് എന്ന അംഗീകാരവും ഈ ഓഫീസ് നേടിയെടുത്തു കഴിഞ്ഞു.