ന്യൂഡൽഹി: റഷ്യൻ സൈനിക നടപടി രൂക്ഷമായ യുക്രൈനിലെ നഗരമായ സുമിയിൽ കുടുങ്ങിയ എല്ലാ ഇന്ത്യൻ വിദ്യാർത്ഥികളെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി വിദേശകാര്യ മന്ത്രാലയം. ഇവരെ തിരികെ നാട്ടിലേക്ക് കൊണ്ടുവരാൻ ഓപ്പറേഷൻ ഗംഗയുടെ കീഴിലുള്ള വിമാനങ്ങൾ തയ്യാറെടുക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം ചൊവ്വാഴ്ച വ്യക്തമാക്കി.

'എല്ലാ ഇന്ത്യൻ വിദ്യാർത്ഥികളെയും സുമിയിൽ നിന്ന് ഒഴിപ്പിക്കാൻ കഴിഞ്ഞുവെന്ന് അറിയിക്കുന്നതിൽ സന്തോഷമുണ്ട്. അവർ ഇപ്പോൾ പോൾട്ടാവയിലേക്കുള്ള യാത്രയിലാണ്. അവിടെ നിന്ന് പടിഞ്ഞാറൻ യുക്രൈനിലേക്കുള്ള ട്രെയിനുകളിൽ കയറും. അവരെ നാട്ടിലേക്ക് കൊണ്ടുവരാൻ ഓപ്പറേഷൻ ഗംഗയുടെ കീഴിലുള്ള വിമാനങ്ങൾ തയ്യാറെടുക്കുകയാണ്.', വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ട്വിറ്ററിലൂടെ അറിയിച്ചു.

റഷ്യൻ സൈന്യം കടുത്ത ആക്രമണം നടത്തുന്ന സുമിയിൽനിന്ന് ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിക്കുന്നത് പ്രതിസന്ധിയിലായിരുന്നു. സുഗമമായി വിദ്യാർത്ഥികളെ ഒഴിപ്പിക്കാനുള്ള വഴികൾ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ, യുക്രൈൻ പ്രസിഡന്റ് വോളോദിമർ സെലെൻസ്‌കി എന്നിവരുമായി ചർച്ച നടത്തിയതിന് പിന്നാലെയാണ് സുമിയിൽ നിന്ന് വിദ്യാർത്ഥികളെ ഒഴിപ്പിച്ചത്.

സുമിയിലേക്ക് ബസുകൾ എത്തിച്ചാണ് 13 ദിവസത്തോളം സുമിയിൽ കുടുങ്ങിയ വിദ്യാർത്ഥികളെ പുറത്തേക്ക് എത്തിച്ചത്. ലിവീവിൽ എത്തിക്കുന്ന വിദ്യാർത്ഥികളെ റോമാനിയ, ഹംഗറി, പോളണ്ട് തുടങ്ങിയതിൽ ഏതെങ്കിലും ഒരു രാജ്യത്തിന്റെ അതിർത്തി വഴി ഇന്ത്യയിലേക്ക് എത്തിക്കാനാണ് നിലവിൽ ഇന്ത്യൻ എംബസിയുടെ തീരുമാനം.

അപകടമേഖലയിൽ നിന്നും വിദ്യാർത്ഥികളെ ലിവീവിൽ എത്തിച്ചാൽ തന്നെ വലിയ അളവിൽ ആശങ്കയൊഴിയും എന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ കണക്കുകൂട്ടൽ. കഴിഞ്ഞ ദിവസവും വെടിനിർത്തലിന്റെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികളെ ഒഴിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഈ നീക്കം യുക്രെയ്ൻ സൈന്യം തടഞ്ഞിരുന്നു.

അതേ സമയം ഇന്ത്യയുടെ രക്ഷാദൗത്യമായ ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി യുദ്ധമുഖത്ത് നിന്നും ഇതുവരെ മാതൃരാജ്യത്തെത്തിയത് 18,000 ലധികം ഇന്ത്യക്കാരെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. യുക്രൈന്റെ അയൽ രാജ്യങ്ങളിൽ നിന്നാണ് ഇത്രയധികം ഇന്ത്യക്കാരെ സ്വരാജ്യത്തിലേക്ക് എത്തിച്ചത്.

യുദ്ധമുഖത്ത് കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കുന്നതിനായി ഫെബ്രുവരി 22 നാണ് ഓപ്പറേഷൻ ഗംഗ ആരംഭിച്ചത്. 75 സിവിലിയൻ വിമാനങ്ങളിലായി 15521 ഇന്ത്യൻ പൗരന്മാരേയും ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ 2467 പേരെയുമാണ് രാജ്യത്തേയ്ക്ക് തിരിച്ചെത്തിച്ചത്. 32 ടണ്ണിലധികം ദുരിതാശ്വാസ സാമഗ്രകൾ വഹിച്ചാണ് ഓപ്പറേഷൻ ഗംഗ രക്ഷാ ദൗത്യം ഇത്രയധികം പേരെ ഇന്ത്യയിലെത്തിച്ചത്.

4575 പേരെ 21 വിമാനങ്ങളിലായി ബുക്കാറെസ്റ്റിൽ നിന്നും 9 വിമാനങ്ങളിലായി 1820 പേരെ സുസെവയിൽ നിന്നും 28 വിമാനങ്ങളിലായി 5557 പേരെ ബുഡാപെസ്റ്റിൽ നിന്നും 909 പേരെ 5 വിമാനങ്ങളിലായി കോസിസിൽ നിന്നും 2404 പേരെ 11 വിമാനങ്ങളിലായി റസെസോവിൽ നിന്നും 242 പേരെ കീവിൽ നിന്നും രക്ഷിച്ചുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് റഷ്യ ശക്തമായ ആക്രമണം തുടരുന്ന സുമിയിൽ നിന്നും എല്ലാ ഇന്ത്യൻ വിദ്യാർത്ഥികളേയും ഒഴിപ്പിച്ച് പോൾട്ടാവയിലേക്ക് എത്തിച്ചിരുന്നു. ഇവരെ ഉടൻ ഇന്ത്യയിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യുദ്ധമുഖത്ത് നിന്നും പൗരന്മാരെ രക്ഷിക്കാനായി മറ്റ് രാജ്യങ്ങൾ പകച്ച് നിന്നപ്പോൾ ഇന്ത്യ ധൈര്യപൂർവ്വം രക്ഷാ ദൗത്യവുമായി മുന്നിട്ടിറങ്ങിയത് വിദേശരാജ്യങ്ങൾക്കുൾപ്പെടെ ശുഭ പ്രതീക്ഷ നൽകിയിരുന്നു. ഇന്ത്യയുടെ മാതൃക പിന്തുടർന്ന് സ്വന്തം പൗരന്മാരെ രക്ഷിക്കാൻ രാജ്യങ്ങൾ മുന്നിട്ടിറങ്ങിയത്.തങ്ങളുടെ പൗരന്മാരെ രക്ഷിക്കാൻ ഇന്ത്യ സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് നേപ്പാളും ബംഗ്ലാദേശുമുൾപ്പടെയുള്ള രാജ്യങ്ങൾ മുന്നോട്ട് വന്നിരുന്നു.