ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിൽ എട്ട് വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് 19 കാരനും അമ്മയും പൊലീസ് പിടിയിൽ. കുട്ടിയുടെ പിതാവിനോടുള്ള ഇവരുടെ വിരോധമാണ് കൊലപാതകത്തിന് കാരണമായത്.

അവൂര ഗ്രാമത്തിൽ നിന്ന് മൂന്ന് ആഴ്ച മുൻപാണ് താലിബ് ഹുസൈൻ എന്ന കുട്ടിയെ കാണാതായത്. കഴിഞ്ഞ ദിവസം പ്രദേശത്തെ വനമേഖലയിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

കുട്ടിയെ ഏതോ വന്യമൃഗം ആക്രമിച്ചതാണെന്നാണ് നാട്ടുകാരും പൊലീസും ആദ്യഘട്ടത്തിൽ കരുതിയത്. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രദേശവാസിയായ ഷഹ്നാസ് ബീഗത്തിലേക്കും മകൻ അമിർ അഹ്‌മദിലേക്കും സംശയം നീണ്ടത്.

ഇവരെ ചോദ്യം ചെയ്ത പൊലീസ് പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി. ഷഹനാസ് ബീഗം പ്രേരിപ്പിച്ചതിനെ തുടർന്ന് അമിർ അഹ്‌മദാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നും പൊലീസ് കണ്ടെത്തി. പിന്നീട് മൃതദേഹം മറവു ചെയ്ത സ്ഥലം ഇവർ പൊലീസിന് കാട്ടിക്കൊടുക്കുകയായിരുന്നു.

കുറച്ച് വർഷങ്ങൾക്ക് മുൻപ് പ്രതിയായ സ്ത്രീയുടെ കൗമാരക്കാരിയായ മകൾ സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ചിരുന്നു. ഇക്കാര്യവും അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.