ചെന്നൈ: യുക്രൈനിലെ യുദ്ധഭൂമിയിൽ നിന്ന് തിരിച്ചെത്തിയ വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച നടത്തി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ യുക്രൈനിൽ നിന്നെത്തിയ അഞ്ചോളം വിദ്യാർത്ഥികളുമായാണ് സ്റ്റാലിൻ കൂടിക്കാഴ്ച നടത്തിയത്. കുട്ടികൾ അവിടെ നേരിട്ട പ്രതിസന്ധികൾ മുഖ്യമന്ത്രിയോട് വിവരിച്ചു. അതിർത്തി കടന്നപ്പോൾ എല്ലാ സൗകര്യവും ഇന്ത്യൻ സർക്കാർ നൽകിയെന്നും വിദ്യാർത്ഥികൾ പറഞ്ഞു.

ഭക്ഷണവും വെള്ളവുമടക്കം എല്ലാ സൗകര്യവും സർക്കാർ ഒരുക്കി. ഇന്ത്യൻ ഗവൺമെന്റ് ഞങ്ങളെ നന്നായി പരിഗണിച്ചു. ലോകത്തെ മറ്റൊരു രാജ്യത്തിനും അവരുടെ പൗരന്മാരെ യുദ്ധഭൂമിയിൽ നിന്ന് രക്ഷിക്കാൻ ഓപ്പറേഷൻ ഗംഗ പോലൊരു പദ്ധതിയില്ലെന്നും വിദ്യാർത്ഥികൾ പറഞ്ഞു.

യുക്രൈനിൽ നിന്നെത്തിയ വിദ്യാർത്ഥികൾ കേന്ദ്ര സർക്കാരിന്റെ പ്രവർത്തനങ്ങളെ പ്രശംസിക്കുന്ന വീഡിയോ വിമർശകരുടെ വായടപ്പിക്കുന്നതാണ്. യുക്രൈനിൽ നിന്നും തിരിച്ചെത്തിയ തമിഴ്‌നാട് സ്വദേശികളായ വിദ്യാർത്ഥികളാണ് കേന്ദ്ര സർക്കാരിനെ പ്രശംസിക്കുന്നത്.

യുക്രൈനിൽ ഉണ്ടായിരുന്ന രണ്ട് മൂന്ന് ദിവസം കഷ്ടപ്പെടേണ്ടി വന്നു. അതിർത്തി കടന്നതിൽ പിന്നെ എല്ലാ കാര്യങ്ങളും കേന്ദ്ര സർക്കാരാണ് നോക്കി നടത്തിയത് എന്ന് വിദ്യാർത്ഥികൾ പറഞ്ഞു. ഭക്ഷണം ഉൾപ്പെടെയുള്ളവയ്ക്ക് സർക്കാർ ഒരു കുറവും വരുത്തിയില്ലെന്ന് വിദ്യാർത്ഥികൾ വ്യക്തമാക്കി.

നമ്മുടെ കേന്ദ്ര സർക്കാർ ചെയ്തത് പോലെ മറ്റൊരു രാജ്യവും ചെയ്തിട്ടില്ല. ഏറ്റവും വേഗത്തിൽ യുദ്ധമുഖത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചത് ഇന്ത്യയാണെന്നും വിദ്യാർത്ഥികൾ പറയുന്നു. സർക്കാർ എല്ലാം ചെയ്ത് തന്നില്ലേ എന്ന സംശയത്തോടെയുള്ള സ്റ്റാലിന്റെ ചോദ്യത്തിനാണ് വിദ്യാർത്ഥികൾ മറുപടി നൽകിയത്.

തമിഴ്‌നാട്ടിലെ ബിജെപി നേതാവാണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചത്. ഇത് പ്രചരിച്ചതോടെ പ്രതിപക്ഷ പാർട്ടികളുടെ കുപ്രചാരണത്ത വിമർശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം സ്റ്റാലിനും ഈ വീഡിയോ പങ്കുവെച്ചിരുന്നു. എന്നാൽ കേന്ദ്ര സർക്കാരിന്റെ പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന ഭാഗം കട്ട് ചെയ്ത് മാറ്റിയാണ് തമിഴ്‌നാട് മുഖ്യമന്ത്രി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സ്റ്റാലിന്റെ ഈ നടപടിക്കെതിരെയും വിമർശനം ശക്തമാണ്.