ന്യൂഡൽഹി: ബിഹാർ ക്രിക്കറ്റ് അസോസിയേഷൻ മേധാവി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണവുമായി യുവതി. കഴിഞ്ഞവർഷം ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ചാണ് സംഭവം. പരസ്യ സ്ഥാപനത്തിന്റെ ഡയറക്ടറായ യുവതിയുടെ പരാതിയിൽ ബിഹാർ ക്രിക്കറ്റ് ബോർഡ് വർക്കിങ് പ്രസിഡന്റ് രാകേഷ് തിവാരിക്കെതിരെ പാർലമന്റെ് സ്ട്രീറ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

കഴിഞ്ഞവർഷം ജൂലൈയിലാണ് സംഭവം നടന്നതെന്ന് ഗുഡ്ഗാവ് സ്വദേശിയായ യുവതി പരാതിയിൽ പറയുന്നു. ഞായറാഴ്ചയാണ് ഇതുമായി ബന്ധപ്പെട്ട് യുവതി പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞവർഷം മാർച്ചിൽ അസോസിയേഷൻ സംഘടിപ്പിച്ച ടൂർണമെന്റിന്റെ പരസ്യ ജോലികൾ യുവതി ഡയറക്ടറായ സ്ഥാപനത്തിനാണ് നൽകിയിരുന്നത്.

ജോലി പൂർത്തിയാക്കിയിട്ടും പണം നൽകിയിരുന്നില്ല. ജൂലൈ 12ന് ഡൽഹിയിലെത്തിയ രാകേഷിനെ നേരിട്ട് കണ്ട് കുടിശ്ശിക ആവശ്യപ്പെടാൻ യുവതി തീരുമാനിച്ചു. പിന്നാലെ അദ്ദേഹം താമസിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലിലെത്തിയ യുവതിയെ ക്രിക്കറ്റ് അഡ്‌മിനിസ്‌ട്രേറ്റർ മുറിയിലേക്ക് വിളിച്ചുകൊണ്ടുപോകുകയും അവിടെ വെച്ച് രാകേഷ് പീഡിപ്പിക്കാൻ ശ്രമിച്ചെന്നുമാണ് പരാതി.