കാസർഗോഡ്: ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ മദ്രസ അദ്ധ്യാപകന് 45 വർഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ. പിഴയടച്ചില്ലെങ്കിൽ 3 വർഷം കൂടി തടവനുഭവിക്കണം. കർണാടക ബണ്ട്വാൾ സ്വദേശി അബ്ദുൾ മജീദ് ലത്തീഫിയെയാണ് കാസർകോട് പോക്സോ കോടതി ശിക്ഷിച്ചത്. 2016 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം.

കാസർകോട് പുത്തൂർ അർജ്ജാലിൽ താമസിക്കുന്ന ഏഴു വയസ്സു പ്രായമുള്ള രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയെ മദ്രസാദ്യാപകൻ പലതവണ പീഡിപ്പിക്കുകയായിരുന്നു. നഗരത്തിനോട് ചേർന്നുള്ള മദ്രസയിൽ അബ്ദുൾ മജീദ് ജോലി ചെയ്യുന്ന സമയത്തായിരുന്നു പീഡനം. മദ്രസ വിദ്യാർത്ഥിയായ കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ സ്‌കൂൾ അദ്ധ്യാപകർ നൽകിയ വിവരത്തെ തുടർന്നാണ് ക്രൂരത പുറത്തു വന്നത്.

കാസർഗോഡ് ടൗൺ പൊലീസ് കേസിൽ നിർണ്ണായകമായ വിവരങ്ങൾ കണ്ടെത്തിയതോടെ നാൽപ്പത്തിമൂന്നുകാരനായ മജീദ് അറസ്റ്റിലായി. പോക്സോ നിയമത്തിലെ 5എഫ്, 5എൽ, 5എം തുടങ്ങിയ മൂന്ന് വകുപ്പുകൾ അനുസരിച്ചാണ് കോടതി ശിക്ഷ വിധിച്ചത്. മൂന്നു വകുപ്പുകളിലായി 15 വർഷം വീതം തടവും, ഓരോ ലക്ഷം രൂപയുമാണ് പിഴ. കേസിൽ പ്രോസിക്യൂഷൻ 15 സാക്ഷികളെയും 14 തെളിവുകളും ഹാജരാക്കിയിരുന്നു. പ്രധാന സാക്ഷികളടക്കം കൂറുമാറിയെങ്കിലും നിർണ്ണായക തെളിവുകളുടെ അടിസ്ഥാനത്തിലാണ് അബ്ദുൾ മജീദ് ലത്തീഫിയെ കോടതി ശിക്ഷിച്ചത്.

കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് & സെഷൻസ് കോടതി (ഒന്ന്) ജഡ്ജ് ഏ.വി.ഉണ്ണികൃഷ്ണനാണ് ശിക്ഷ വിധിച്ചത്. 2016 ജനുവരി 21 നും അതിന് മുൻപുള്ള പല ദിവസങ്ങളിലും അദ്ധ്യാപകൻ കുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി.

പരാതി ലഭിച്ചതിന് പിന്നാലെ കേസ് അന്വേഷിച്ച കാസർകോട് ടൗൺ പൊലീസ് അബ്ദുൾ മജീദിനെതിരേ തെളിവുകൾ കണ്ടെത്തി അറസ്റ്റ് ചെയ്തിരുന്നു. ഏഴ് വയസുകാരിയായ കുട്ടിയെ മദ്രസാധ്യാപകന്റെ രൂപത്തിൽ രക്ഷിതാവിനോളം പ്രധാന്യമുള്ള ആൾ പീഡിപ്പിച്ചുവെന്നതാണ് പ്രതിക്കെതിരേയുള്ള പ്രധാന ഘടകമായി കോടതി പരിഗണിച്ചത്.