പട്‌ന: ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില മോശമാകുന്നതായി റിപ്പോർട്ട്. കാലിത്തീറ്റ കുംഭകോണ കേസിൽ വീണ്ടും തടവുശിക്ഷ ലഭിച്ച ലാലു ചികിത്സാർഥം റാഞ്ചി രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആശുപത്രിയിലാണ്.

ലാലുവിന്റെ ജാമ്യാപേക്ഷ 11നു കോടതി പരിഗണിക്കാനിരിക്കെയാണ് ആരോഗ്യനില വഷളായത്. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണു ജാമ്യാപേക്ഷ. ലാലുവിന്റെ വൃക്കകളുടെ പ്രവർത്തനം ഇരുപതു ശതമാനത്തിലും താഴെയായതാണു പ്രശ്‌നം.

ഡയാലിസിസ് ഉടൻ ആരംഭിക്കേണ്ടി വരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രണ്ടു ദിവസമായി ലാലുവിന്റെ ആരോഗ്യസ്ഥിതി വഷളായി വരികയാണ്. കൂടുതൽ മരുന്നുകൾ നൽകുകയോ മരുന്നുകൾ മാറ്റുകയോ ചെയ്യേണ്ട സ്ഥിതിയുണ്ടെന്നും ഡോക്ടർമാർ വിലയിരുത്തി.