കണ്ണൂർ: കേരളം മയക്കുമരുന്നു മാഫിയയുടെ കേന്ദ്രമായി മാറിയിരിക്കുകയാണെന്ന് എഴുത്തുകാരൻ കെ.സി ഉമേഷ്ബാബുപറഞ്ഞു. മദ്യ-മയക്ക് മരുന്ന് മാഫിയക്കെതിരെയും ലഹരി മാഫിയ സംഘങ്ങൾ അഴിഞ്ഞാടുന്ന ഇടത് ദുർഭരണത്തിനെതിരെയും ജില്ലാ കോൺഗ്രസ് കമ്മിറ്റി പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച ജനകീയ പ്രതിരോധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്താകമാനം മയക്ക് മരുന്ന് വ്യാപാരം തഴച്ച് വളരുകയാണ്. ഈ നില ഭീതിജനകമായ സാഹചര്യത്തിലേക്കാണ് കേരളത്തെ എത്തിച്ച് കൊണ്ടിരിക്കുന്നത്. യൂറോപ്യൻ രാജ്യങ്ങളിലും ആഫ്രിക്കയുൾപ്പെടെയുള്ള രാജ്യങ്ങളിലും മയക്ക് മരുന്ന് ലോബികൾ ചെയ്യുന്ന രീതിയിലേക്കാണ് കേരളവും മാറി കൊണ്ടിരിക്കുന്നത്.

തങ്ങൾക്കെതിരെ വരുന്നവരെ ഇല്ലാതാക്കുക, ചോദ്യം ചെയ്യപ്പെടുകയാണെങ്കിൽ കുടുംബത്തെ വരെ ദ്രോഹിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഇവിടെയും അരങ്ങേറുന്നത്. മയക്ക് മരുന്ന് കടത്ത് ഒരു ബിസിനസായി മാറികൊണ്ടിരിക്കുന്നു. കഴിഞ്ഞ ദിവസം ഒരു കോടി രൂപയിലധികം രൂപയുടെ മയക്ക് മരുന്നാണ് പിടികൂടിയത്. പിടികൂടിയവർ ഏറ്റവും താഴെതട്ടിലുള്ളവരാണെന്നും ഉമേഷ് ബാബു പറഞ്ഞു.

കഴിഞ്ഞ ആറ് വർഷത്തിനുള്ളിലാണ് ഇത്രയും കൂടുതൽ മയക്കുമരുന്ന് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നതെന്ന കാര്യം വിസ്മരിക്കാനാവില്ല. ഇതിനു തടയിടാൻ സാധിച്ചില്ലെങ്കിൽ ഭീകരമായ ഒരു സ്ഥിതിവിശേഷം കേരളത്തിലുണ്ടാകുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ചടങ്ങിൽ ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്ജ് അധ്യക്ഷതവഹിച്ചു. കെപിസിസി മെമ്പർ കെ പ്രമോദ്, എൻ പി ശ്രീധരൻ, കെ സി മുഹമ്മദ് ഫൈസൽ, വി.വി പുരുഷോത്തമൻ, റിജിൽമാക്കുറ്റി, ടി ജയകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.