ചക്കരക്കൽ:കണ്ണാടിവെളിച്ചത്തെ കവർച്ച നടന്ന വീട് എ.എസ്‌പി വിജയ്ഭരത് റെഡ്ഡി ഇന്നലെ സന്ദർശിച്ചു. ഇതിനോടൊപ്പം കണ്ണൂരിൽ നിന്നെത്തിയ വിരലടയാള വിദഗ്ദ്ധരും ഇവിടെ പരിശോഭന നടത്തി. ഫിംഗർപ്രിന്റ് ഓഫിസർമാരായ പ്രവിൺകുമാർ, ഷാജൻ, സുധിന തുടങ്ങിയവർ പരിശോധനക്ക് നേതൃത്വം നൽകി.ചക്കരക്കൽ എസ് ഐ മാരായ വി എം ബിനിഷ് തുടങ്ങിയരും എ.എസ് പി.യോടൊപ്പം ഉണ്ടായിരുന്നു.

12 പവനും ആയിരം രൂപയുമാണ് അഞ്ചരക്കണ്ടി -ചാലോട് റോഡിൽ കണ്ണാടിവെളിച്ചം മത്തിപാറയിലെ ജസ്ന നിവാസിൽ കണിയാങ്കണ്ടി റോജയുടെ വീട്ടിൽ നിന്ന് കവർന്നത്. തിങ്കളാഴ്ച ഉച്ചയോടെ റോജയും കുടുംബവും ചാമ്പാട് കൂറുമ്പ ക്ഷേത്രത്തിലെ ഉത്സവത്തിന് പോയിരുന്നു. ചൊവ്വാഴ്‌ച്ച വൈകിട്ട് 4 മണിയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്ന സംഭവം അറിഞ്ഞത്. വീടിന്റെ അടുക്കള വശത്തെ ഗ്രിൽസും വാതിലും തകർത്താണ് മോഷണം നടത്തിയത്. വീടിനകത്തെ മുഴുവൻ അലമാരകളും മോഷ്ടാക്കൾ തകർത്ത നിലയിലായിരുന്നു കല്യാണ മോതിരം ഒഴികെയുള്ള മുഴുവൻ സ്വർണവും പണവുമാണ് മോഷ്ടാക്കൾ കവർന്നത്.