ഗുവാഹത്തി: അസമിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സഖ്യത്തിന് വൻ വിജയം. എൺപത് മുൻസിപ്പാലിറ്റികളിൽ 76 ഇടത്തും ബിജെപി-എജിപി സഖ്യം വിജയിച്ചു. ഒരിടത്ത് മാത്രമാണ് കോൺഗ്രസിന് വിജയിക്കാനായത്. ഒരു മുൻസിപ്പാലിറ്റിയിൽ ആർക്കും ഭൂരിപക്ഷം ലഭിച്ചില്ല.

977 വാർഡുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ 807 സീറ്റും സ്വന്തമാക്കിയാണ് എൻഡിഎയുടെ വിജയം. ബിജെപി 742 സീറ്റിലും അസം ഗണപരിഷത്ത്(എജിപി) 65 സീറ്റിലും വിജയിച്ചു. മുഖ്യപ്രതിപക്ഷമായ കോൺഗ്രസിന് 71 സീറ്റിലേ വിജയിക്കാനായുള്ളൂ. 99 സീറ്റിൽ സ്വതന്ത്രരോ മറ്റു കക്ഷികളിൽനിന്നുള്ളവരോ വിജയിച്ചു.

57 വാർഡുകളിൽ എതിരാളികളില്ലാതെയാണ് വിജയികളെ പ്രഖ്യാപപിച്ചത്. മാർച്ച് ആറിനായിരുന്നു വോട്ടെടുപ്പ്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായി ഇലക്ട്രോണിക് വോട്ടിങ് മെഷിൻ ഉപയോഗിച്ച് നടന്ന തദ്ദേശ തെരഞ്ഞെടുപ്പായിരുന്നു ഇത്.