തിരുവനന്തപുരം: കേരളത്തിൽ പിണറായി യോഗി ആദിത്യനാഥിനെതിരെ നടത്തിയ വിഷലിപ്തമായ പ്രചാരണത്തിനുള്ള തിരിച്ചടി കൂടിയാണ് യുപിയിലെ ബിജെപിയുടെ ചരിത്ര വിജയമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ.

ഇനിയെങ്കിലും യോഗിക്കും ബിജെപി സർക്കാരുകൾക്കും എതിരെ നടത്തുന്ന നുണപ്രചാരണങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും നിർത്തണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. കേരള മോഡൽ യുപിക്കാർ മാതൃകയാക്കണമെന്ന പിണറായിയുടെ ആവശ്യം ഉത്തരപ്രദേശുകാർ ചവറ്റുകൊട്ടയിലെറിഞ്ഞു. യുപി മാതൃകയാണ് കേരളത്തിനും അഭികാമ്യമെന്നും ബിജെപി അദ്ധ്യക്ഷൻ പറഞ്ഞു.

അഞ്ച് സംസ്ഥാനങ്ങളിലും കോൺഗ്രസിനുണ്ടായ ദയനീയ തോൽവി കേരളത്തിലും അവരുടെ പതനത്തിന്റെ ആക്കം കൂട്ടും. കോൺഗ്രസ് രാജ്യത്തുനിന്ന് നിഷ്‌കാസനം ചെയ്യപ്പെടുകയാണ്. രാഹുൽ ഗാന്ധിക്ക് ഇനി വയനാട് പ്രധാനമന്ത്രിയാവാനേ സാധിക്കൂ. രാജ്യത്തെ തിരഞ്ഞെടുപ്പ് ഫലം പ്രധാനമന്ത്രിയിൽ ജനങ്ങൾക്കുള്ള വിശ്വാസം വർധിക്കുന്നതിന്റെ തെളിവാണ്. നരേന്ദ്ര മോദി സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾക്കുള്ള അംഗീകാരമാണ് ഈ ചരിത്ര വിജയമെന്നും സുരേന്ദ്രൻ പറഞ്ഞു.

മണിപ്പുരിലും ഗോവയിലും ബിജെപി നേടിയ വിജയം കേരളത്തിലും സ്വാധീനിക്കും. മതന്യൂനപക്ഷ സമുദായങ്ങൾക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളിൽ പാർട്ടി നേടിയ വിജയത്തിന്റെ പ്രതിഫലനമുണ്ടാക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.