ന്യൂഡൽഹി: ഉത്തർപ്രദേശിൽ കോൺഗ്രസ് തകർന്നടിഞ്ഞതോടെ പ്രിയങ്കാ ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും രൂക്ഷമായി പരിഹസിച്ച് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനി. യുപിയിൽ പ്രിയങ്ക പാർട്ടിക്ക് പുതുജീവൻ പകരുമെന്നാണ് പറഞ്ഞിരുന്നതെന്നും എന്നാൽ അതിന് പകരം അവർ പാർട്ടിയുടെ ജീവൻ ഊതിക്കെടുത്തുകയാണ് ചെയ്തതെന്നും സ്മൃതി പരിഹസിച്ചു.

തെറ്റുകളിൽ നിന്ന് പാഠം പഠിക്കാനുള്ള കഴിവ് രാഹുലിനുണ്ടെന്ന് താൻ കരുതുന്നില്ലെന്നും സ്മൃതി ഇറാനി വാർത്താ ഏജൻസിയായ എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

യുപിയിൽ യോഗി ആദിത്യനാഥിന്റെ സർക്കാർ നടപ്പാക്കിയ പദ്ധതികളാണ് വിജയം സാധ്യമാക്കിയത്. സ്ത്രീ സുരക്ഷയ്ക്കും ക്രമസമാധാനത്തിനും ആദിത്യനാഥ് പ്രാധാന്യം നൽകി. സ്മൃതി കൂട്ടിച്ചേർത്തു.

അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നാല് എണ്ണത്തിൽ ബിജെപി ഭരണത്തിലേറിയപ്പോൾ പഞ്ചാബ് കോൺഗ്രസിൽ നിന്ന് ആം ആദ്മി പാർട്ടി പിടിച്ചെടുത്തു. ജനവിധി അംഗീകരിക്കുന്നുവെന്നും തോൽവിയിൽ നിന്ന് പുതിയ പാഠം പഠിക്കുമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചു.