കുവൈത്ത് സിറ്റി: തറ വൃത്തിയാക്കാനുപയോഗിക്കുന്ന ലായനി കുടിച്ച് കുവൈത്തിൽ വീട്ടുജോലിക്കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഏഷ്യക്കാരിയായ ഗാർഹിക തൊഴിലാളിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവരെ മുബാറക് അൽ കബീർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഹവല്ലി പ്രദേശത്താണ് സംഭവം ഉണ്ടായത്. തന്റെ വീട്ടിലെ ജോലിക്കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന വിവരം വീട്ടുടമസ്ഥയായ സ്വദേശി സ്ത്രീയാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷൻസ് റൂമിൽ വിളിച്ച് അറിയിച്ചത്. വിവരം അറിഞ്ഞ ഉടനെ സുരക്ഷാ സംഘം സ്ഥലത്തെത്തി.

ക്ലീനിങ് ഫ്ലൂയിഡ് അമിതമായി കുടിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ വീട്ടുജോലിക്കാരിയെയാണ് സുരക്ഷാ സംഘം കണ്ടെത്തിയത്. മെഡിക്കൽ സംഘം ഇവരെ മുബാറക് അൽ കബീർ ആശുപത്രിയിലത്തിച്ചു. യുവതിയുടെ വയർ കഴുകി. ആരോഗ്യനില തൃപ്തികരമാണ്. ആത്മഹത്യയ്ക്ക് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.