കെപിഎസി ലളിതയുടെ ജന്മദിനത്തിൽ അമ്മയെ കുറിച്ചുള്ള ഹൃദയഹാരിയായ കുറിപ്പ് പങ്കുവച്ച് മകൻ സിദ്ധാർഥ് ഭരതൻ. ഫെബ്രുവരി 22നായിരുന്നു മലയാളികളുടെ പ്രിയ നടി ഓർമയായത്. ലളിത വിട വാങ്ങി ദിവസങ്ങൾ പിന്നിടുമ്പോൾ അവരുടെ ജന്മദിനവും ആരാധകർക്കു് നൊമ്പരമാവുകയാണ്. പുതിയ ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തുകൊണ്ട് ശുഭകരമായ ഈ ദിവസം തന്നെ ജോലിയിലേക്ക് തിരികെ പ്രവേശിക്കുകയാണെന്ന് സിദ്ധാർഥ് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.

സിദ്ധാർഥിന്റെ വാക്കുകൾ: 'അമ്മ മരിച്ചിട്ട് ഇന്നലെ 16 ദിവസം പൂർത്തിയായി. ഔദ്യോഗികമായ ദുഃഖാചരണം അതോടെ അവസാനിക്കുകയാണ്. ഇന്ന് അമ്മയുടെ ജന്മദിനം കൂടിയാണ്. ശുഭകരമായ ഈ ദിവസം തന്നെ എന്റെ പുതിയ ചിത്രമായ 'ജിന്നി'ന്റെ ടീസർ റിലീസ് ചെയ്തുകൊണ്ട് ജോലിയിലേക്ക് തിരികെ പ്രവേശിക്കാമെന്നു കരുതി. അമ്മയുടെ വിയോഗത്തിൽ നിന്ന് കര കയറാൻ നിങ്ങളുടെ ഓരോരുത്തരുടെയും പിന്തുണയും അനുഗ്രഹവും ഉണ്ടാകണം.'

പ്രമുഖ താരങ്ങളും സഹപ്രവർത്തകരും ജന്മദിനത്തിൽ കെപിഎസി ലളിതയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. ഈ വിയോഗം നേരിടാനുള്ള കരുത്ത് സിദ്ധാർഥിനും കുടുംബത്തിനും ഉണ്ടാകട്ടെയെന്ന പ്രാർത്ഥനയും അവർ പങ്കുവച്ചു. അതേസമയം, മികച്ച പ്രതികരണമാണ് സിദ്ധാർഥിന്റെ പുതിയ ചിത്രമായ ജിന്നിന്റെ ടീസറിന് ലഭിക്കുന്നത്. സൗബിൻ ഷാഹിർ, ശാന്തി ബാലചന്ദ്രൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഷറഫുദ്ദീൻ, ഷൈൻ ടോം ചാക്കോ, സാബുമോൻ എന്നിവരും ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നു. 'കലി'ക്ക് ശേഷം രാജേഷ് ഗോപിനാഥൻ തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്.