- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഡംബര വില്ലകളിലും നൗകകളിലും സ്വകാര്യ ജെറ്റുകളിലും സുഖിച്ചു ജീവിച്ച ഈ ഏഴു മക്കൾ ഇനി എന്തുചെയ്യും? ആഡംബരത്തിന്റെ അവസാന വാക്കായ റോമൻ അബ്രമോവിച്ച് നേരം വെളുത്തപ്പോൾ പട്ടിണിക്കാരൻ; എത്ര സ്വത്തുണ്ടെങ്കിലും ഞൊടിയിടയിൽ എല്ലാം തീരുമെന്ന് പഠിപ്പിക്കുന്ന ചെൽസി ഉടമയുടെ കഥ
പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും എന്നാണ് പഴമുറക്കാർ പറഞ്ഞു തന്നിരിക്കുന്നത്. ആ പഴഞ്ചൊല്ലിൽ തീർത്തും പതിരില്ലെന്ന് തെളിയിക്കുകയാണ് റോമൻ അബ്രമൊവിച്ച് എന്ന റഷ്യൻ സഹസ്രകോടീശ്വരന്റെ കഥ. സൊവിയറ്റ് യൂണിയൻ തകർന്നപ്പോൾ അന്നുവരെ സർക്കാർ ഉടമയിലുണ്ടായിരുന്ന വ്യവസായങ്ങൾ എല്ലാം തന്നെ സ്വകര്യ വ്യക്തികളുടെ കൈകളിൽ എത്തി. പണവും രാഷ്ട്രീയ സ്വാധീനവും ഉപയോഗിച്ച് പലരും അവയിൽ പലതും വളഞ്ഞ വഴിയിലൂടെ കരസ്ഥമാക്കി. ഒരു രാജ്യത്തെ ജനതയ്ക്ക് മൊത്തത്തിൽ അവകാശപ്പെട്ട സ്വത്താണ് ഇങ്ങനെ അവർ സ്വന്തമാക്കി ഒരൊറ്റ രാത്രികൊണ്ട് കോടീശ്വരന്മാരായത്.
റഷ്യൻ ഒളിഗാർക്ക്സ് എന്ന് വിളിക്കപ്പെടുന്ന റഷ്യയിൽ ഈ നവ സമ്പന്നരുടെ കൂട്ടത്തിൽ ഏറെ പ്രശസ്തനായൊരു വ്യക്തിയാണ് റോമൻ അബ്രാമോവിച്ച്. തകർന്ന സോവിയറ്റ് യൂണിയന്റെ സമ്പന്നമായ എണ്ണപ്പാടങ്ങളിലായിരുന്നു ഇയാളുടെ കണ്ണുകൾ. അന്ന് റഷ്യൻ പ്രസിഡണ്ടായിരുന്ന ബോറിസ് യെൽറ്റ്സിനുമായുള്ള അടുപ്പം മുതലെടുത്ത് അവയിൽ പലതും വളഞ്ഞവഴിക്ക് കൈക്കലാക്കി ഇയാൾ അതിസമ്പന്നനാവുകയായിരുന്നു. മറ്റ് നവ സമ്പന്നരെ പോലെ തന്നെ ഇയാളുടെയും നിക്ഷേപങ്ങളിൽ അധികവും പാശ്ചാത്യ നാടുകളിൽ തന്നെയായിരുന്നു പിന്നീട്.
റഷ്യയിൽ പലയിടങ്ങളിലും ഇപ്പോഴും പട്ടിണിയും പരിവട്ടവുമായി കഴിയുമ്പോഴും രാഷ്ട്രീയ സ്വാധീനത്താൽ നേടിയെടുത്ത സ്വത്തുക്കൾ ഉപയോഗിച്ച് വിദേശങ്ങളിൽ ആഡംബര ജീവിതം നയിക്കുകയായിരുന്നു ഈ സഹസ്ര കോടീശ്വരൻ. ആഡംബര വില്ലകളും, നൗകകളും സ്വകാര്യ ജെറ്റുകളുമൊക്കെയായി ജീവിതം ആസ്വദിക്കുന്നതിനിടയിലാണ് വ്ളാഡിമിർ പുടിന്റെ രൂപത്തിൽ കാളസർപ്പയോഗമെത്തുന്നത്. റഷ്യയുടെ യുക്രെയിൻ അധിനിവേശത്തിനെതിരെ പാശ്ചാത്യ നാടുകൾ പ്രഖ്യാപിച്ച ഉപരോധത്തിൽ മറ്റു പല ഒളിഗാർക്കുമാരേയും പോലെ ഇയാളും ഉൾപ്പെട്ടു.
പുടിനുമായി ഇയാൾ പുലർത്തുന്ന അടുപ്പമായിരുന്നു ഇയാളെ ബ്രിട്ടീഷ് സർക്കാരിന്റെ നോട്ടപ്പുള്ളിയാക്കിയത്. ബ്രിട്ടനിലെ സ്വത്തുക്കളെല്ലാം മരവിപ്പിച്ചേക്കുമെന്ന സംശയത്തിൽ ഇയാൾ തന്റെ ആഡംബര വില്ലയും ചെൽസി ഫുട്ബോൾ ക്ലബ്ബുമെല്ലാം വിൽക്കാൻ ശ്രമിക്കുന്നതായ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ, തക്ക സമയത്തെ ബ്രിട്ടന്റെ നീക്കം ഇയാളുടെ പദ്ധതികൾ എല്ലാം പൊളിച്ചു. സ്വത്തുക്കൾ എല്ലാം മരവിപ്പച്ചതോടെ ഇയാൾക്ക് അതൊന്നും വിൽക്കാൻ കഴിയാത്ത സാഹചര്യമായി. മാത്രമല്ല, ഇന്നലെ പുറപ്പെടുവിച്ച പുതിയ ഉത്തരവിൽ ഇയാൾക്കെതിരെ യാത്രാ ഉപരോധവും ഏർപ്പെടുത്തിയിട്ടുണ്ട്.
ഈ ഉപരോധം ഇയാളെ മാത്രമല്ല, തികഞ്ഞ ആഡംബര ജീവിതം നയിക്കുന്ന ഇയാളുടെ ഏഴ് മക്കളേയും പ്രതികൂലമായി ബാധിക്കും. അഡംബര വസതികളിൽ ജീവിച്ച്, സമൂഹത്തിന്റെ ഉന്നത ശ്രേണീയിലുള്ളവരുമൊത്ത് ജീവിതം ആസ്വദിക്കുന്ന ഇവരുമായി ചങ്ങാത്തം കൂടാൻ ആളുകൾ മടിക്കും എന്നതാണ് പ്രധാന കാരണം. അച്ഛൻ നേടിത്തന്ന കുപ്രസിദ്ധികാരണം ഇനി സമൂഹത്തിലെ കുലീനവർഗ്ഗത്തിന്റെ ഏഴയലത്ത് ഇവരെ അടുപ്പിക്കുകയില്ല എന്നത് ഉറപ്പായിരിക്കുകയാണ്.
അബ്രമോവിച്ചിന്റെ മക്കളിൽ ഏറ്റവും പ്രശസ്തയായത് റോയൽ ഹോളോവേ ബിരുദധാരിയായ മകൾ സോഫിയ എന്ന 27 കാരിയാണ്. തികഞ്ഞ അശ്വാഭ്യാസികൂടിയായ ഇവർ ബെക്കാമിനോടും രാംസേയോടൊപ്പവും ഒക്കെയായിരുന്നു വിരുന്നുകളിൽ പങ്കെടുത്തിരുന്നത്. അബ്രമോവിച്ചിന്റെ രണ്ടാം ഭാര്യയിലെ മൂന്നു മക്കളിൽ ഇളയവളാണ് സോഫിയ. ഇബിസയിലും, മാലിദ്വീപിലും സെയിന്റ് ബാർട്സിലെ തന്റെ പിതാവിന്റ്ഗെ 70 ഏക്കർ എസ്റ്റേറ്റിലുമൊക്കെ ഒഴിവുകാലം ആസ്വദിക്കുന്ന സോഫിയയുടെ ചിത്രങ്ങളാണ് അവരുടെ ഇൻസ്റ്റാഗ്രാം നിറയെ.
ലണ്ടനിൽ കുടുംബത്തോടൊപ്പവും പടിഞ്ഞാറൻ സസ്സെക്സിലെ ഫിനിങ് ഹിൽ എസ്റ്റേറ്റിലുമായാണ് ഇവർ സമയം ചെലവിടുന്നത്. ഇവരുടെ മാതാവിന് വിവാഹമോചന സമയത്ത് നഷ്ടപരിഹാരമായി ലഭിച്ചതാണ് 150 മില്യൺ പൗണ്ട് വിലയുള്ള ഈ എസ്റ്റേറ്റ്.ഇന്നലെ പുറത്തിറക്കിയ ഉപരോധ ഉത്തരവനുസരിച്ച് അബ്രമോവിച്ചിന്റെയും മറ്റ് ആറ് റഷ്യൻ നവസമ്പന്നരുടെയും ബ്രിട്ടനിലുള്ള മുഴുവൻ സ്വത്തുക്കളും മരവിപ്പിച്ചിരിക്കുകയാണ്. മാത്രമല്ല ഇവർക്ക് യാത്രാവിലക്കുമുണ്ട്. ഏതെങ്കിലും ബ്രിട്ടീഷ് പൗരനോ സ്ഥാപനമോ ഇവരുമായി വ്യാപാര വാണിജ്യ ഇടപാടുകൾ നടത്തുന്നതും വിലക്കിയിരിക്കുകയാണ്.
പുടിനുമായുള്ള തന്റെ അച്ഛന്റെ അടുപ്പം പാശ്ചാത്യ ലോകത്ത് ഏറെ ദോഷം ചെയ്യും എന്ന് മനസ്സിലാക്കിയായിരുന്നു സോഫിയ കഴിഞ്ഞദിവസം റഷ്യൻ അധിനിവേശത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ കൂടി കടുത്ത ഭാഷയിൽ പ്രതികരിച്ചത്. എന്നാൽ അതൊന്നും, സുഹൃത്തുക്കളുമായുള്ള ബന്ധം നിലനിർത്താൻ സോഫിയയെ സഹായിച്ചേക്കില്ല എന്നാണ് പൊതുവേ കരുതപ്പെടുന്നത്. സമൂഹത്തിന്റെ ഉന്നത ശ്രേണിയിലുള്ളവർ എപ്പോഴും തങ്ങളുടെ പേരിന് കളങ്കം തട്ടാതിരിക്കാൻ ജാഗരൂകരായിരിക്കും. അബ്രമോവിച്ചിനെ പോലുള്ള ഒരാളുടെ മകൾ കൂടെയുണ്ടാകുന്നത് അവർക്ക് ആലോചിക്കുവാൻ പോലും കഴിയാത്ത കാര്യമായിരിക്കും.
അബ്രമോവിച്ചിനും മറ്റ് ആറ് നവസമ്പന്നർക്കുമെതിരെ കടുത്ത നടപടികൾ കൈക്കൊള്ളുന്നതിലൂടെ ബ്രിട്ടൻ നൽകുന്നത് ശക്തമായ ഒരു സന്ദേശം തന്നെയാണ്. പുടിനെ പിന്തുണയ്ക്കുന്നവരെ നേരിടാൻ ഏതറ്റം വരെയും പോകും എന്നാണ് ഇത് തെളിയിക്കുന്നത്. സ്വത്തുക്കൾ എല്ലാം മരവിപ്പിച്ചപ്പോഴും ചെൽസി ക്ലബ്ബ് വിൽക്കുന്നതിനുള്ള അനുമതി നൽകാൻ സർക്കാർ സന്നദ്ധമായേക്കും. ക്ലബ്ബിന്റെ ഭാവിയെ കരുതിയുള്ളതാണ് ഈ തീരുമാനം. എന്നാൽ, ഇത് വിൽക്കുക വഴി അബ്രമോവിച്ചിന് സാമ്പത്തിക നേട്ടമൊന്നും ലഭിക്കുകയില്ല. വിറ്റു കിട്ടുന്ന പണം മരവിപ്പിക്കുകയോ അല്ലെങ്കിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചെലവാക്കുകയോ ആയിരിക്കും സർക്കാർ ചെയ്യുക.
പുടിന്റെ സ്തുതിപാഠകർക്ക് ബ്രിട്ടനിലിടമില്ലെന്ന് വ്യക്തമായി പറഞ്ഞ ബോറിസ് ജോൺസൺ ഈ ആറു ഒളിഗാർക്ക് മാരുടെയും ആഡംബര നൗകകൾക്കായുള്ള തിരച്ചിൽ ആരംഭിച്ചു കഴിഞ്ഞു. പുതിയ ഉത്തരവ് പ്രകാരം, ഇവർ സ്വന്തമാക്കുകയോ ചാർട്ടർ ചെയ്യുകയോ ചെയ്തിട്ടുള്ള നൗകകൾ, ജെറ്റ് വിമാനങ്ങൾ എന്നിവ ബ്രിട്ടീഷ് സർക്കരിന് പിടിച്ചെടുക്കാനാകും. ഇത്തരത്തിൽ യൂറോപ്യൻ യൂണിയൻ ഉപരോധം ഏർപ്പെടുത്തിയതിനെ തുടർന്ന് മറ്റൊരു റഷ്യൻ നവസമ്പന്നനായ ഐഫോർ സെചിന്റെസ്വകാര്യ നൗക ഫ്രഞ്ച് കസ്റ്റംസ് പിടിച്ചെടുത്തിരുന്നു.
എന്നാൽ, അബ്രമോവിച്ചിന്റെ ആഡംബര നൗകകൾ പിടിച്ചെടുക്കുക അത്ര എളുപ്പമാകില്ല. ഒരാഴ്‌ച്ച മുൻപ് ബാഴ്സിലോണിയയിൽ ഉണ്ടായിരുന്ന ഈ നൗക സിസിലി തീരം കടന്ന് പോയ്ക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ട്. ഇസ്രയേലിലേക്കായിരിക്കും ഇത് പോവുക. യഹൂദനായ അബ്രമോവിച്ചിന് ഇസ്രയേലിലും പൗരത്വമുണ്ട്. ഇയാളുടെ മറ്റൊരു ആഡംബര നൗക ഇപ്പോൾ കരീബിയൻ കടലിലാണ്.
ന്യൂസ് ഡെസ്ക്