തിരുവനന്തപുരം - രാജ്യം നേരിടുന്ന യഥാർഥ പ്രശ്‌നങ്ങൾ വിലയിരുത്തി വോട്ടവകാശം വിനിയോഗിക്കുന്നതിന് പകരം ബിജെപി ഉയർത്തിയ വംശീയ രാഷ്ട്രീയത്തിന്റെ സ്വാധീനത്തിന് ഭൂരിപക്ഷം വോട്ടർമാർ വിധേയമാകുന്നു എന്ന ആപൽക്കരമായ സന്ദേശമാണ് അഞ്ച് സംസ്ഥാനങ്ങളിലെ ജനവിധയെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. ഇന്ത്യയുടെ രാഷ്ട്രീയ മാറ്റങ്ങളിൽ നിർണ്ണായകം എന്നു വിശേഷിപ്പിക്കപ്പെടാറുള്ള ഉത്തർ പ്രദേശിൽ തികച്ചും ജനവിരുദ്ധമായ ഭരണമാണ് യോഗി ആദിത്യനാഥ് നടത്തിയത്. കൂടാതെ കർഷക സമരത്തിന്റെ അലയൊലികളും നിലവിലുണ്ടായിരുന്നു. ബിജെപിക്ക് വൻ തിരിച്ചടി ഉണ്ടാകേണ്ട എല്ലാ സാഹചര്യവും ഉണ്ടായിരുന്നു. എന്നിട്ടും ബിജെപിക്ക് വിജയിക്കാനായത് നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ അവർ അഴിച്ചു വിട്ട വംശീയ പ്രചരണങ്ങളിലൂടെയാണ്. എൻപതും ഇരുപതും തമ്മിലുള്ള മത്സരമാണ് നടക്കുന്നതെന്ന ബിജെപി കാമ്പയിനിന്റെ ലക്ഷ്യത്തിന് അനുകൂലമായി വലിയ തോതിൽ വർഗ്ഗീയ ധ്രുവീകരണം നടന്നിരിക്കുന്നു എന്ന് വേണം മനസ്സിലാക്കാൻ. ബിജെപിക്കെതിരെ രാഷ്ട്രീയ സഖ്യമോ മുന്നണിയോ രൂപവത്കരിക്കുന്നതിൽ മതേതര പാർട്ടികൾ നിരന്തരം പരാജയപ്പെടുന്നതിന്റെ തിരിച്ചടി കൂടിയാണ് തെരഞ്ഞെടുപ്പ് ഫലം.

മതന്യൂനപക്ഷങ്ങളും പിന്നാക്ക വിഭാഗങ്ങളും കാണിച്ച സ്വയം ജാഗ്രത കാരണമാണ് യു.പിയിൽ എസ്‌പിക്ക് വോട്ടും സീറ്റും ഉയർത്താനായത്. ബിജെപി ഇതര പാർട്ടി എന്ന നിലയിൽ പഞ്ചാബിലെ ആം ആദ്മി പാർട്ടിയുടെ വിജയം ആശ്വാസകരമാണ്. ഉത്തരാഖണ്ഡിൽ കോൺഗ്രസ് നേതൃത്വത്തിന്റെ പിടിപ്പ് കേടുകൊണ്ട് വിളിച്ചു വരുത്തിയ പരാജയമാണ് സംഭവിച്ചത്. വിജയിക്കാൻ കഴിയുന്ന രാഷ്ട്രീയ സഖ്യങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നതിന് പകരം ഒറ്റ പാർട്ടിയായി ശക്തി തെളിയിക്കുക എന്ന കോൺഗ്രസ് അഹന്തക്കേറ്റ തിരിച്ചടിയാണ് ഗോവയിലും മണിപ്പൂരിലും അടക്കം ഉണ്ടായത്. ഇതെല്ലാം ബിജെപി വിജയത്തെ സഹായിച്ച ഘടകങ്ങളാണ്. പ്രവർത്തകർക്ക് പോലും ആത്മവിശ്വാസം നൽകാത്ത ദേശീയ നേതൃത്വത്തിന്റെ നിരുത്തരവാദ നിലപാട് മൂലം കോൺഗ്രസ് പ്രാദേശിക പാർട്ടിയായി ചുരുങ്ങുകയാണ്. സിപിഎം നേതൃത്വം നൽകുന്ന ഇടതുപക്ഷത്തിനും രാഷ്ട്രീയ സ്വാധീനം നേടാനാകുന്നില്ലെന്നു മാത്രമല്ല സ്വാധീന മേഖലകളിൽ പോലും അവർ നാമാവശേഷമായി.

ബിജെപിയെ പുറത്താക്കുക എന്ന ഒറ്റ ലക്ഷ്യത്തിലും മറ്റ് കക്ഷി രാഷ്ട്രീയ താൽപ്പര്യങ്ങൾ മാറ്റി വെച്ചമുള്ള ഉറച്ച ഫാഷിസ്റ്റ് വിരുദ്ധ ഫെഡറൽ രാഷ്ട്രീയ മുന്നണിക്ക് മാത്രമെ നിലവിലെ ഇന്ത്യൻ സാഹചര്യത്തിൽ മതനിരപേക്ഷതയും ജനാധിപത്യവും തിരിച്ച് പിടിക്കാൻ കഴിയുകയുള്ളൂ. മറ്റ് അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ച് അതിന് ഇനിയെങ്കിലും സന്നദ്ധമായില്ലെങ്കിൽ രാജ്യം സമ്പൂർണ ഹിന്ദുത്വ വംശീയ രാഷ്ടമാകുമെന്ന മുന്നറിയിപ്പാണ് ഇപ്പോഴത്തെ ജനവിധി. ഇത് മുൻനിർത്തി രാജ്യത്തെ നിലനിർത്താനും ആർ.എസ്.എസ് അജണ്ടയെ രാഷ്ട്രീയമായി ചെറുത്ത് തോൽപ്പിക്കാനും കൂടുതൽ വിപുലമായ ജനാധിപത്യ ചേരി കെട്ടിപ്പടുക്കാൻ എല്ലാ മതേതര കക്ഷികളും സന്നദ്ധമാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.