തിരുവനന്തപുരം: സുസ്ഥിര സാമ്പത്തിക സേവനങ്ങൾ ലക്ഷ്യമിട്ട് പ്രമുഖ ഓൺലൈൻ സാമ്പത്തിക സേവന സോഫ്റ്റ് വെയർ കമ്പനി ഫിനസ്ട്ര നാലാമത് വാർഷിക ഹാക്കത്തോൺ തിരുവനന്തപുരത്ത് അവതരിപ്പിച്ചു. ഏപ്രിൽ 10 വരെ എൻട്രികൾ സമർപ്പിക്കാം. വിജയികളെ ഏപ്രിൽ അവസാനം പ്രഖ്യാപിക്കും. സാമ്പത്തിക സുസ്ഥിരത, സാമ്പത്തിക സേവനങ്ങൾ എല്ലാവർക്കും എത്തിക്കൽ, ശാക്തീകരണം എന്നീ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സംഘടിപ്പിക്കുന്ന ഹാക്കത്തോണിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് സുസ്ഥിരവും ഉൾക്കൊള്ളുന്നതുമായ ധനകാര്യം, എംബഡഡ്ഡ് ഫിനാൻസ് ,വികേന്ദ്രീകൃത ധനകാര്യം എന്നീ മൂന്ന് പ്രധാന ആശയങ്ങളെ ആധാരമാക്കിയുള്ള പ്രോജക്റ്റുകൾ സമർപ്പിക്കാം.

ഫിൻടെകുകൾ, ബാങ്കുകൾ, വിദ്യാർത്ഥികൾ എന്നീ വിവിധ മേഖലയിൽ നിന്നുമുള്ളവർ നവീന ആശയങ്ങളുമായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഫിനസ്ട്ര ഹെഡ് ഓഫ് ഇന്നവേഷൻ ചിറിൻ ചെറിൽ ബെൻസൈഡ് പറഞ്ഞു.

ഒരു സമൂഹമെന്ന നിലയിൽ നാം അഭിമുഖീകരിക്കുന്ന പല പ്രശ്‌നങ്ങളും പരിഹരിക്കുന്നതിൽ സാങ്കേതികവിദ്യ നിർണായക പങ്ക് വഹിക്കുന്നുണ്ട്. ഈ ഹാക്കത്തോണിലൂടെ കഴിവുറ്റ യുവ ഡെവലപ്പർമാർക്ക് പോസിറ്റീവ് ആയ ആശയങ്ങൾ സൃഷ്ടിക്കാൻ അവസരമൊരുക്കുന്നുവെന്ന് ചടങ്ങിൽ പങ്കെടുത്തുകൊണ്ട് കേരള അഡീഷണൽ ചീഫ് സെക്രട്ടറി ടി കെ ജോസ് പറഞ്ഞു.

വനിതാ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന ഹാക്കത്തോൺ പ്രഖ്യാപന ചടങ്ങിൽ കേരള അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, എ.പി.ജെ. അബ്ദുൾ കലാം ടെക്നോളോജിക്കൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. രാജശ്രീ എം.എസ് എന്നിവർ മുഖ്യ പ്രഭാഷകരായിരുന്നു.