ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പിൽ കനത്ത തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ കോൺഗ്രസിൽ നേതൃമാറ്റത്തിനായി സ്വരം കടുപ്പിക്കാൻ ജി 23 നേതാക്കൾ. കനത്ത തിരിച്ചടിക്ക് പിന്നാലെ ജി 23 നേതാക്കൾ അടിയന്തര യോഗം ചേരാനാണ് തീരുമാനം.

നേതൃമാറ്റവുമായി ബന്ധപ്പെട്ട് നേരത്തെ സോണിയാ ഗാന്ധിക്ക് കത്ത് നൽകിയ മുതിർന്ന നേതാക്കൾ ശനിയാഴ്ചയോ ഞായറാഴ്ചയോ യോഗം ചേർന്നേക്കുമെന്ന് എഎൻഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. അതേസമയം ആത്മ പരിശോധനയുടെ സമയം കഴിഞ്ഞുവെന്നും ഇനി തീരുമാനമെടുക്കാനുള്ള സമയമാണെന്നും കോൺഗ്രസ് നേതാവ് പ്രിഥ്വിരാജ് ചൗഹാൻ പ്രതികരിച്ചു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളിലെ കോൺഗ്രസിന്റെ ദയനീയ തോൽവിയിൽ നിരാശരാണെന്നും ജി-23 നേതാക്കൾ അടുത്ത 48 മണിക്കൂറിനുള്ളിൽ യോഗം ചേരുമെന്നും മുതിർന്ന കോൺഗ്രസ് നേതാവിനെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ വീട്ടിൽ വച്ചായിരിക്കും യോഗം ചേരുക എന്നാണ് വിവരം. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിലെ സ്റ്റാർ ക്യാമ്പയിനർ ലിസ്റ്റിൽ ഗുലാം നബി ആസാദിനേയും മനീഷ് തിവാരിയേയും ഉൾപ്പെടുത്തിയിരുന്നില്ല.

'ഈ തിരഞ്ഞെടുപ്പ് ഫലങ്ങൾ വളരെയധികം അസ്വസ്ഥതപ്പെടുത്തുന്നു, എന്നാൽ അപ്രതീക്ഷിതമായിരുന്നില്ല. ഞങ്ങൾ പഞ്ചാബിൽ എടുത്ത തീരുമാനങ്ങൾ പഞ്ചാബിലെ ജനങ്ങൾ തള്ളിക്കളഞ്ഞു. വൻ തോതിൽ അവർ കോൺഗ്രസിനെ ശിക്ഷിക്കുകയും ചെയ്തു. ഞങ്ങളുടെ എല്ലാ നേതാക്കൾക്കും സീറ്റ് നഷ്ടമായി. ആത്മ പരിശോധന നടത്താനുള്ള സമയം കഴിഞ്ഞു, നമ്മൾ തീരുമാനം എടുത്തേ പറ്റൂ' മുതിർന്ന കോൺഗ്രസ് നേതാവ് പ്രിഥ്വിരാജ് ചൗഹാൻ പറഞ്ഞു.

പാർട്ടിക്കുള്ളിലെ തിരുത്തൽവാദികളായ കപിൽ സിബൽ, ശശി തരൂർ, മനീഷ് തിവാരി അടക്കമുള്ള 23 മുതിർന്ന കോൺഗ്രസ് നേതാക്കളാണ് നേതൃമാറ്റം ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തെഴുതിയത്. കോൺഗ്രസിന് പ്രത്യക്ഷത്തിലുള്ളതും സജീവമായതുമായ ഒരു അധ്യക്ഷൻ വേണമെന്നായിരുന്നു കത്തിലെ ആവശ്യം. ഇത് പാർട്ടിക്കകത്ത് തന്നെ വലിയ വിവാദങ്ങൾക്ക് വഴിവെക്കുകയും ചെയ്തിരുന്നു.

പാർട്ടി ഗുരുതരമായ പ്രതിസന്ധി അനുഭവിക്കുന്ന ഘട്ടത്തിലെഴുതിയ കത്ത് അസമയത്തുള്ളതാണെന്നായിരുന്നു രാഹുൽ ഗാന്ധി പറഞ്ഞത്. നേതാക്കളുടെ പ്രവർത്തനം ബിജെപി.ക്കാണ് ഗുണംചെയ്യുകയെന്ന് പരോക്ഷമായി സൂചിപ്പിക്കുകയും ചെയ്തിരുന്നു. പാർട്ടിയധ്യക്ഷ ആശുപത്രിയിലായിരുന്നപ്പോൾ എഴുതിയ കത്ത് ശരിയായ നടപടിയല്ല. പാർട്ടിക്കുള്ളിലെ കാര്യങ്ങൾ മാധ്യമങ്ങളിലല്ല, പ്രവർത്തകസമിതിയിലും പാർട്ടിയിലുമാണ് ചർച്ചചെയ്യേണ്ടതെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. പിന്നീട് ഇത് നേതാക്കൾക്കിടയിൽ അസ്വാരസ്യങ്ങളും ഉടലെടുക്കാൻ കാരണമായി.

ഗുലാം നബി ആസാദ്, കപിൽ സിബൽ, ശശി തരൂർ, മനീഷ് തീവാരി തുടങ്ങിയ മുതിർന്ന നേതാക്കൾ ഉൾപ്പെടുന്നതാണ് ജി 23 സംഘം. കോൺഗ്രസ് നേരിട്ട പരാജയം വളരെ ദയനീയമായിരുന്നു. പഞ്ചാബിൽ ആം ആദ്മിയോട് തോറ്റ കോൺഗ്രസ് മറ്റു നാലു സംസ്ഥാനങ്ങളിലും തരിപ്പണമായി.

പാർട്ടിയിലെ സംഘടനാപരമായ പരിഷ്‌കാരങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് 2020ൽ ജി 23 നേതാക്കൾ സോണിയ ഗാന്ധിക്ക് കത്തയച്ചിരുന്നു. കോൺഗ്രസ് പ്രവർത്തക സമിതി (സിഡബ്ല്യുസി) യുടെ പ്രസിഡന്റ്, അംഗങ്ങൾ, പാർട്ടിയുടെ പാർലമെന്ററി ബോർഡ് എന്നിവയിലേക്കുള്ള തിരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങളാണ് അന്ന് കത്തിലുണ്ടായിരുന്നത്.തിരഞ്ഞെടുപ്പ് ഫലങ്ങളും തങ്ങൾ നേരിട്ട തോൽവിയെയും പറ്റി വിലയിരുത്താനായി ഉടൻ തന്നെ ഒരു പ്രവർത്തക സമിതിയോഗം ചേരുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സിങ് സർജേവാല കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

അഞ്ചു സംസ്ഥാനങ്ങളിലെയും ഫലങ്ങൾ കോൺഗ്രസിന്റെ പ്രതീക്ഷയ്ക്കെതിരായിട്ടാണ് വന്നത്. ഞങ്ങളതിനെ അംഗീകരിക്കുന്നു. തെരഞ്ഞെടുപ്പിലെ പ്രകടനം വിലയിരുത്താനായി സോണിയ ഗാന്ധി വൈകാതെ തന്നെ പ്രവർത്തക സമിതിയോഗം ചേരുമെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞിരുന്നു.