ന്യൂഡൽഹി: യുക്രൈനിൽ റഷ്യ ശക്തമായ സൈനിക നടപടി തുടങ്ങിയ ആദ്യ ദിനങ്ങളിൽ ആശങ്ക ഉയർത്തിയത് യുക്രൈനിൽ ഉപരി പഠനത്തിനടക്കം എത്തിയ ഇന്ത്യൻ വിദ്യാർത്ഥികളുടെ അടക്കം മടങ്ങിവരവായിരുന്നു. എന്നാൽ ഓപ്പറേഷൻ ഗംഗയിലൂടെ ഇന്ത്യക്കാരെയും സമീപ രാജ്യത്തുള്ളവരെയും നാട്ടിലേക്ക് മടക്കി കൊണ്ടുവരാൻ കേന്ദ്രസർക്കാരിന്റെ അതിവേഗ നടപടിയിലൂടെ സാധിച്ചിരുന്നു.

സുമിയിൽ നിന്നടക്കം ഇന്ത്യൻ വിദ്യാർത്ഥികളുടെ മടക്കം സംബന്ധിച്ച വാർത്തകൾ വരുന്നതിനിടെയാണ് കോയമ്പത്തൂർ സ്വദേശി സായി നികേഷ് രവിചന്ദ്രൻ എന്ന വിദ്യാർത്ഥി റഷ്യൻ അധിനിവേശത്തിനെതിരെ പൊരുതുന്ന യുക്രൈൻ സൈന്യത്തിൽ ചേർന്നത് സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്നത്.

യുദ്ധമുഖത്ത് സൈനിക വേഷത്തിൽ സായി നികേഷ് നിൽക്കുന്നതിന്റെ അടക്കം ഫോട്ടോകൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. അതിനിടെ സായ് നികേഷിനെ നാട്ടിലേക്ക് തിരിച്ചുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കുടുംബം രംഗത്ത് വന്നിരുന്നു.

വിദേശപോരാളികളെ സ്വാഗതം ചെയ്യുന്ന യുക്രൈൻ സൈന്യത്തിൽ, ഒരു ഇന്ത്യൻ വിദ്യാർത്ഥി ചേർന്ന് റഷ്യയ്ക്ക് എതിരെ പോരാടുന്ന വാർത്ത രാജ്യത്തെ ആകെ അമ്പരപ്പിച്ചിരുന്നു. അതിനിടെയാണ്, സമാനമായ സാഹചര്യത്തിൽ റഷ്യയ്ക്കൊപ്പം ചേർന്ന് യുക്രൈനിനെതിരെ പൊരുതിയ മറ്റൊരു ഇന്ത്യക്കാരന്റെ വാർത്ത കൂടി പുറത്തുവന്നത്.

ഏഴ് വർഷം മുമ്പ് പഞ്ചാബ് സ്വദേശിയായ രവി സിങ് എന്ന ചെറുപ്പക്കാരനാണ് റഷ്യയെ അനുകൂലിക്കുന്ന യുക്രൈൻ വിമതർക്കൊപ്പം ചേർന്ന് യുക്രൈൻ സൈന്യത്തിനെതിരെ യുദ്ധം ചെയ്തത്.

കോയമ്പത്തൂർ സ്വദേശി സായി നികേഷ് രവിചന്ദ്രൻ എന്ന വിദ്യാർത്ഥിയാണ് റഷ്യൻ അധിനിവേശത്തിനെതിരെ പൊരുതുന്ന യുക്രൈൻ സൈന്യത്തിൽ ചേർന്നത്. എന്നാൽ, ഇതിനും ഏഴ് വർഷം മുമ്പ് പഞ്ചാബ് സ്വദേശിയായ രവി സിങ് എന്ന ചെറുപ്പക്കാരനാണ് റഷ്യയെ അനുകൂലിക്കുന്ന യുക്രൈൻ വിമതർക്കൊപ്പം ചേർന്ന് യുക്രൈൻ സൈന്യത്തിനെതിരെ യുദ്ധം ചെയ്തത്.

സ്വതന്ത്ര മാധ്യമപ്രവർത്തകയും ഗവേഷകയുമായ ശ്വേത ദേശായി ട്വിറ്ററിൽ രവിസിംഗിന്റെ കഥ എഴുതിയതോടെയാണ് ഈ ചെറുപ്പക്കാരന്റെ ജീവിതം വീണ്ടും ചർച്ചയായത്. 2014-15 സമയത്തെ യുക്രൈൻ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് രവി സിംഗിന്റെ വാർത്തകൾ പുറത്തുവന്നിരുന്നുവെങ്കിലും കുറേകാലമായി ഇയാളുടെ വിവരമൊന്നുമില്ലായിരുന്നു

സായി നികേഷ് യുക്രൈൻ സായുധ സേനയിൽ

യുക്രൈനിലെ കാർകിവ് എയറോനോട്ടിക്കൽ സർവകലാശാലയിൽ വിദ്യാർത്ഥിയായ സായി നികേഷ് രവിചന്ദ്രൻ ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് യുക്രൈൻ സൈന്യത്തിനൊപ്പം ചേർന്നത്. റഷ്യയ്ക്കെതിരെ പൊരുതാൻ ലോകമെങ്ങുമുള്ള വിദേശ പോരാളിളെ യുക്രൈൻ സ്വാഗതം ചെയ്തിരുന്നു. അതിനിടെയാണ്, സായി നികേഷ് ഇന്റർനാഷണൽ ലീജിയൺ ഫോർ ടെറിറ്റോറിയൽ ഡിഫെൻസിൽ ചേർന്നത്. കോയമ്പത്തൂരിലെ തുടിയലൂർ സ്വദേശിയായ ഈ 21-കാരൻ സൈനിക യൂണിഫോമിൽ ആയുധങ്ങളുമായി നിൽക്കുന്ന ചിത്രം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. കോയമ്പത്തൂരിലെ സായി നികേഷിന്റെ വീട്ടിലെത്തി ഇന്റലിജൻസ് ഉദ്യോഗസ്ഥർ വിവരം ശേഖരിച്ചിരുന്നു.

സ്‌കൂൾ പഠനം കഴിഞ്ഞ് രണ്ടു തവണ ഇന്ത്യൻ സേനയിൽ ചേരാൻ ശ്രമിച്ചിട്ടും നടക്കാതായപ്പോഴാണ് സായി നികേഷ് യുക്രൈനിൽ പഞ്ചവൽസര കോഴ്സിനു പഠിക്കാൻ യുക്രൈനിൽ ചെന്നത്. സായി നികേഷിനെക്കുറിച്ച് കുടുംബത്തിന് ഒരു വിവരവുമില്ലായിരുന്നു. ഫോണിൽ കിട്ടുന്നില്ലെന്നാണ് കുടുംബം വിശദമാക്കിയത്.

അഞ്ച് വർഷത്തെ കോഴ്സിനാണ് സായി നികേഷ് യുക്രൈനിലെത്തിയത്. റഷ്യൻ അധിനിവേശത്തിലകപ്പെട്ട യുക്രൈന് വേണ്ടി പ്രതിരോധരംഗത്തിറങ്ങാൻ സന്നദ്ധരാവുന്ന വിദേശികൾക്ക് പ്രവേശന വിസ വേണ്ടെന്ന് യുക്രൈൻ നേരത്തെ വിശദമാക്കിയിരുന്നു. വിസ താൽക്കാലികമായി എടുത്തുകളയാനുള്ള ഉത്തരവിൽ യുക്രൈൻ പ്രസിഡന്റ് ഒപ്പുവെച്ചിരുന്നു. ഇതിനെ തുടർന്ന് വിവിധ രാജ്യങ്ങളിലുള്ള ചെറുപ്പക്കാർ യുക്രൈൻ സൈന്യത്തിൽ ചേരുന്നുണ്ട്. അക്കൂട്ടത്തിലാണ് സായി ചേർന്നത്.

റഷ്യയ്ക്കായി പോരാടാൻ ഇറങ്ങിയ രവി സിങ്

സായി നികേഷിന്റെ ഇക്കാര്യത്തിലെ മുൻഗാമിയാണ് പഞ്ചാബിൽനിന്നുള്ള രവി സിങ്. എന്നാൽ, സായി നികേഷിന്റെ എതിർഭാഗത്താണ് രവി സിങ്. സായി നികേഷ് റഷ്യയ്ക്ക് എതിരെ യുക്രൈനിന്റെ പക്ഷത്തു നിൽക്കുമ്പോൾ രവി സിങ് യുക്രൈനിന് എതിരെ റഷ്യയുടെ പക്ഷത്താണ് നിന്നതും പൊരുതിയതും. കമ്യൂണിസ്റ്റുകാരനായ രവി സിങ് തികഞ്ഞ രാഷ്ട്രീയ ബോധ്യത്തോടെ, കമ്യൂണിസത്തിനെ രക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് റഷ്യയ്ക്കു വേണ്ടി ആയുധമെടുത്തത്. ആ സമയത്ത് യുക്രൈനിന് എതിരെ പൊരുതാൻ വിദേശ പോരാളികളെ റഷ്യൻ സഹായത്തോടെ യുദ്ധമുന്നണിയിൽ എത്തിച്ചിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ചെറുപ്പക്കാർ അന്ന് ഇൻസ്റ്റന്റ് യുദ്ധപരിശീലനവുമായി യുദ്ധത്തിനിറങ്ങിയിരുന്നു. അവരിൽ ഒരാളായിരുന്നു രവി സിങ്.

പഞ്ചാബിലെ ചണ്ഡീഗഡ് സ്വദേശിയാണ് രവി. ന്യൂസിലാന്റിലെ ഒരു യൂണിവേഴ്സിറ്റിയിൽ നിന്ന് ബിസിനസ്സ് മാനേജ്മെന്റിൽ ബിരുദം നേടിയ രവി സിങ് ക്രൈസ്റ്റ്ചർച്ചിൽ ഒരു റെസ്റ്റോറന്റ് മാനേജരായി ജോലി ചെയ്യുകയായിരുന്നു. അതിനിടെയാണ് യുക്രൈനിൽ കമ്യൂണിസ്റ്റുകാരായ റഷ്യൻ അനുകൂലികളെ യുക്രൈൻ സൈന്യം കൊല ചെയ്യുന്നതിൽ പ്രതിഷേധിച്ച് രവി സിങ് ആയുധമേന്തിയത്. 24 വയസ്സായിരുന്നു അന്ന് രവിക്ക്. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളിലൊന്നിന്റെ പ്രവർത്തകനായിരുന്നു രവി.

കിഴക്കൻ യൂറോപ്പിലെ ആഭ്യന്തര സംഘർഷങ്ങളും സോവിയറ്റ് യൂനിയന്റെ തകർച്ചയ്ക്കു ശേഷമുള്ള റഷ്യൻ അവസ്ഥകളും ഓൺലൈനിൽ പിന്തുടർന്നിരുന്ന രവിയുടെ ജീവിതം മാറുന്നത് 2014- യുക്രൈനിലെ ഒഡെസയിൽ നടന്ന റഷ്യൻ വിരുദ്ധ കൂട്ടക്കൊലയെ അറിഞ്ഞപ്പോഴാണെന്ന് ബ്രിട്ടീഷ് പത്രമായ ഇൻഡിപ്പൻഡന്റിൽ കിം സെൻഗുപ്ത എഴുതിയ റിപ്പോർട്ടിൽ പറയുന്നു. 2015-ൽ രവിയുമായി കിം സെൻഗുപ്ത നടത്തിയ അഭിമുഖത്തിൽ ഇക്കാര്യം വിശദമായി പറയുന്നുണ്ട്.

2014 മെയ് മാസം തെക്കൻ യുക്രൈൻ നഗരമായ ഒഡേസയിൽ റഷ്യയെ പിന്തുണക്കുന്ന വിഘടനവാദികളും യുക്രൈൻ അനുകൂലികളും തമ്മിൽ കടുത്ത സംഘർഷം നടന്നു. സോവിയറ്റ് കാലഘട്ടത്തിലെ ഏറ്റവും വലിയ ട്രേഡ് യൂണിയൻ കെട്ടിടത്തിന് അന്ന് യുക്രൈൻ അനുകൂലികൾ തീയിട്ടു. കെട്ടിടം കത്തി ചാമ്പലായി. 50 റഷ്യൻ അനുകൂലികളെങ്കിലും അന്ന് മരിച്ചു. ഇതാണ് ഒഡേസ കൂട്ടക്കൊല എന്ന് റഷ്യ വിളിക്കുന്നത്. ഈ സംഭവം തന്നെ ആഴത്തിൽ സ്പർശിച്ചതായി അഭിമുഖത്തിൽ സിങ് പറയുന്നു. തുടർന്നാണ് യുക്രൈനിലെ റഷ്യൻ അനുകൂലികളെ പിന്തുണയ്ക്കുന്ന സായുധ സംഘടനയിൽ ചേരാൻ രവി സിങ് തീരുമാനിച്ചത്. ഫാസിസത്തെ ചെറുക്കാനും കമ്മ്യൂണിസത്തെ പുനരുജ്ജീവിപ്പിക്കാനുമായി രൂപം കൊണ്ട മോസ്‌കോയിലെ എസെൻസ് ഓഫ് ടൈം പ്രസ്ഥാനത്തിൽ രവി സിങ് ചേർന്നു. തുടർന്ന് യുക്രൈനിലെ റഷ്യൻ പിന്തണയുള്ള ഖാൻ ബറ്റാലിയന്റെ ഭാഗമായി. ഇതിനിടെ റഷ്യൻ സൈന്യത്തിൽനിന്നും സായുധ പരിശീലനം ലഭിച്ചു.

സോവിയറ്റ് യൂനിയനിൽനിന്നും പിരിഞ്ഞ് പരമാധികാര രാഷ്ട്രമായി മാറിയ യുക്രൈനിലെ ഡോൺബാസ് പ്രദേശത്താണ് റഷ്യൻ അനുകൂല സംഘടനകളുടെ പോരാട്ടഭൂമി. തങ്ങൾ റഷ്യയ്ക്കൊപ്പം ചേരുമെന്നാണ് ഇവിടെയുള്ള റഷ്യൻ അനുകൂലികൾ പറയുന്നത്. എന്നാൽ, ഇത് വിഘടന വാദ പ്രവർത്തനമായാണ് യുക്രൈൻ കാണുന്നത്. ഇത് വലിയ സംഘർഷത്തിന് ഇടയാക്കി. ഇത്തവണ യുക്രൈൻ ആക്രമിക്കാനുള്ള കാരണമായി റഷ്യൻ പ്രസിഡന്റ് പുടിൻ പറഞ്ഞത്, ഡോൺബാസ് അടക്കമുള്ള റഷ്യൻ അനുകൂല പ്രദേശങ്ങൾക്ക് സ്വാതന്ത്ര്യം നൽകാനുള്ള പോരാട്ടമാണ് അതെന്നാണ്. ഡോൺബാസ് അടക്കമുള്ള അതിർത്തി പ്രദേശങ്ങളിലെ റഷ്യൻ വംശജരും യുക്രൈൻ വംശജരുമായുള്ള പ്രശ്നമാണ് റഷ്യ-യുക്രൈൻ പ്രശ്നങ്ങളുടെ അടിസ്ഥാന കാരണം.

രവി സിംഗിന്റെ കഥ തുടരാം. ഡോൺബാസിൽ എത്തിയ തന്നെ ഭാഷ അറിയില്ലെങ്കിലും സഖാക്കൾ സ്നേഹപൂർവ്വം സ്വാഗതം ചെയ്തതായി അദ്ദേഹം അഭിമുഖത്തിൽ പറയുന്നു. മറ്റ് വിദേശ രാജ്യങ്ങളിൽനിന്നും എത്തിയ പോരാളികൾക്കൊപ്പം ബറ്റാലിയനിലെ സ്പെഷ്യൽ ഫോഴ്‌സ് അംഗമെന്ന നിലയിൽ, തന്ത്രപരമായ പരിശീലനം ലഭിച്ചു.

നേരിനൊപ്പം നിന്നാണ് താൻ യുദ്ധം ചെയ്യുന്നതെന്നാണ് രവി അഭിമുഖത്തിൽ അന്ന് പറഞ്ഞത്. 'ഉക്രൈൻകാർ ഭീരുക്കളാണ്. അവർ മുഖാമുഖം പോരാടില്ല. അവർ സിവിലിയന്മാർക്ക് നേരെ ബോംബ് എറിയുന്നു' എന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്. ഡോൺബാസ് റിപ്പബ്ലിക്കിനെ റഷ്യയുമായി ചേർക്കാൻ എന്തിനും താൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ''ആറടി അഞ്ച് ഇഞ്ച് ഉയരമുള്ള ഞാൻ യുദ്ധത്തിന് ഫിറ്റാണ്. മാത്രമല്ല, നന്നായി ക്രിക്കറ്റ് കളിക്കാറുമുണ്ട്.''രവി സിങ് അന്ന് പറഞ്ഞു.

ഇരുവരും രണ്ടു ചേരിയിൽ, ഒരിക്കലും കണ്ടുമുട്ടില്ല

വീട്ടുകാർ അറിയാതയാണ് സായി നികേഷ് അന്യരാജ്യത്ത് യുദ്ധം ചെയ്യാൻ പോയത്. എങ്ങനെയെങ്കിലും അവനെ അവിടെനിന്നും തിരിച്ചുകൊണ്ടുവരണമന്നാണ് ബന്ധുക്കൾ ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിൽ പറയുന്നത്.

സമാനമായ അവസ്ഥയാണ് രവി സിംഗിനുമുണ്ടായത്. മാതാപിതാക്കൾ അറിയാതെയാണ് രവി യുക്രൈനിന് എതിരെ യുദ്ധം ചെയ്യാൻ പോയത്. ഈ വിവരമറിഞ്ഞപ്പോൾ എങ്ങനെയെങ്കിലും രവിയെ തിരിച്ചെത്തിക്കണം എന്നായിരുന്നു വീട്ടുകാരുടെ അഭ്യർത്ഥന.

കാര്യം മാറി. കാലവും. രവി ഇപ്പോൾ എവിടെയാണ്? ലോകം മുഴുവൻ യുക്രൈനിനു വേണ്ടി വിലപിക്കുമ്പോൾ, സ്വാതന്ത്ര്യത്തിനും സാഹോദര്യത്തിനും വേണ്ടി ഒരിക്കൽ നിലപാട് എടുത്ത രവി സിങ് എങ്ങനെയായിരിക്കും അതിനെ നോക്കിക്കാണുക എന്ന ചോദ്യമാണ് ഉയരുന്നത്.

പഞ്ചാബിലെ ഖലിസ്ഥാൻ പ്രസ്ഥാനത്തിന്റെ കഥകൾ കേട്ടുവളർന്ന താൻ യഥാർത്ഥ കമ്മ്യൂണിസ്റ്റാണ് എന്നാണ് രവി സിങ് അന്ന് പറഞ്ഞത്. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ഉറച്ച അനുയായിയാണ് താനെന്നും സിങ് പറഞ്ഞിരുന്നു. യുക്രൈനിൽ നടക്കുന്നത് റഷ്യൻ പക്ഷക്കാരുടെ വിഘടനവാദ പ്രസ്ഥാനമല്ല, വിമോചന പോരാട്ടമാണ് എന്നാണ് രവിയുടെ പക്ഷം. പക്ഷേ, സ്വന്തം രാജ്യമായ ഇന്ത്യയിൽ അത്തരം വിഘടനവാദ ഗ്രൂപ്പുകളെ പിന്തുണക്കില്ലെന്ന് അദ്ദേഹം തുറന്ന് പറയുന്നു. പഞ്ചാബിലെ ഖലിസ്ഥാൻ പ്രസ്ഥാനം അമേരിക്കൻ ചാരസംഘടനയായ സി ഐ എ നട്ടുവളർത്തിയതാണ് എന്നും രവി പറയുന്നു. റഷ്യൻ ചേരിയിൽ നിന്നു പോരാടാൻ ഇറങ്ങിയ രവി സിംഗും യുക്രൈന് വേണ്ടി ആയുധമെടുത്ത സായി നികേഷും പരസ്പരം കണ്ടുമുട്ടുമോ എന്നത് ഉത്തരമില്ലാത്ത ചോദ്യം മാത്രമാകുന്നു.