കീവ്: യുക്രൈനിലെ കൂടുതൽ പ്രദേശങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിച്ച് റഷ്യ. വോൾനോവാഹ നഗരത്തിന്റെ നിയന്ത്രണം റഷ്യ പിടിച്ചടക്കി. പടിഞ്ഞാറൻ യുക്രൈൻ നഗരമായ ഇവാനോ ഫ്രാൻകിവിസ്‌ക്കിലും വടക്കു പടിഞ്ഞാറൻ നഗരമായ ലുട്‌സ്‌കിലും ആക്രമണമുണ്ടായി. യുദ്ധം ആരംഭിച്ചതിനുശേഷം ഇതാദ്യമാണ് ഈ മേഖലയിൽ ആക്രമണം ഉണ്ടാകുന്നത്.

അതേ സമയം യുക്രൈനെതിരെ പോരാടാൻ മിഡിൽ ഈസ്റ്റിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നുമുള്ള സന്നദ്ധ സൈനികരെ കൂടെ ചേർക്കാൻ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ അനുമതി നൽകി. യുക്രൈനിലെ ഡോൻബാസിലെ ജനങ്ങളെ 'സഹായിക്കാൻ' വേണ്ടി ഇതിനകം തന്നെ 16,000 പേർ താത്പര്യം പ്രകടിപ്പിച്ചതായി റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷൊയ്ഗുവിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എപി റിപ്പോർട്ട് ചെയ്യുന്നു.

റഷ്യൻ സേന ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യം വയ്ക്കുന്നുവെന്നാണ് യുക്രൈൻ ആരോപണം. അതേസമയം, രാസ ജൈവായുധങ്ങളെ ചൊല്ലിയുള്ള ആരോപണ പ്രത്യാരോപണങ്ങൾ ശക്തമാകുകയും ചെയ്തു. മധ്യ യുക്രൈൻ നഗരമായ ഡിനിപ്രോയിൽ ജനവാസകേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. നഴ്‌സറി സ്‌കൂളിന് സമീപത്താണ് ആക്രമണമുണ്ടായതെന്നു യുക്രൈൻ സർക്കാർ അറിയിച്ചു.

റഷ്യൻ സേന യുക്രൈൻ തലസ്ഥാനമായ കീവിൽ നിന്നും അഞ്ചു കിലോമീറ്റർ മാത്രം അകലെയാണെന്ന് അമേരിക്കൻ പ്രതിരോധ കേന്ദ്രങ്ങൾ വ്യക്തമാക്കി. റഷ്യ - യുക്രൈൻ വിദേശകാര്യമന്ത്രിതല ചർച്ച പരാജയപ്പെട്ടതിനു പിന്നാലെയാണ് റഷ്യ ആക്രമണം കടുപ്പിച്ചത്.

ഇതിനിടയിൽ യുക്രൈൻ രാസായുധം നിർമ്മിക്കുന്നുവെന്ന റഷ്യൻ ആരോപണം പ്രസിഡന്റ് വൊളൊഡിമിർ സെലൻസ്‌കി നിഷേധിച്ചു. നേരത്തേ അമേരിക്കയ്‌ക്കെതിരെയും റഷ്യ സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. മാരകമായ ആന്ത്രാക്‌സ്, പ്ലേഗ് എന്നീ രോഗങ്ങൾ പരത്തുന്ന അണുക്കളെക്കുറിച്ചു ഗവേഷണം നടത്തുന്ന യുക്രൈനിലെ ജൈവായുധ പദ്ധതിയെ പിന്തുണച്ചതെന്തുകൊണ്ടാണെന്നു യുഎസ് വ്യക്തമാക്കണമെന്നു റഷ്യൻ വിദേശകാര്യ വക്താവ് ആവശ്യപ്പെട്ടിരുന്നു.

ആരോപണം നിഷേധിച്ച അമേരിക്ക റഷ്യയ്‌ക്കെതിരെ രൂക്ഷ വിമർശനമാണ് നടത്തിയത്. അതേസമയം, ഐക്യരാഷ്ട്ര രക്ഷാസമിതി യോഗം ചേർന്ന് റഷ്യയുടെ ആരോപണം പരിശോധിക്കാൻ തീരുമാനിച്ചു. ബ്രിട്ടനും അമേരിക്കയും റഷ്യ യുക്രെയ്‌നുമേൽ രാസായുധം പ്രയോഗിച്ചേക്കുമെന്ന ആശങ്ക പങ്കുവയ്ക്കുകയും ചെയ്തു.

സൈന്യബലം കൊണ്ടും ആയുധ ബലം കൊണ്ടും ഏറ്റവും കരുത്തരായ റഷ്യ, യുക്രൈനെ വേഗത്തിൽ കീഴടക്കാം എന്ന ലക്ഷ്യവുമായാണ് ആക്രമണത്തിനിറങ്ങിയത്. എന്നാൽ പ്രതീക്ഷിച്ചതു പോലെ അല്ല കാര്യങ്ങൾ നടന്നത്. ശക്തമായ പ്രത്യാക്രമണവും പ്രതിരോധവുമായി റഷ്യൻ സൈന്യത്തിന് മുന്നിൽ യുക്രൈൻ പിടിച്ചു നിൽക്കുകയായിരുന്നു.

സാമ്പത്തിക ലാഭം ആഗ്രഹിക്കാതെ സ്വന്തം ഇഷ്ട പ്രകാരം തയ്യാറാകുന്ന ആരെയെങ്കിലും കാണുന്നുണ്ടെങ്കിൽ അവർക്ക് ആവശ്യമായ സഹായങ്ങൾ നൽകണമെന്നും സംഘർഷ മേഖലയിലേക്ക് പോകാൻ അവരെ സഹായിക്കണമെന്നും പുടിൻ നിർദ്ദേശിച്ചുവെന്നാണ് വിവരം.