ലഖ്നൗ: ഉത്തർ പ്രദേശിൽ ബിജെപി തുടർഭരണം ഉറപ്പിച്ച് ചരിത്ര ജയത്തോടെ മുന്നേറുമ്പോൾ ഏറ്റവും കൂടുതൽ അഭിനന്ദിക്കപ്പെടുന്നത് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ്. അതിൽ ഏറ്റവും മനോഹരമായ ഒരു അഭിനന്ദനത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

ഉത്തർ പ്രദേശിൽ ബിജെപിയുടെ പ്രധാന ശത്രുവായ സമാജ്വാദി പാർട്ടി നേതാവായ മുലായം സിങ്ങ് യാദവിന്റെ ചെറുമകൾ യോഗിക്ക് തിലകം ചാർത്തുന്നതാണ് ആ വീഡിയോയിലുള്ളത്. മുലായം സിങ്ങ് യാദവിന്റെ മരുമകളും ബിജെപി നേതാവുമായ അപർണ യാദവ് അഭിനന്ദനം നേരിട്ട് അറിയിക്കാൻ മകളോടൊപ്പം വെള്ളിയാഴ്‌ച്ച രാവിലെ മുഖ്യമന്ത്രിയുടെ വസതിയിലെത്തുകയായിരുന്നു.

ഏഴു സെക്കന്റ് ദൈർഘ്യമുള്ള തിലകം ചാർത്തുന്ന വീഡിയോ അപർണ യാദവും വാർത്താ ഏജൻസിയായ എഎൻഐയും ട്വീറ്റ് ചെയ്തിട്ടുണ്ട്. യുപിയിൽ 255 സീറ്റുകൾ നേടിയാണ് ബിജെപി ഭരണം നിലനിർത്തിയത്. എസ്‌പി 111 സീറ്റുകൾ നേടിയപ്പോൾ ബിഎസ്‌പിക്ക് ഒരൊറ്റ സീറ്റ് മാത്രമാണ് ലഭിച്ചത്.

തിരഞ്ഞെടുപ്പ് വിജയത്തിൽ യോഗി ആദിത്യനാഥിന് അപർണ ആശംസകൾ നേർന്നു. എസ്‌പിയുടെ മോശം പ്രകടനത്തിന് ഇവിഎമ്മുകളെ കുറ്റപ്പെടുത്താനാകില്ലെന്നും ഇതിനേക്കാൾ മികച്ചൊരു ഭരണനേതൃത്വം ഇനി ഉത്തർ പ്രദേശിന് ലഭിക്കാനിടയില്ലെന്നും അപർണ മാധ്യമങ്ങളോട് പ്രതികരിച്ചു.