- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറു പേർക്ക് പുതുജീവൻ നൽകിയ വിഷ്ണുവിന് നാടിന്റെ യാത്രാ മൊഴി; യുവാവിന്റെ ജീവൻ പൊലിഞ്ഞത് ബംഗളൂരുവിൽ ഉണ്ടായ അപകടത്തിൽ

കണ്ണൂർ: ബംഗളൂരുവിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ട വിഷ്ണുവിന് നാടിന്റെ യാത്രാമൊഴി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നിന്നും ശനിയാഴ്ച വൈകുന്നേരം 3:30 ഓടെയാണ് വിഷ്ണുവിന്റെ മൃതദേഹം നാട്ടിലെത്തിച്ചത്. തുടർന്ന് തൃക്കണ്ണാപുരം ഗ്രാമീണ വായനശാല പരിസരത്ത് പൊതുദർശനത്തിന് വച്ചു. നാട്ടുകാരും സുഹൃത്തുക്കളും ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ നിന്നായി നിരവധി പേരാണ് വിഷ്ണുവിന്റെ ചേതനയറ്റ ശരീരം അവസാനമായി ഒരു നോക്ക് കണ്ട് അന്തിമോപചാരം അർപ്പിക്കാനായി എത്തിയത്.
പൊതുദർശനം പൂർത്തിയാക്കിയ ശേഷം മൃതദേഹം വീട്ടിലെത്തിച്ചു. തുടർന്ന് മൃതദേഹം വൈകുന്നേരം 4 മണിയോടെ വലിയ വെളിച്ചം ശാന്തി വനം വാതക ശ്മശാനത്തിൽ സംസ്‌കരിച്ചു. കഴിഞ്ഞ ദിവസം ബംഗളുരുവിൽ വച്ച് വിഷ്ണു സഞ്ചരിച്ച ബൈക്കും മറ്റൊരും സ്‌കൂട്ടറും കൂട്ടിയിടിച്ചാണ് ഇരുപത്തിയൊന്നുകാരനായ ഗുരുതരമായി പരിക്കേറ്റത്.ഉടൻ ബംഗളുരുവി ലെ ആശുപത്രിയിലും, കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കി ലും ഇതിനകം തന്നെ മസ്തിഷ്‌ക മരണം സംഭവിച്ചിരുന്നു.
ഇതോടെയാണ് മകന്റെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ തീരുമാനിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി ശസ്ത്രക്രിയയിലൂടെ ഹൃദയം, കണ്ണ്, കിഡ്‌നി, കരൾ എന്നീ അവയവങ്ങൾ ദാനം ചെയ്യുകയായിരുന്നു. തൃക്കണ്ണാപുരത്തെ നന്ദനത്തിൽ സുനിൽ കുമാർ- ജിഷ ദമ്പതികളുടെ മകനാണ് വിഷ്ണു. കൃഷ്ണ പ്രിയ സഹോദരിയാണ്.


