കോലഞ്ചേരി: കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളി മുറ്റത്ത് നിന്നും ഏഴാം മാർത്തോമ്മായുടെ കബറിടം കണ്ടെത്തി. പള്ളിയുടെ വടക്കേ മുറ്റത്ത് പുനരുദ്ധാരണ പ്രവൃത്തികൾക്കായി മണ്ണു നീക്കിയപ്പോഴാണ് കബറിടം കണ്ടെത്തിയത്. വെട്ടുകല്ലു കൊണ്ടു നിർമ്മിച്ച കല്ലറയും തിരുശേഷിപ്പുകളായി അസ്ഥിയുടെ അംശവും കുന്തിരിക്കവുമാണ് കണ്ടെത്തിയത്. പ്രാർത്ഥനയ്ക്കുശേഷം അവിടെത്തന്നെ തിരുശേഷിപ്പ് അടക്കം ചെയ്തു.

പള്ളിയിൽ ഏഴാം മാർത്തോമ്മായുടെ ഓർമ ദിനം എല്ലാ വർഷവും ആചരിക്കാറുണ്ടെങ്കിലും കബറിടം വിസ്മൃതിയിൽ പെട്ടു പോയിരുന്നു. പള്ളിക്കു വടക്കു വശത്തുണ്ടായിരുന്ന തണ്ടികയുടെ കിഴക്കേ അറ്റത്താണ് ഏഴാം മാർത്തോമ്മായെ കബറടക്കിയതെന്നു ജോസഫ് മാർ പക്കോമിയോസിന്റെ 'മുറിമറ്റത്തിൽ ബാവാ മലങ്കരയിലെ ഒന്നാം കാതോലിക്കാ' എന്ന പുസ്തകത്തിലെ പരാമർശത്തെ സാധൂകരിക്കുന്നതാണ് ഇന്നലെ കണ്ടെത്തിയ തിരുശേഷിപ്പ്.

കബറിൽനിന്നു ലഭിച്ച പരിശുദ്ധന്റെ അസ്ഥികൾ, അവ കണ്ടെടുത്ത സ്ഥലത്തുതന്നെ കബർ നിമ്മിച്ച് അതിനുള്ളിൽ അടക്കം ചെയ്യുമെന്നും കബറിനോടനുബന്ധിച്ചു കബർമുറി നിർമ്മിക്കുമെന്നും ഇടവക വികാരി ഫാ. ജേക്കബ് കുര്യൻ അറിയിച്ചു. കബറിന്റെ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്.കബറിന്റെ പണികൾ ആരംഭിക്കുകയും ചെയ്തു.

1808 ഏപ്രിൽ 8 മുതൽ 1809 ജൂലൈ 4നു കാലം ചെയ്യുന്നതു വരെ മലങ്കര സഭയുടെ പ്രധാന മേലധ്യക്ഷനായിരുന്നു ഏഴാം മാർത്തോമ്മാ. കണ്ടനാട് ആസ്ഥാനമാക്കിയാണു ഭരണം നടത്തിയിരുന്നത്. 1809 ജൂലൈ നാലിനാണ് കാലം ചെയ്തത്. കോലഞ്ചേരി പള്ളിയിൽ കബറടക്കി. മാർത്തോമ്മാ ഏഴാമന്റെ ഓർമ്മദിനം ആചരിക്കാറുണ്ടെങ്കിലും കോലഞ്ചേരി പള്ളിയിലെ കബറിടം വിസ്മൃതിയിലായി. ദീർഘ കാലമായി നിലനിന്ന തർക്കം മൂലമാണ് ഇതു സംരക്ഷിക്കപ്പെടാതെ പോയതെന്നു പള്ളി ഭാരവാഹികൾ പറഞ്ഞു.