കൊട്ടാരക്കര: തിരക്കുള്ള ക്ഷേത്രങ്ങളിൽ ദർശനത്തിനിടെ, സൂക്ഷിച്ചില്ലെങ്കിൽ, സ്വർണമോഷണക്കാർക്ക് ഇരയാകാം. ക്ഷേത്രാധികാരികൾ തന്നെ ചിലപ്പോൾ മുന്നറിയിപ്പ് നൽകാറുണ്ട്. പട്ടാഴി ദേവി ക്ഷേത്രത്തിൽ നടന്നൊരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡയയിൽ വാർത്തയായത്. ക്ഷേത്രത്തിൽ തൊഴുത് നിൽക്കവേ വീട്ടമ്മയുടെ മാല മോഷണം പൊയി. എന്നാൽ മാല മോഷണം പോയതിന്റെ വിഷമത്തിൽ പൊട്ടിക്കരഞ്ഞ വീട്ടമ്മയ്ക്ക് മറ്റൊരു സ്ത്രീ രണ്ടു സ്വർണ വളകൾ ഊരി നൽകി. ഇപ്പോൾ ഈ സ്ത്രീയെ തേടുകയാണ് പട്ടാഴിക്കാർ. കൊട്ടാരക്കര മൈലം പള്ളിക്കൽ മുകളിൽ മങ്ങാട് വീട്ടീൽ സുഭദ്ര(67)യുടെ മാലയാണ് മോഷണം പോയത്.

കശുവണ്ടി തൊഴിലാളിയാണ് സുഭദ്ര. ക്ഷേത്ര സന്നിധിയിൽ തൊഴുത് നിൽക്കവേയാണ് രണ്ടു പവന്റെ മാല മോഷണം പോയത്. കരഞ്ഞുനിലവിളിച്ച സുഭദ്രയുടെ അടുത്തേക്ക് ഒരു സ്ത്രീ എത്തുകയായിരുന്നു. തുടർന്ന് തന്റെ കയ്യിൽ കിടന്ന രണ്ടു വളകൾ ഊരി നൽകുകയായിരുന്നു. ഒറ്റകളർ സാരി ധരിച്ച കണ്ണട വച്ച സ്ത്രീയെ പിന്നെ കണ്ടെത്താനായില്ല.

'അമ്മ കരയണ്ട. ഈ വളകൾ വിറ്റ് മാല വാങ്ങി ധരിച്ചോളൂ. മാല വാങ്ങിയ ശേഷം ക്ഷേത്രത്തിൽ എത്തി പ്രാർത്ഥിക്കണം' വള ഊരി നൽകിയ ശേഷം സുഭദ്രയോട് ആ സ്ത്രീ പറഞ്ഞു. രണ്ടു പവനോളം വരുന്ന വളയാണ് നൽകിയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ക്ഷേത്രഭാരവാഹികൾക്ക് സ്ത്രീയെ കണ്ടെത്താനായില്ല.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഭർത്താവ് കെ.കൃഷ്ണൻകുട്ടി ആചാരിയോടൊപ്പം സുഭദ്ര വീട്ടിലേക്ക് മടങ്ങി. കശുവണ്ടി തൊഴിലാളിയായ സുഭദ്ര ഏറെ ആഗ്രഹിച്ച് വാങ്ങിയ മാലയാണ് മോഷണം പോയത്.