ഉമ്മുൽഖുവൈൻ: വാക്കുതർക്കത്തിനിടെ യുഎഇയിൽ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തിയ പ്രവാസിക്ക് കോടതി വധശിക്ഷ വിധിച്ചു. യുഎഇയിലെ ഉമ്മുൽഖുവൈൻ എമിറേറ്റിലാണ് സംഭവം. 35 വയസുകാരനായ പ്രതി, തന്റെ ഒപ്പം താമസിച്ചിരുന്ന 45 വയസുകാരനെയാണ് കുത്തിക്കൊലപ്പെടുത്തിയത്.

ഉമ്മുൽ ഖുവൈനിലെ ഹംറ ഡിസ്ട്രിക്ടിൽ വാടകയ്‌ക്കെടുത്ത ഒരു വീട്ടിലെ ഒരു മുറിയിലായിരുന്നു കൊല്ലപ്പെട്ടയാളും പ്രതിയും താമസിച്ചിരുന്നത്. ഇരുവരും ഒരേ രാജ്യക്കാരായിരുന്നുവെന്ന് കോടതി രേഖകൾ പറയുന്നു. തന്റെ ഭാര്യയുമായി ഫോണിൽ സംസാരിക്കുന്നതിനെ ശല്യം ചെയ്തതിനെച്ചൊല്ലി പ്രതിയും കൊലപ്പെട്ടയാളും തമ്മിൽ വാക്കേറ്റമുണ്ടായി.

തർക്കത്തിനൊടുവിൽ സുഹൃത്ത് പ്രതിയുടെ മൂക്കിൽ ഇടിച്ച് പരിക്കേൽപ്പിച്ചു. ഇതിന് പകരമായാണ് പ്രതി കത്തിയെടുത്ത് കുത്തിയത്. നെഞ്ചിലും ഹൃദയത്തിലുമേറ്റ മുറിവാണ് മരണത്തിന് കാരണമായതെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തി. പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വീട്ടിലുണ്ടായിരുന്ന മറ്റുള്ളവർ തടഞ്ഞുവെച്ച് പൊലീസിന് കൈമാറുകയായിരുന്നു.