ചെന്നൈ: മൊബൈൽ ഫോൺ ക്ലാസിൽ കൊണ്ടുവന്നതിന് കോളജ് പ്രൊഫസർമാർ നിർബന്ധിപ്പിച്ച് മാപ്പു എഴുതി വാങ്ങിയതിൽ മനംനൊന്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടിലെ തെങ്കാശിയിലാണ് 18കാരി വീട്ടിനുള്ളിൽ തൂങ്ങിമരിച്ചത്.

ശനിയാഴ്ച കോളജിൽ പോകാനായി അമ്മ വിളിച്ചപ്പോഴാണ് പെൺകുട്ടിയെ മുറിക്കകത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തുവച്ച് ഒരു ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായും പൊലീസ് പറഞ്ഞു. പെൺകുട്ടി ക്ലാസിൽ സെൽഫോൺ കൊണ്ടുവന്നുവെന്ന് ആരോപിച്ച് വിദ്യാർത്ഥിനിയെ രണ്ട് അദ്ധ്യാപകർ ശകാരിച്ചതായും നിർബന്ധിച്ച് മാപ്പ് എഴുതിവാങ്ങിയതായും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.

മറ്റ് വിദ്യാർത്ഥികൾക്ക് മുന്നിൽവച്ചായിരുന്നു അദ്ധ്യാപകർ ശകാരിച്ചതെന്നും കുറിപ്പിൽ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പ്രൊഫസർമാരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.