ന്യൂഡൽഹി: ഡിസംബർ അവസാനത്തോടെ ഡൽഹിയിൽ യമുന നദിയിലേക്കുള്ള മലിനജല പ്രവാഹം നിർത്തലാക്കാൻ അഴുക്കുചാലുകൾ അടക്കുമെന്ന് അധികൃതർ. ഈ വർഷം ഡിസംബറിനകം പദ്ധതി നടപ്പാക്കുമെന്നാണ് പ്രഖ്യാപനം.

രാജ്യത്തെ ഏറ്റവും മലിനമായ നദികളിൽ ഒന്നാണ് 1300 കിലോമീറ്റർ നീളമുള്ള യമുന. ഇതിൽ 22 കിലോമീറ്റർ ദൂരം മാത്രമാണ് ഡൽഹിയിലൂടെ ഒഴുകുന്നത്. രാജ്യതലസ്ഥാനത്തെ പകുതിയിലധികം വരുന്ന പ്രദേശങ്ങളിലേക്കും വെള്ളം ലഭിക്കുന്നതും യമുനയിൽനിന്നാണ്.

യമുനാ നദിയുടെ മലിനീകരണത്തിനു പ്രധാന കാരണം ഡൽഹിയിലെ ഏകദേശം 1500 അനധികൃത കോളനികളും മറ്റു ചേരികളും പുറന്തള്ളുന്ന മലിനജലമെന്നു റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. ദേശീയ ഹരിത ട്രിബ്യൂണൽ (എൻജിടി) നിയോഗിച്ച നിരീക്ഷണ സമിതിയാണു റിപ്പോർട്ട് തയാറാക്കിയത്.

യമുനയിലേക്ക് മലിനജലം എത്തിക്കുന്ന 18 ഓവുചാലുകളാണുള്ളത്. ഈ ഓവുചാലുകളിൽ നിന്നുള്ള ജലം മലിനജല ശുദ്ധീകരണ പ്ലാന്റുകളിലേക്ക് (എസ്.ടി.പി) തിരിച്ചുവിടാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് ഗംഗ നദി ശുചീകരണ പദ്ധതി (എൻ.എം.സി.ജി) ഡയറക്ടർ ജനറൽ ജി. അശോക് കുമാർ പറഞ്ഞു. ശുദ്ധീകരിച്ച ജലം തിരികെ നദിയിലേക്ക് തിരിച്ചുവിടുന്നത് വഴി നദിയിലെ ഒഴുക്ക് വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മലിനജലത്തിന്റെ ഒഴുക്ക് കുറയുന്നതോടെ അടുത്ത പടിയായി നദിയിലേക്കുള്ള ഒഴുക്ക് നിയന്ത്രിക്കുമെന്നും അശോക് കുമാർ പറഞ്ഞു. നദിയിലേക്കുള്ള 98 ശതമാനം മലിനജലവും എത്തുന്നത് ഡൽഹിയിൽ നിന്നാണെന്ന് അധികൃതർ അറിയിച്ചു.

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സി.പി.സി.ബി) കണക്കുകൾ പ്രകാരം ഡൽഹിയിൽ പ്രതിദിനം 3800 ദശലക്ഷം ലിറ്റർ മലിനജലമാണ് ഉൽപ്പാദിപ്പിക്കപ്പെടുന്നത്. യമുനയിലെ മലിനീകരണത്തിന്റെ നോൺ പോയിന്റ് സ്രോതസ്സുകളും എൻ.എം.സി.ജി പരിശോധിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ഡൽഹിയിൽ 1,797 അനധികൃത കോളനികളുണ്ടെന്നും 40 ലക്ഷത്തോളം പേരാണ് ഈ കോളനികളിൽ ജീവിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. കോളനികളിലെ ജനസംഖ്യ കൂടിവരികയാണ്.ഇത്തരം കോളനികളിലെ ശുചിമുറികളിലെ മാലിന്യം ജലാശയങ്ങളിൽ തള്ളുന്നത് യമുനയുടെ മലിനീകരണത്തിലേക്കാണു നയിക്കുന്നത്. ഡൽഹിയിലെ ജനസംഖ്യയുടെ മൂന്നിലൊന്നും ഇപ്പോഴും സെപ്റ്റിക് ടാങ്കുകളാണ് ഉപയോഗിക്കുന്നത്.