ദീബ്രുഗഡ്: അഞ്ചു വയസ്സുള്ള പെൺകുട്ടിയെ കൊലപ്പെടുത്തിയെന്നാരോപിച്ച് അസമിൽ യുവാവിനെ ആൾകൂട്ടം മർദിച്ച് അവശനാക്കിയ ശേഷം തീയിട്ടു കൊന്നു. ദീബ്രുഗഡിലെ റോമോരിയയിൽ ശനിയാഴ്ചയാണു സംഭവം. സുനിൽ തന്തി (35) എന്നയാളാണു കൊല്ലപ്പെട്ടത്. ഇയാളുടെ കുത്തേറ്റ് ധലാജൻ ടീ എസ്റ്റേറ്റിലെ അഞ്ചുവയസ്സുള്ള കുട്ടി മരണപ്പെട്ടെന്നാണു നാട്ടുകാർ പറയുന്നത്.

സംഭവത്തിനു പിന്നാലെ പ്രകോപിതരായ നാട്ടുകാർ യുവാവിനെ ക്രൂരമായി മർദിക്കുകയായിരുന്നു. പിന്നീട് വയലിൽവച്ച് യുവാവിനെ കത്തിക്കുകയായിരുന്നു. പ്രദേശത്ത് സിആർപിഎഫിനെ വിന്യസിച്ച് സാഹചര്യം നിയന്ത്രണ വിധേയമാക്കി. മരിച്ച കുട്ടിയുടെയും യുവാവിന്റെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.

അഞ്ചുവയസുകാരിയായ പെൺകുട്ടിയെയാണ് പ്രദേശവാസിയായ സുനിൽ താന്തി കഴുത്തറുത്തുകൊലപ്പെടുത്തിയതെന്ന് നാട്ടുകാർ ആരോപിച്ചു. തുടർന്ന് പ്രതിഷേധിച്ചെത്തിയ നാട്ടുകാർ ഇയാളെ ജീവനോടെ കത്തിക്കുകയായിരുന്നു.

സംഭവം അറിഞ്ഞ് രോഷാകുലരായ നാട്ടുകാർ സംഘം ചേർന്നെത്തി സുനിലിനെ പിടികൂടി. ഇയാൾ ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ കിലോമീറ്ററോളം പിന്തുടർന്ന് പ്രതിയെ പിടികൂടിയ ശേഷം ജീവനോടെ തീവെച്ച് കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിശദമായ അന്വേഷണം നടത്തുമെന്ന് ദീബ്രുഗഡ് എസ് പി ശ്വേതാങ്ക് മിശ്ര പറഞ്ഞു.