റിയാദ്: അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് രക്ഷിതാക്കളോടൊപ്പം മക്ക, മദീന ഹറമുകളിൽ പ്രവേശിക്കാൻ അനുമതി. സൗദി ഹജ്ജ് ഉംറ മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിയും മന്ത്രാലയ വക്താവുമായ എൻജി. ഹിഷാം ബിൻ അബ്ദുൽ മുനീമാണ് ഇക്കാര്യം അറിയിച്ചത്.

എന്നാൽ ഉംറക്കും മദീനയിലെ റൗദയിലുള്ള നമസ്‌കാരത്തിനും ഈ പ്രായക്കാരായ കുട്ടികൾക്ക് അനുമതിയില്ല. മക്കയിലെ മസ്ജിദുൽ ഹറാം പള്ളിയിലും മദീനയിലെ മസ്ജിദുന്നബവി പള്ളിയിലും പ്രവേശിക്കുന്നതിന് മുൻകൂട്ടി അനുമതി ആവശ്യമില്ലെന്ന നിയമം പ്രാബല്യത്തിൽ വന്നതിന് ശേഷം പള്ളികളിൽ നമസ്‌ക്കാരത്തിനായി പ്രവേശിക്കുമ്പോൾ രക്ഷിതാക്കൾക്ക് തങ്ങളുടെ അഞ്ച് വയസിന് താഴെയുള്ള കുട്ടികളെയും കൂടെ കൂട്ടാം.

സൗദിക്കകത്തുള്ള സ്വദേശികൾക്കും വിദേശികൾക്കും ഇരുഹറം പള്ളികളിൽ പ്രവേശിക്കുന്നതിന് വാക്‌സിൻ കുത്തിവെപ്പ് എടുക്കൽ നിർബന്ധമില്ല. എന്നാൽ നിലവിൽ കോവിഡ് ബാധിതർക്കും കോവിഡ് ബാധിതരുമായി അടുത്ത് ഇടപഴകിയവർക്കും പ്രവേശനത്തിന് അനുമതി നൽകില്ല.