- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് ഇറച്ചിക്കോഴി വില കുതിച്ചുയരുന്നു; തൃശൂരിൽ കിലോയ്ക്ക് വില 165 രൂപ
തൃശൂർ: സംസ്ഥാനത്ത് ഇറച്ചിക്കോഴി വില കുതിച്ചുയരുന്നു. കിലോയ്ക്കു 100-110 രൂപയായിരുന്ന കോഴി വില ഇന്നലെ തൃശൂരിൽ 165 രൂപയിലെത്തി. കോഴിത്തീറ്റയുടെയും കോഴിക്കുഞ്ഞുങ്ങളുടെയും വിലയുയർന്നതാണു വില ഉയരാൻ കാരണമെന്നു ഫാം ഉടമകൾ പറഞ്ഞു. കോഴികൾക്കു നൽകുന്ന മരുന്നുകളുടെ വിലയും വർധിച്ചു. 12 രൂപയ്ക്കു ലഭിച്ചിരുന്ന കോഴിക്കുഞ്ഞുങ്ങളുടെ വില 45 രൂപയായി വർദ്ധിച്ചിരുന്നു. ഇതും പ്രതിസന്ധിക്ക് കാരണമായി.
എട്ടുമാസംമുമ്പ് ഒരുചാക്ക് കോഴിത്തീറ്റയ്ക്ക് 1400 രൂപയായിരുന്നു. ഇപ്പോൾ 2100 മുതൽ 2500 വരെയായി. ഒറ്റയടിക്ക് 600-1000 രൂപയുടെ വർധന. ആയിരം കോഴികളുള്ള ഫാമിലേക്ക് 72 ചാക്ക് തീറ്റ വേണം. കോഴിയൊന്നിനു 3.5 കിലോ തീറ്റവേണം. കോഴിക്കുഞ്ഞുങ്ങളെ വളർത്തി ഏജൻസികൾക്കു കൈമാറുമ്പോൾ വൻ നഷ്ടമുണ്ടാകുന്നെന്നു പൗൾട്രി ഉടമകൾ പറഞ്ഞു. 45 ദിവസം പ്രായമാകുന്നവയെയാണു സാധാരണ വിൽക്കാറുള്ളുവെങ്കിലും തീറ്റയുടെ വില ഉയർന്ന സാഹചര്യത്തിൽ പലരും 35-40 ദിവസത്തിന്നുള്ളിൽ വിറ്റഴിക്കുകയാണ്.
ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ചൂടു കൂടുമ്പോൾ ഇറച്ചിക്കോഴിക്കു വില കുറയാറുണ്ട്. ഇക്കുറി കോഴി ഉത്പാദനം കുറഞ്ഞതും വിലവർധിക്കാൻ കാരണമായി. തമിഴ്‌നാട്ടിൽനിന്നാണ് കോഴി ഇറക്കുമതി കൂടുതൽ. ഹോട്ടൽ, കാറ്ററിങ് മേഖലയെയും കോഴിയുടെ വിലവർധന പ്രതിസന്ധിയിലാക്കും. വരും ദിവസങ്ങളിലും വില വർധിക്കുമെന്നാണു കച്ചവടക്കാരുടെ കണക്കുകൂട്ടൽ. കോഴിക്കു വിലയുയർന്നാൽ വിഭവങ്ങൾക്കും വിലകൂട്ടാതെ തരമില്ലെന്നു ഹോട്ടലുടമകളും പറഞ്ഞു.