അടിമാലി: മാങ്കുളം പെരുമ്പൻകുത്ത് വെള്ളച്ചാട്ടം കാണാനെത്തിയ വിനോദസഞ്ചാരി കൊക്കയിൽ വീണു മരിച്ചു. കാലടി കാഞ്ഞൂർ പാറപ്പുറം സ്വദേശി വെളുത്തേപ്പുള്ളി ജോഷി(49)യാണ് മരിച്ചത്്. വെള്ളച്ചാട്ടത്തിനു മുകളിൽനിൽക്കുമ്പോൾ കാൽവഴുതി കൊക്കയിലേക്കു വീഴുകയായിരുന്നു. വെള്ളച്ചാട്ടം കാണുന്നതിനായി ജോഷി ഉൾപ്പെടെ ഒൻപതംഗ സംഘമായിരുന്നു മാങ്കുളത്തെത്തിയത്.

വെള്ളച്ചാട്ടത്തിന്റെ ഫോട്ടോ എടുക്കാൻ ജോഷി ശ്രമിക്കവേ കാൽ വഴുതി വീഴുകയായിരുന്നുവെന്ന് സഹയാത്രികനായ പാറപ്പുറം സ്വദേശി പി.കെ രാജു പറഞ്ഞു. വെള്ളച്ചാട്ടത്തിന്റെ താഴ്ഭാഗത്തേക്ക് പാറക്കെട്ടുകൾ നിറഞ്ഞ വലിയ കൊക്കയാണ്. ഈ ഭാഗത്തേക്കാണ് വെള്ളച്ചാട്ടത്തിനു മുകളിൽനിന്നും ജോഷി വീണത്. വീഴ്ചയുടെ ആഘാതത്തിൽ തലയ്ക്കുൾപ്പെടെ വലിയ മുറിവ് സംഭവിച്ചതായാണു വിവരം. ജോഷിയുടെ ഒരു കാലിന് സ്വാധീനക്കുറവുണ്ട്. കൂട്ടുകാരൻ വെള്ളത്തിൽ വീഴുന്നത് കണ്ട് സഹപ്രവർത്തകർ ചേർന്ന് രക്ഷപ്പെടുത്താൻ ശ്രമിച്ചങ്കിലും കഴിഞ്ഞില്ല.

വെള്ളച്ചാട്ടത്തിലെ കുത്തൊഴുക്കും ആഴവും ജോഷിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനു തടസമായി. ഉടനെ സമീപവാസികൾ ചേർന്ന് വെള്ളച്ചാട്ടത്തിന് അരികിലൂടെ കൊക്കയിലേക്ക് ഇറങ്ങുകയും ഏറെ ശ്രമകരമായി ജോഷിയെ മുകളിൽ എത്തിക്കുകയുമായിരുന്നു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ഇന്നു പോസ്റ്റ്മോർട്ടത്തിന് ശേഷം കാഞ്ഞൂർ പാറപ്പുറം സെന്റ് ജോസഫ് പള്ളിയിൽ സംസ്‌കരിക്കും. ഭാര്യ: ബീന (ഐസ്‌ക്രീം ഫാക്ടറി ജീവനക്കാരിയാണ്). മക്കൾ: അഭിനവ്, നവീൻ (വൈദിക വിദ്യാർത്ഥി, വയനാട്).

ഏതാനും ദിവസങ്ങൾക്ക് മുമ്പ് മാങ്കുളം ആനക്കുളം വല്യപാറക്കുട്ടിയിൽ വിനോദസഞ്ചാരത്തിനെത്തിയ പി.ജി. വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചിരുന്നു. ഇതിന്റെ ഞെട്ടലിൽനിന്നും മാങ്കുളത്തിന്റെ വിനോദ സഞ്ചാരമേഖല മുക്തമാകും മുമ്പെയാണു വീണ്ടും അപകടമുണ്ടായത്.