കൊൽക്കത്ത: പശ്ചിമ ബംഗാളിൽ രണ്ട് കൗൺസിലർമാർ വെടിയേറ്റ് മരിച്ചു. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് കൗൺസിലർമാരാണ് കൊല്ലപ്പെട്ടത്. നോർത്ത് 24 പർഗാനാസ് ജില്ലയിലെ പാനിഹാട്ടി മുനിസിപ്പാലിറ്റിയിലെ തൃണമൂൽ കൗൺസിലർ അനുപം ദത്തയും പുരുലിയ ജില്ലയിലെ ജൽദ മുനിസിപ്പാലിറ്റിയിലെ കോൺഗ്രസ് കൗൺസിലർ തപൻ കാണ്ടുവുമാണ് കൊല്ലപ്പെട്ടത്.

അഗർപാരയിലെ നോർത്ത് സ്റ്റേഷൻ റോഡിലെ പാർക്കിൽ നിൽക്കുന്നതിനിടെ അനുപം ദത്തയ്ക്ക് നേരെ മോട്ടോർ സൈക്കിളിൽ എത്തിയ അജ്ഞാതരായ യുവാക്കൾ വെടിയുതിർത്തത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അനുപം ദത്തയെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്ത് സംഘർഷാസ്ഥ നിലനിൽക്കുന്നതിനാൽ കൂടുതൽ പൊലീസിനെ വിന്യസിച്ചു.

ഞായറാഴ്ച വൈകുന്നേരം അഗർപാരയിലെ നോർത്ത് സ്റ്റേഷൻ റോഡിൽ സ്‌കൂട്ടറിന്റെ പിൻസീറ്റിലിരുന്ന് പരിചയക്കാരനോട് സംസാരിക്കുന്നതിനിടെയാണ് പിന്നിൽ നിന്നെത്തിയ കൊലയാളി പോയിന്റ് ബ്ലാങ്കിൽ വെടിയുതിർത്തത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ശംഭുനാഥ് പണ്ഡിറ്റ് എന്ന വാടക കൊലയാളിയെ അറസ്റ്റ് ചെയ്തതായി പൊലീസ് കമ്മിഷണർ മനോജ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.

നാല് തവണ കോൺഗ്രസ് കൗൺസിലറായ തപൻ കാണ്ടുവും അജ്ഞാതരുടെ വെടിയേറ്റാണ് കൊല്ലപ്പെട്ടത്. സായാഹ്ന സവാരിക്കിടെ കൗൺസിലർക്കു നേരെ മോട്ടോർ സൈക്കിളിലെത്തിയ മൂന്നംഗ സംഘം വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റുവീണ തപൻ കാണ്ടുവിനെ നാട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇതിനിടെ അക്രമികൾ രക്ഷപ്പെട്ടു. റാഞ്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് കൗൺസിലറെ പ്രവേശിപ്പിച്ചത്. അപ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നു.

കൊല്ലപ്പെട്ട ഇരുവരും ജനങ്ങളുടെ പ്രിയപ്പെട്ട നേതാക്കളായിരുന്നുവെന്ന് ഇരു പാർട്ടികളും പ്രതികരിച്ചു. നൈഹാത്തിയിലെ തൃണമൂൽ എംഎൽഎ പാർത്ഥ ഭൗമിക് പറഞ്ഞതിങ്ങനെ- 'അനുപം ദത്ത പ്രദേശത്തെ ജനപ്രിയ നേതാവായിരുന്നു. ഇത് മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണ്. പിന്നിൽ ബിജെപിയാണോ എന്ന് ഇപ്പോൾ പറയാനാവില്ല. പ്രദേശത്ത് ബിജെപിയെ അദ്ദേഹം തോൽപ്പിച്ചു എന്നത് സത്യമാണ്. ഇത് അവരെ രോഷാകുലരാക്കി.' തപൻ കാണ്ടുവിന്റേതും രാഷ്ട്രീയ കൊലയാണെന്ന് പുരുലിയയിലെ കോൺഗ്രസ് നേതാവ് നേപാൾ മഹാതോ പറഞ്ഞു.