കോഴിക്കോട്: കടം കയറിയ വീട് ജപ്തി ചെയ്യാനാണ് ഒരു വർഷം മുൻപ് എസ്‌ബിഐ കൊയിലാണ്ടി എസ്എംഇ ശാഖയിലെ ജീവനക്കാർ ആ വീട്ടിൽ ആദ്യം എത്തിയത്. എന്നാൽ ദാരിദ്രം പിടിച്ച്, ഉപയോഗിക്കാൻ ഒരു ശുചിമുറി പോലും ഇല്ലാത്ത ആ വീടു കണ്ട ബാങ്ക് അധികൃതർക്ക് ആ വീട് ജപ്തി ചെയ്യാൻ കഴിഞ്ഞില്ല. ജപ്തിക്കാര്യം അവരോട് പറഞ്ഞതുമില്ല. പകരം ഒറ്റ ചോദ്യമേ ബാങ്ക് മാനേജർക്ക് ആ അമ്മയോട് ചോദിക്കാനുണ്ടായിരുന്നുള്ളൂ. 'ശുചിമുറി പോലുമില്ലാത്ത ഈ വീട്ടിൽ അമ്മയെങ്ങനെയാണു പ്രാഥമികകർമങ്ങൾ നിർവഹിക്കുന്നത്?' തെല്ല് വിഷമത്തോടെ 'രാത്രിയാവാൻ ഞാൻ കാത്തുനിൽക്കും സാറേ' എന്നായിരുന്നു ആ അമ്മയുടെ മറുപടി.

ജപ്തി ചെയ്യാൻ പോയ ബാങ്ക് അധികൃതർ കടുത്ത മനോവിഷമത്തോടെയാണ് തിരികെ പോയത്. എസ്‌ബിഐ കൊയിലാണ്ടി എസ്എംഇ ശാഖയിലെത്തിയ അവർ ഇക്കഥ സഹപ്രവർത്തകരോടു പറഞ്ഞു. ഒരു വർഷത്തിനിപ്പുറം ആ അമ്മയ്ക്കും, പക്ഷാഘാതം വന്ന് ഒരു വശം തളർന്ന മകനും സ്വസ്ഥമായുറങ്ങാൻ ശുചിമുറിയും മേൽക്കൂരയുമുള്ള വീടും നിർമ്മിച്ചു നൽകിയിരിക്കുകയാണ് ഈ ബാങ്കിലെ ഒൻപതു ജീവനക്കാർ. ബാങ്കിലെ ജീവനക്കാർ സ്വന്തം കയ്യിൽ നിന്നു കാശെടുത്ത് പണിതു കൊടുത്തതാണ് ആ സ്‌നേഹവീട്.

പക്ഷാഘാതം വന്ന് ഒരു വശം തളർന്നു പോയ കാപ്പാട് നോർത്ത് വികാസ് നഗറിലെ പാണാലിൽ ശശിക്കും പ്രായമായ അമ്മയ്ക്കും മേലാണ് ബാങ്ക് ജീവനക്കാർ കാരുണ്യം ചൊരിഞ്ഞത്. ബാഗ് നിർമ്മാണ സംരംഭം തുടങ്ങാനാണ് ശശി 5 വർഷം മുൻപ് എസ്‌ബിഐയിൽ നിന്നും 50,000 രൂപ വായ്പയെടുത്തത്. എന്നാൽ പക്ഷാഘാതം വന്ന് ശശിയുടെ വലതുവശം തളർന്നുപോയതോടെ വായ്പയുടെ തിരിച്ചടവ് മുടങ്ങി. പ്രായമായ അമ്മയ്ക്കും എഴുന്നേറ്റ് നടക്കാൻ പോലും കഴിവില്ലാത്ത മകനും ദാരിദ്രം കൂട്ടായി.

ഒടുവിൽ ജീവിക്കാൻ ഒരു വഴിയുമില്ലാതായ ശശിക്ക് ചേമഞ്ചേരി പഞ്ചായത്തും അഭയം പാലിയേറ്റീവ് കെയറും ചേർന്ന് ഇട്ടുകൊടുത്ത ചെറിയ കട മാത്രമായിരുന്നു ആശ്രയം. നിത്യച്ചെലവിന് പോലും പണം തികയാത്ത അവസ്ഥയിൽ കഴിയുമ്പോഴാണ് 70,000 രൂപയോളം വായ്പ തിരിച്ചടവുള്ള ശശിയുടെ വീടുതേടി 2021 ഫെബ്രുവരിയിൽ എസ്‌ബിഐ കൊയിലാണ്ടി എസ്എംഇ ബ്രാഞ്ചിലെ ചീഫ് മാനേജർ എം.മുരഹരി എത്തിയത്. ശുചിമുറി പോലുമില്ലാത്ത ആ വീട് ജപ്തി ചെയ്യാൻ മാനേജർക്കും സഹപ്രവർത്തകർക്കും മനസ്സു വന്നില്ല.

2021 മാർച്ചിൽ ബാങ്ക് അദാലത്ത് സംഘടിപ്പിച്ചിരുന്നു. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം ജപ്തി ഒഴിവാക്കാനുള്ള അവസരമായിരുന്നു അത്. ശശിയുടെ കുടിശികയിൽ ഇളവുകൾക്കുശേഷമുള്ള 7000 രൂപ ജീവനക്കാർ കയ്യിൽ നിന്നെടുത്ത് അടച്ചുതീർത്തു. പിന്നീടു ബാങ്കിലെ ജീവനക്കാർ ചേർന്ന്, വീടു പുതുക്കി പണിയാൻ പണം കണ്ടെത്തി. വൈകുന്നേരം ജോലി കഴിഞ്ഞ ശേഷം ജീവനക്കാർ തന്നെയാണ് റോഡിൽനിന്ന് കല്ലും മണലും സിമന്റുമൊക്കെ ചുമന്ന് വീട്ടിലെത്തിച്ചത്. വീടിന്റെ മേൽക്കൂര മാറ്റി. അടുക്കള കോൺക്രീറ്റ് ചെയ്തു. ശുചിമുറിയുമുണ്ടാക്കി.