ബെംഗളൂരു: കൂട്ടുകാർക്കൊപ്പം കളിച്ചു നടക്കുകയും കാർട്ടൂൺ കാണുകയും ചെയ്യുന്ന പ്രായമാണ് ആരോണിന്റേത്. വെറും നാലര വയസ്സ് മാത്രം. എന്നാൽ അവന് പ്രിയം ഫുട്‌ബോളിനോടാണ്. കാണുന്നതാവട്ടെ ചാമ്പ്യൻസ് ലീഗ്, പ്രീമിയർ ലീഗ്, ബുണ്ടസ്ലിഗ മത്സരങ്ങൾ. ഇഷ്ടപ്പെട്ട ക്ലബ്ബുകൾ റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, ബയേൺ മ്യൂണിക് എന്നിവ. അന്താരാഷ്ട്ര ഫുട്ബൾ താരങ്ങളുടെ കട്ടഫാനാണ് ഈ കൊച്ചു മിടുക്കൻ.

ഇപ്പോഴിതാ 'ട്രിക്ക് ഷോട്ടു' ചെയ്ത് റയൽ മാഡ്രിഡിന്റെ സൂപ്പർതാരം സാക്ഷാൽ ടോണി ക്രൂസിന്റെ ഹൃദയം കീഴടക്കിയിരിക്കുകയാണ് ആരോൺ. ഇതോടെ ടോണി ക്രൂസിന്റെ അക്കാദമിയിൽ ഒരാഴ്ച പരിശീലനത്തിനുള്ള അവസരമാണ് ഈ 'ട്രിക്ക് ഷോട്ടി'ലൂടെ ആരോണിനെ തേടി എത്തിയത്. ഇതിനായി സ്‌പെയിനിലേക്ക് പറക്കാൻ ഉള്ള തയ്യാറെടുപ്പിലാണ് ഈ എൽകെജിക്കാരൻ. മേയിലായിരിക്കും പരിശീലനം.

ഒരുവയസ്സുള്ളപ്പോൾത്തന്നെ ഫുട്ബോളിനോട് താത്പര്യം കാട്ടിത്തുടങ്ങിയ ആരോൺ സ്‌പെയിനിലേക്ക് പോകാൻ തീയതി അറിയിക്കുന്നതും കാത്തിരിക്കുകയാണ്. ബെംഗളൂരുവിൽ താമസമാക്കിയ തൃശ്ശൂർ അഷ്ടമിച്ചിറ നെല്ലിശ്ശേരി വീട്ടിൽ റാഫേൽ തോമസിന്റെയും മഞ്ജുവിന്റെയും മകനാണ് ആരോൺ. ബെംഗളൂരു ആർ.ആർ. നഗറിലെ ഫ്‌ളാറ്റിലാണ് താമസം. ആരോണിന്റെ ഫ്‌ളാറ്റിൽ കളിപ്പാട്ടങ്ങൾക്കു പകരം ഗോൾപോസ്റ്റും കുറേ ഫുട്ബോളുകളും കാണാം ഇഷ്ടകളിക്കാരൻ ആരാണെന്ന് ചോദിച്ചപ്പോൾ ക്രിസ്റ്റ്യാനോ റൊണോൾഡോ, ടോണി ക്രൂസ്, സുനിൽ ഛേത്രി എന്നിവരുടെ പേരുകൾ പറഞ്ഞു.

ടോണി ക്രൂസിനെ ഇൻസ്റ്റഗ്രാമിൽ ഫോളോചെയ്യുന്നുണ്ടായിരുന്നു. അങ്ങനെയാണ് ജനുവരി ഒന്നുമുതൽ 31 വരെ ടോണി ക്രൂസിന്റെ അക്കാദമി 'കിക്ക് ഇൻ ടു 2022 ചലഞ്ച്' എന്ന പേരിൽ ആഗോളതലത്തിൽ മത്സരം നടത്തുന്നതായി അറിഞ്ഞത്. 'ട്രിക്ക് ഷോട്ട്' മത്സരമായിരുന്നു ഇത്. ഇതിലേക്ക് കഴിഞ്ഞ ക്രിസ്മസ് അവധിക്ക് നാട്ടിൽപ്പോയപ്പോൾ എടുത്ത, ഉരുണ്ടുനീങ്ങുന്ന ടയറിനകത്തേക്ക് കൃത്യതയോടെ പന്ത് കിക്കുചെയ്യുന്ന വീഡിയോ അയച്ചുകൊടുത്തു.

'ടോണി ക്രൂസ് അക്കാദമി ആപ്പ്' വഴി അയച്ച ഈ വീഡിയോ ഒന്നാംസ്ഥാനമാണ് ആരോണിന് നേടിക്കൊടുത്തത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അപേക്ഷകളിൽനിന്ന് ആരോൺ വിജയിയായ കാര്യം ടോണി ക്രൂസ് തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. ഇന്ത്യയിൽനിന്ന് ആദ്യമായാണ് ഒരു കുട്ടി ടോണി ക്രൂസിനൊപ്പം പരിശീലനത്തിന് പോകുന്നത്. ബനശങ്കരി ഹാപ്പി വാലി സ്‌കൂളിൽ എൽ.കെ.ജി. വിദ്യാർത്ഥിയായ ആരോൺ ബെംഗളൂരു ഫുട്ബോൾ ക്ലബ്ബിന്റെ സോക്കർ സ്‌കൂൾസിൽ പരിശീലനം നടത്തുന്നുണ്ട്.