തൃപ്പൂണിത്തുറ: ബസ് യാത്രക്ക്2 രൂപ കൺസഷൻ നിരക്ക് നൽകുന്നത് വിദ്യാർത്ഥികൾക്ക് തന്നെ നാണക്കേടാണെന്ന ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവന പ്രതിഷേധാർഹമാണന്ന്

ആൾ ഇന്ത്യാ ഡെമോക്രാറ്റിക് സ്റ്റുഡൻസ് ഓർഗനൈസേഷൻ (എ.ഐ.ഡി.എസ്.ഒ) സംസ്ഥാന പ്രസിഡന്റ് ഡോ. എസ് .അലീന അഭിപ്രായപ്പെട്ടു.

വിദ്യാർത്ഥികൾ നിരവധി പ്രക്ഷോഭങ്ങളിലൂടെ നേടിയെടുത്തതും സംരക്ഷിച്ചു പോരുന്നതുമായ കൺസഷൻ എന്ന അവകാശത്തെ അപഹസിക്കുന്ന മന്ത്രിയുടെ പ്രസ്താവന പിൻവലിച്ച് നിരുപാധികം മാപ്പു പറയണമെന്നും എസ് അലീന പറഞ്ഞു.

5 രൂപ നൽകിയിട്ട് ബാക്കി പണം ഒരു വിദ്യാർത്ഥിയും വാങ്ങാറില്ല എന്നാണ് മന്ത്രി പറഞ്ഞത്. എന്നാൽ പ്രൈവറ്റ് ബസ്സുകാർ 5 രൂപ കൊടുത്താൽ ബാക്കി നൽകാറില്ല എന്നതാണ് വാസ്തവം. നിലവിൽ വിദ്യാർത്ഥികളുടെ മിനിമം കൺസഷൻ നിരക്ക് കുറഞ്ഞത് 1 രൂപയും പരമാവധി 6 രൂപയുമാണ്. ബസുടമകളുടെ നിയമവിരുദ്ധമായ ചാർജ് ഈടാക്കലിന് അനുമതി കൊടുക്കുന്ന മന്ത്രിയുടെ പ്രസ്താവനയിലൂടെ യാത്രാ കൺസഷൻ വിദ്യാർത്ഥികളുടെ അവകാശമാണെന്ന ജനാധിപത്യ സങ്കൽപ്പത്തെ അവഹേളിച്ചിരിക്കുകയാണ്.

കോവിഡ് മഹാമാരിയും, പെട്രോൾ - ഡീസൽ വില വർദ്ധനവും മൂലം ബസ് ഉടമകൾക്ക് ഉണ്ടായിട്ടുള്ള നഷ്ടം വിദ്യാർത്ഥികളുടേയും, പൊതുജനങ്ങളുടേയും തലയിൽ കെട്ടി വെയ്ക്കാൻ ശ്രമിക്കുന്ന സർക്കാർ ജനങ്ങളുടെ സാമ്പത്തിക പ്രതിസന്ധി കണ്ടില്ലെന്നു നടിക്കുകയാണ്. വിദ്യാർത്ഥികളോട് ഏതെങ്കിലും തരത്തിൽ സർക്കാരിന് പ്രതിബദ്ധതയുണ്ടെങ്കിൽ യാത്രാ ചെലവ് സമ്പൂർണമായും ഏറ്റെടുത്ത് സൗജന്യമാക്കുകയാണ് ചെയ്യേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു.